മിസ്റ്റര്‍ ഗേ വേള്‍ഡ് മത്സരം: മലയാളി യുവാവിന്റെ തിരോധാനം ഭീഷണിമൂലം
ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന മിസ്റ്റര്‍ ഗേ വേള്‍ഡ് (പുരുഷസ്വവര്ഗാനുരാഗി) മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കേണ്ടിയിരുന്ന മലയാളിയുവാവിന്റെ തിരോധാനത്തില്‍ ദുരൂഹത.ചങ്ങനാശേരി സ്വദേശിയും കൊച്ചിയില്‍ താമസക്കാരനുമായ താഹിര്‍ മുഹമ്മദ് സയ്യിദി(28)നെയുംകുടുംബത്തെയുമാണു കാണാതായത്. സ്വവര്‍ഗാനുരാഗത്തിന്റെ പേരില്‍ സമുദായത്തില്‍നിന്നുയര്‍ന്ന വിലക്കും ഭീഷണിയുമാണു മത്സരത്തില്‍നിന്നുള്ള പിന്മാറ്റത്തിനും തിരോധാനത്തിനും പിന്നിലെന്നു സുഹൃത്തുക്കള്‍ പറയുന്നു.
മത്സരത്തില്‍നിന്നു പിന്‍വാങ്ങുന്നതായി ദക്ഷിണാഫ്രിക്കയിലെ മിസ്റ്റര്‍ ഗേ വേള്‍ഡ് സംഘാടകരെ താഹിര്‍ അറിയിച്ചിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തെ കാണാതായത്. സ്വവര്‍ഗാനുരാഗികളുടെ സംഘടനയായ ക്യൂറിയിലെ സുഹൃത്തുക്കളാണു താഹിറിനു ഭീഷണിയുണ്ടായിരുന്നെന്നു വെളിപ്പെടുത്തിയത്. താഹിറുമായി പരിചയം മാത്രമേയുള്ളെന്നും തങ്ങള്‍ മറ്റു വിവരങ്ങളൊന്നും പരസ്പരം കൈമാറാറില്ലെന്നും സംഘടനയില്‍ അംഗമായ ജിജോ കുര്യാക്കോസ് മംഗളത്തോടു പറഞ്ഞു.
ഫാഷന്‍ ഷോകളുമായി ബന്ധപ്പെട്ടാണു താഹിര്‍ കൊച്ചില്‍ താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടും മിസ്റ്റര്‍ ഗേ വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള പോസ്റ്റും അപ്രത്യക്ഷമായി. മതവുമായി ബന്ധപ്പെട്ടു കുടുംബത്തിനു ബുദ്ധിമുട്ടുണ്ടാകുന്നതിനാല്‍ വിവാദങ്ങളിലേക്കു താഹിറിനെ വലിച്ചിഴയ്ക്കരുതെന്നു ജിജോ അഭ്യര്‍ഥിച്ചു. എല്‍.ജി.ബി.ടി. കൂട്ടായ്മയിലെ സുഹൃത്തുക്കളുമായും 2013ല്‍ വേള്‍ഡ് ഗേ മത്സരത്തില്‍ പങ്കെടുത്ത ഉത്തരേന്ത്യക്കാരന് നോളന് ലൂയിസുമായും താഹിര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ ശേഷിക്കേ പകരം മറ്റൊരാള്‍ക്ക് അവസരം നല്‍കാനാകില്ലെന്നാണു സംഘാടകരുടെ നിലപാടെന്നും അതില്‍ നിരാശയുണ്ടെന്നും നോളന് ലൂയിസ് പറഞ്ഞു. ഇത് ഏഴാംവര്ഷമാണു മത്സരം നടക്കുന്നത്.
2013, 14 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍നിന്നു പ്രതിനിധികളുണ്ടായിരുന്നു. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നില്നിന്നു ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ താഹിര്‍ നിരവധി ഫാഷന്‍ ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha