എട്ടു മക്കളുടെ പെറ്റമ്മയ്ക്ക് തൊണ്ണൂറാം വയസില്‍ ആശ്രയം തെരുവ്
മനുഷത്വം മരവിക്കുന്ന വാര്‍ത്തകള്‍ അനുദിനം പുറത്തുവരുന്ന ഇക്കാലത്ത് അതിലേക്ക് മറ്റൊന്നു കൂടി. എട്ടു മക്കളുള്ള 90 വയസായ വയോധികമാതാവിനെ തെരുവിലേക്ക് ഇറക്കി വിട്ട മക്കള്‍ക്കെതിരെ മാതാപിതാക്കളെ സംരക്ഷിക്കാത്തതിനെതിരേയുള്ള വകുപ്പുപ്രകാരം മരട് പൊലീസ് കേസ് എടുത്തു. വയോധികയ്ക്ക് സഹായവുമായെത്തിയ പൊലീസ് അവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എട്ടുമക്കളുടെ മാതാവായ, ചമ്പക്കര ശില്പശാല റോഡില്‍ കാഞ്ഞാണിപ്പിള്ളി വീട്ടില്‍ പരേതനായ മത്തായിയുടെ ഭാര്യ മേരിയാണ് തൊണ്ണൂറാം വയസ്സില്‍ തെരുവിലായത്.
വികസനക്കാര്യങ്ങള് സര്‍വ്വത്ര സംസാരിക്കുന്ന ഇക്കാലത്ത് മാതാപിതാക്കള്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നത് കേരള സമൂഹത്തിനു തന്നെ അപമാനമാണ്.
മകള്‍ ഷേര്‍ളിയോടൊപ്പം സ്വന്തം വീട്ടിലാണ് മേരി താമസിച്ചിരുന്നത്. മറ്റു സഹോദരങ്ങള്‍ അമ്മയെ സംരക്ഷിക്കാത്തതില്‍ പ്രതിഷേധമെന്നോണം ഷേര്‍ളി അമ്മയെ വീടിനു വെളിയില്‍ ആക്കി. പൊരിവെയിലത്ത് റോഡില്‍ തള്ളിയശേഷം വീടുംപൂട്ടി സ്ഥലംവിട്ടു. നടുറോഡില്‍ തളര്‍ന്നു നിന്ന മേരിയുടെ ദയനീയ സ്ഥിതി നാട്ടുകാര്‍ കണ്ടു. ഇവര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നു മരട് ജനമൈത്രി പൊലീസ് സ്റ്റേഷനില്‍നിന്നും എസ്.ഐ. വിപിന്റെ നേതൃത്വത്തില്‍ പൊലീസെത്തി. കാര്യങ്ങള്‍ മനസ്സിലാക്കി. പൊരിവെയിലില്‍ ഇരുന്നതുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും മേരിക്കുണ്ടായിരുന്നു.
ഈ സാഹചര്യത്തില്‍ മേരിയെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാക്കുകയായിരുന്നു. 20 വര്‍ഷം മുമ്പാണ് മേരിയുടെ ഭര്‍ത്താവ് മരിച്ചത്. എട്ട് മക്കളില്‍ ഷേര്‍ളി, ജോസി എന്നിവരൊഴികെ മറ്റുള്ളവര്‍ ചെന്നൈയിലും വിദേശത്തുമാണ്. രണ്ടുദിവസം മുമ്പ് ഷേര്‍ളി അമ്മയെ ജോസിയുടെ വീട്ടില്‍ കൊണ്ടാക്കി. എന്നാല്‍ ജോസിയുടെ ഭാര്യ ഷൈനി, മേരിയെ ഇന്നലെ രാവിലെ തിരികെ കൊണ്ടുവിട്ടു. ഇതില്‍ കുപിതയായാണ് ഷേര്‍ളി അമ്മയെ നടുറോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha