ബാര്‍ കോഴ: മന്ത്രി ബാബുവിനെതിരേ പ്രത്യേക അന്വേഷണമില്ല
എക്സൈസ് മന്ത്രി കെ. ബാബുവിനു 10 കോടി രൂപ കോഴ നല്‍കിയെന്ന ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉടന്‍ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ് തീരുമാനിച്ചു. ബാബുവിന് കോഴ നല്‍കിയെന്ന് ബിജു രമേശ് മജിസ്ട്രേറ്റിന് നല്കിയ മൊഴിയുടെ പകര്‍പ്പ് ബുധനാഴ്ച വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടിരുന്നു. ആരോപണത്തില്‍ ഉടനടി പ്രത്യേക അന്വേഷണം വേണ്ടെന്നാണ് വിജിലന്‍സ് തീരുമാനം. നിലവിലുള്ള അന്വേഷണത്തോടൊപ്പം ഇക്കാര്യവും പരിശോധിക്കാമെന്നാണ് വിജിലന്‍സ് നിലപാട്.
അതേസമയം ബിജു രമേശിന്റെ രഹസ്യമൊഴിയെക്കുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മൊഴിയില്‍ പുതിയ കാര്യങ്ങള്‍ എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിച്ച ശേഷം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്ന കാര്യം വിജിലന്‍സ് പരിഗണിക്കും.
ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനായുളള ഫീസ് വര്‍ധിപ്പിക്കുന്നത് ഒഴിവാക്കുന്നതിനായി ബാബുവിന് 10 കോടി രൂപ കോഴ നല്‍കിയെന്നായിരുന്നു ബിജു രമേശ് മജിസ്ട്രേറ്റിന് നല്കിയ മൊഴി. തിരുവനന്തപുരം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ബിജു രമേശ് മാര്‍ച്ച് 30 നു നല്കിയ രഹസ്യമൊഴിയിലാണ് ഇക്കാര്യം പറയുന്നത്.
ബാബു കോഴ ആവശ്യപ്പെട്ടതു പ്രീ ബജറ്റ് മീറ്റിംഗില്‍ ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടതിനു ശേഷമായിരുന്നുവെന്നാണ് ബിജുവിന്റെ ആരോപണം. 22 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി ഫീ ഉയര്‍ത്തുന്നത് ഒഴിവാക്കാനാണു കോഴ ആവശ്യപ്പെട്ടത്. ചര്‍ച്ചകള്‍ക്ക് ഒടുവില്‍ 23 ലക്ഷമായി ഫീ നിജപ്പെടുത്താമെന്ന ധാരണയിലാണു തുക പല സ്ഥലങ്ങളിലായി പിന്നീടു കൈമാറിയത്. ഇതിനു പുറമേ പുതിയ ബാര്‍ ലൈസന്‍സുകള്‍ക്ക് 25 ലക്ഷം രൂപ വീതം ബാബു ഏജന്റ് മുഖേന വാങ്ങിയതായും ബിജുവിന്റെ മൊഴിയില്‍ പറയുന്നുണ്ട്. എന്നാല്‍ പണം എവിടെ വെച്ച് നല്കി ആരും നല്കി എന്ന കാര്യം ബിജു കൃത്യമായി പറയുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha