വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച 65 കിലോ മയില്‍പ്പീലിയും 30 നക്ഷത്ര ആമകളെയും പിടികൂടി, രണ്ട് പേര് അറസ്റ്റില്‍
അനധികൃതമായി വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച 65 കിലോ മയില്‍പ്പീലിയും 30 നക്ഷത്ര ആമകളെയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ഇതുമായി ബന്ധപ്പെട്ടു രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്വയം സ്വാമിയെന്നു വിശേഷിപ്പിക്കുന്ന തൃശൂര്‍ സ്വദേശി രവീന്ദ്രനാഥ്, തമിഴ്നാട് സ്വദേശിയായ ശെല്‍വരാജ് എന്നിവരാണു പിടിയിലായത്. രാത്രി 12.05നു കൊച്ചിയില്‍ നിന്നു ക്വാലാലംപൂരിലേക്കു പോകുന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 119-ാം നമ്പര്‍ ഫ്ളൈറ്റിലെ യാത്രക്കാരനായി വന്ന രവീന്ദ്രനാഥാണ് 65 കിലോ മയില്‍പ്പീലി കടത്താന്‍ ശ്രമിച്ചത്.
ചെക്കിംഗ് ബാഗുകളിലാണ് ഇവ ഒളിപ്പിച്ചിരുന്നത്. വിപണിയില്‍ ഇവയ്ക്ക് ഏകദേശം 30 ലക്ഷം രൂപ വിലയുള്ളതായി കണക്കാക്കപ്പെടുന്നു. വനംവകുപ്പ് മൃഗസംരക്ഷണ അധികൃതര്‍ വന്നു മൂല്യനിര്‍ണയം നടത്തിയാല്‍ മാത്രമെ യഥാര്‍ഥ വില അറിയാനാവുകയുള്ളു. ഇയാള്‍ ഇതിനു മുമ്പും പലവട്ടം മയില്‍പ്പീലി കള്ളക്കടത്തു നടത്തിയതായി സൂചനയുണ്ട്.
കൊച്ചിയില്‍ നിന്നു രാത്രി 1.05 നു ക്വാലാലംപൂരിലേക്കു പോകുന്ന മലിന്ഡൊ എയറിന്റെ ഒഡി 236-ാം നമ്പര്‍ ഫ്ളൈറ്റിലാണു നക്ഷത്ര ആമകളെ കൊണ്ടുപോകാന്‍ ശ്രമിച്ചത്. മലേഷ്യയില്‍ ദൈവികത്വം സങ്കല്പിച്ചു പൂജിക്കുന്ന ജീവിയാണത്രെ നക്ഷത്ര ആമകള്‍. ഇതിന്റെ മൂല്യ നിര്‍ണയം നടത്താനാവില്ല. പ്രത്യേകതരം കടലാസില്‍ പൊതിഞ്ഞാണു പെട്ടികളിലാക്കി ബാഗിനുള്ളില്‍ ഒളിപ്പിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha