വിദ്യാഭ്യാസ മന്ത്രിക്ക് മുസ്ലിംലീഗിന്റെ താക്കീത്; കൂടുതല്‍ ജാഗ്രത വേണമെന്നും ലീഗ് നേതൃത്വം
എസ് എസ് എല്‍സി റിസല്‍ട്ട് കുളമായതിന്റെ പേരില്‍ മന്ത്രിയും ഡിപിഐയും പരസ്പരം പഴി ചാരുമ്പോള്‍ മന്ത്രിക്കെതിരെ ലീഗ് നേതൃത്വം. കൂടുതല്‍ ജാഗ്രത വേണമെന്നും മന്ത്രിയോടു ലീഗ് നേതൃത്വം നിര്‍ദേശിച്ചു. മന്ത്രിയുടെ അലംഭാവം മൂലമാണ് റിസല്‍ട്ട് വിവാദത്തിലായതെന്ന പൊതുവിലയിരുത്തലിലാണ് ലീഗ് നേതൃത്വം. വിഷയം പരിശോധിച്ച പാര്‍ട്ടി നേതൃത്വം അബ്ദുറബ്ബിനെ താക്കീത് ചെയ്തു. ഭാവിയില്‍ ഇത്തരം തെറ്റ് ആവര്‍ത്തിക്കരുതെന്ന് മന്ത്രിക്കു നിര്‍ദ്ദേശം നല്‍കിയതായി ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. എസ്എസ്എല്‍സി പരീക്ഷാ ഫലത്തിലെ അപാകത പരിശോധിച്ചു നടപടിയെടുക്കണം.
അതേസമയം തെറ്റുതിരുത്തിയുള്ള എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പുന പ്രസിദ്ധീകരിക്കും. മൂല്യ നിര്‍ണയ ക്യാമ്പുകളില്‍ നിന്നുള്ള ഫലവും സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത ഫലവും ഒത്തുനോക്കി സൂക്ഷ്മ പരിശോധന നടത്തിക്കഴിഞ്ഞു. അതേസമയം ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ പിഴവുണ്ടാക്കിയവര്ക്കെതിരെയുള്ള നടപടികള്‍ക്കും തുടക്കമാകും. വിട്ടുപോയ മാര്‍ക്ക് അപ്ലോഡ് ചെയ്ത്, ഗ്രേസ് മാര്‍ക്ക് ചേര്‍ത്ത് ഗ്രേഡ് മാറ്റുന്ന ജോലിയും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
മന്ത്രിയും ഇതേ നിലപാടിലാണ്. സര്‍ക്കാരിനെ വലിയ വെട്ടിലാക്കിയ എസ്എസ്എല്‍സി ഫലത്തിലെ പിഴവുകള്‍ക്ക് കാരണക്കാരായവര്‍ക്കെതിരെ ഫലം പുനപ്രസിദ്ധീകരിച്ച ശേഷം നടപടി വരുമെന്ന സൂചനയുമുണ്ട് മന്ത്രിയുടെ വാക്കുകളില്‍. എന്നാല്‍ സോഫ്ട് വെയറിന്റെ പ്രശ്നം ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുക്കാത്ത പരീക്ഷ ഭവനിലെ ഉദ്യോഗസ്ഥരാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് അദ്ധ്യാപക സംഘടനകളുടെ നിലപാട്.
ഇനിയും തെറ്റുവരില്ലെന്ന് ഉറപ്പുവരുത്താന്‍ ഒരുവട്ടം കൂടി സൂക്ഷ്മ പരിശോധന നടത്തിയ ശേഷം ഫലം പുന പ്രസിദ്ധീകരിക്കനാണ് ഉദ്ദേശിക്കുന്നത്. ഇന്നലെ വൈകിട്ടോടെ പ്രസിദ്ധീകരിക്കുമെന്ന് കരുതിയെങ്കിലും പരാതികളിന്മേലുള്ള പരിഹാരം നീണ്ടതിനാല്‍ പുന പ്രസിദ്ധീകരിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അതിനിടെ പിഴവുകളെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തിയെങ്കിലും പിഴവ് വരുത്തിയവര്‍ക്കെതിരെ നടപടി ഉണ്ടായേക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടരുടെ കണ്ടെത്തല്‍ അനുസരിച്ച് മൂല്യ നിര്‍ണയ ക്യാമ്പുകളിലെ ചില അദ്ധ്യാപകര്‍ക്കും ക്യാമ്പുകളിലുണ്ടായിരുന്ന ഐടി അറ്റ് സ്കൂളിലെ അദ്ധ്യാപകരുമാണ് കുറ്റക്കാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha