ഇപ്പോഴും മന്ത്രി ജയിച്ചു... തോറ്റത് 1 ശതമാനം; പ്ലസ്ടു മുതലാളിമാര്‍ ഹാപ്പി; മുമ്പേ പറക്കാന്‍ നോക്കി ചിറകൊടിഞ്ഞ് നാണം കെട്ട മന്ത്രിയും ഹാപ്പി
സര്‍വകാല റെക്കോഡോടെ എസ്എസ്എല്‍സി ഫലം നേരത്തെ പ്രഖ്യാപിക്കാന്‍ ശ്രമിച്ച വിദ്യാഭ്യാസ മന്ത്രി അവസാനം ചിറകൊടിഞ്ഞ് വീണത് നമ്മള് കണ്ടതാണ്. നാണം കെട്ടിട്ടും മന്ത്രിയും മുസ്ലീം ലീഗും ഹാപ്പിയാണ്. കാരണം ഏതാണ്ട് മുഴുവന്‍ കുട്ടികളേയും ജയിപ്പിച്ച് പ്ലസ്ടു മുതലാളിമാര്‍ക്ക് ഇരയെ ഉണ്ടാക്കിക്കൊടുക്കാന്‍ മന്ത്രിക്കായി. കഴിഞ്ഞ വര്‍ഷങ്ങളില്‍ കുട്ടികളെ കിട്ടാതെ പല പ്ലസ് ടു സ്കൂളുകളും വിഷമിച്ചിരുന്നു. ഇതിന് പരിഹാരം കാണാന്‍ ഇവര്‍ മന്ത്രിയെ നേരിട്ട് കാണുകയും ചെയ്തു.
വന്‍ സാമ്പത്തികം മുടക്കിയും കോഴ നല്‍കിയും നേടിയെടുത്ത പ്ലസ്ടു സ്കൂളുകള്‍ നില നിര്‍ത്തേണ്ടത് മന്ത്രിയുടേയും മുസ്ലീം ലീഗിന്റേയും ആവശ്യമായിരുന്നു. മലബാര്‍ മേഖലയില്‍ നിരവധി പ്ലസ്ടു സ്കൂളുകള്‍ക്കാണ് ഈ സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇതില്‍ ഭൂരിഭാഗവും മുസ്ലീം ലീഗിന് വേണ്ടപ്പെട്ടവരുടേതാണ്. അതിനാലാണ് ഈ വിജയത്തില്‍ അവര്‍ ഹാപ്പിയാകുന്നത്.
എസ്.എസ്.എല്‍.സി ഫലത്തിലെ പിഴവുകള്‍ പരിഹരിച്ചതോടെ വിജയശതമാനത്തില്‍ 0.58 ശതമാനമാണ് വര്‍ധന ഉണ്ടായത്. വിജയശതമാനം 97.99 ല്‍നിന്ന് 98.57 ആയി ഉയര്‍ന്നു. 2700 പേര്‍കൂടി വിജയിച്ചു. 99.38 ശതമാനം വിജയം നേടിയ കോഴിക്കോട്, കോട്ടയം ജില്ലകളിലാണ് മുന്നില്‍. പാലക്കാട് ജില്ലയാണ് ഏറ്റവും പിന്നില്‍. എന്നാല്‍, പാലക്കാട്ടെ വിജയശതമാനം 96.41 ല്‍നിന്ന് 97.16 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
പരീക്ഷാഭവന്റെ വെബ് സൈറ്റിലാണ് പരിഷ്കരിച്ച ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. മന്ത്രി വീണ്ടും ഫലപ്രഖ്യാപനം നടത്തില്ലെന്ന് നേരത്തെതന്നെ വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കിയിരുന്നു. സാങ്കേതിക തകരാറുമൂലമാണ് പിഴവുകള്‍ ഉണ്ടായതെന്ന് ഡി.പി.ഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നടത്തിയശേഷം പിഴവുകള്‍ പരിഹരിച്ച് വീണ്ടും ഫലം പ്രസിദ്ധീകരിക്കേണ്ടി വരുന്നത്.
കുട്ടികളുടെ ഗ്രേസ് മാര്‍ക്ക് അടക്കമുള്ളവ ചേര്‍ക്കാതെ ഫലപ്രഖ്യാപനം നടത്തിയത് വ്യാപക പിഴവുകള്‍ക്ക് ഇടയാക്കിയിരുന്നു. സോഫ്റ്റ് വെയര്‍ തകരാര്‍ അടക്കമുള്ളവയും പരീക്ഷാഫലം അലങ്കോലമാക്കി. തുടര്‍ന്നാണ് പിഴവുകള്‍ പരിഹരിച്ച് വീണ്ടും ഫലപ്രഖ്യാപനം നടത്താനുള്ള അടിയന്തര ശ്രമങ്ങള്‍ പരീക്ഷാഭവനില്‍ നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha