ഗര്‍ഭിണിയായ പശുവിനെ കശാപ്പ് ചെയ്തവര്‍ വയറു പിളര്‍ന്ന് കിടാവിനെ തോട്ടില്‍ എറിഞ്ഞു
മനുഷത്വം മരവിച്ച ക്രൂരതയുടെ വാര്‍ത്തകളാണ് അനുദിനം പുറത്തുവരുന്നത്. അതിലേക്ക് മറ്റൊരെണ്ണം കൂടി. ആലപ്പുഴയിലെ പൂച്ചാക്കല്‍ പൂര്‍ണ ഗര്‍ഭിണിയായ പശുവിനെ കശാപ്പുചെയ്ത് ഇറച്ചിയാക്കി വിറ്റെന്നും കിടാവിനെ തോട്ടില്‍ തള്ളിയെന്നും ആരോപണം. ചേര്‍ത്തല പൂച്ചാക്കല്‍ ജങ്ഷനു സമീപത്തുള്ള അറവുശാലയിലാണു സംഭവം. വയറ്റിലുണ്ടായിരുന്ന കിടാവിനെ പൂച്ചാക്കല്‍ മാര്‍ക്കറ്റിനു സമീപമുള്ള പൊതുതോട്ടില്‍ തള്ളിയെന്നും പരാതിയുണ്ട്.
രണ്ട് ദിവസം മുമ്പ് തിരുവനന്തപുരത്തെ വെഞ്ഞാറമൂടിലും സമാന സംഭവം നടന്നിരുന്നു. അറവ് ശാലയില്‍ ഗര്‍ഭിണിയായ പശുവിനെ കൊന്ന ശേഷം പുറത്ത് തള്ളിയ ഭ്രൂണവുമായി ഒരു പട്ടി ബസ് സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. ഇത് പ്രതിഷേധങ്ങള്‍ക്ക് ഇടനല്കി. ഈ വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുമ്പോഴാണ് ചേര്‍ത്തലയിലും സമാന സംഭവം ഉണ്ടാകുന്നത്.
അറവുമാടുകളെ കൊല്ലുമ്പോഴുള്ള നിയമങ്ങള്‍ ലംഘിക്കപ്പെടുന്നതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം. രാവിലെ പൂച്ചാക്കല്‍ മാര്‍ക്കറ്റിലെത്തിയ വ്യാപാരികളാണ് തോട്ടില്‍ കിടന്ന അറവുമാലിന്യങ്ങള്ക്കൊപ്പം പശുക്കിടാവിന്റെ ശരീരഭാഗവും കണ്ടത്. ഒഴുക്കുകുറവായ തോട്ടില്‍ കല്‍ക്കെട്ടിനു സമീപം കരഭാഗത്തോടു ചേര്‍ന്നു കോഴിയുടെ അവശിഷ്ടങ്ങള്‍ക്കൊപ്പമാണ് പശുക്കിടാവിന്റെ ശരീരഭാഗങ്ങളും കിടന്നത്. തലയും കാലുകളും ശരീരഭാഗങ്ങളും മുറിച്ച് വേര്‍പെടുത്തിയിരുന്നു.
പുലര്‍ച്ചെയും അര്‍ധരാത്രിക്കു ശേഷവുമാണു അറവുശാലയില്‍നിന്നു മാലിന്യങ്ങള്‍ തള്ളുന്നതെന്നു വ്യാപാരികള്‍ പറഞ്ഞു. മാര്‍ക്കറ്റിലെത്തുന്നവരും വ്യാപാരികളും പ്രധാനമായും ഉപയോഗിച്ചിരുന്ന തോടിന്റെ കടവിലാണ് അറവുമാലിന്യങ്ങള്‍ തള്ളിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടു. ഗോവധ നിരോധനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുമ്പോഴാണ് ഇത്തരം വിവാദങ്ങള്‍ ഉയരുന്നതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha