കാക്കിയ്ക്ക് ഇനി വിട, നീലയ്ക്ക് സ്വാഗതം, കെഎസ്ആര്‍ടിസി കണ്ടക്ടറും ഡ്രൈവര്‍മാരും ഇനി നീലയില്‍
കെഎസ്ആര്‍ടിസി ജീവനക്കാരുടെയിടയില്‍ കാക്കി നിറം ഇനി കുറച്ച് നാള് കൂടി മാത്രം. യൂണിഫോമില്‍ പുതിയ പരിഷ്കാരവുമായാണ് കെഎസ്ആര്‍ടിസി എത്തിയിരിക്കുന്നത്. കടുംനീല പാന്റ്സും ആകാശനീല ഉടുപ്പും ധരിച്ചാകും ഇനി മുതല്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും ബസില്‍ കയറുക. മറ്റു ജീവനക്കാരുടെ യൂണിഫോമുകളിലും മാറ്റമുണ്ട്. സ്റ്റേഷന് മാസ്റ്റര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ചാര്ജ്മാന് എന്നിവര്‍ക്കു കറുപ്പ് പാന്റ്സും ക്രീം ഉടുപ്പുമാണു നിശ്ചയിച്ചിട്ടുള്ളത്. ഒരു പോക്കറ്റുള്ള ഉടുപ്പ് ഇന്‍സര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. യൂണിഫോമില്‍ കെഎസ്ആര്‍ടിസി മുദ്രയും ഉദ്യോഗപ്പേരുമുണ്ടാകും.
ഇന്‍സ്പെക്ടര്‍, ഹെഡ് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കു കറുപ്പ് പാന്റ്സും വെള്ള ഉടുപ്പുമാണ് വേഷം. ഇവരും ഒരു പോക്കറ്റുള്ള ഉടുപ്പ് ഇന്‍സര്‍ട്ട് ചെയ്യണം. പ്യൂണ്‍, സ്റ്റോര്‍ ഇഷ്യൂവര്‍ (പുരുഷന്) എന്നിവര്‍ക്കു കാപ്പിപ്പൊടി പാന്റ്സും ഉടുപ്പും. വനിതകള്‍ക്ക് ഇതേ നിറത്തിലുള്ള സാരിയും ബ്ലൗസും. തൂപ്പുകാര്‍ക്കു കടുംനീലയാണു യൂണിഫോം. സുരക്ഷാജീവനക്കാര്‍ക്കു മാത്രമാണു കാക്കി അനുവദിച്ചിട്ടുള്ളത്. പക്ഷേ ഉടുപ്പിലെ നാലു പോക്കറ്റുകളില്‍ മൂന്നെണ്ണവും ഒഴിവാക്കും. ഉടുപ്പിനു മുന്നില്‍ മുദ്രയും ഉദ്യോഗപ്പേരും ഇവര്‍ക്കുമുണ്ടാകും. മെക്കാനിക്കിനും പമ്പ് ഓപ്പറേറ്റര്‍ക്കും ഗാരിജ് മസ്ദൂറിനും കടുത്ത ചാരനിറത്തിലുള്ള വേഷമാവും. യൂണിഫോമുകളുടെ തുണി എല്ലാ യൂണിറ്റുകളിലും നോട്ടിസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. അഞ്ചിനു യൂണിഫോമിനുള്ള പണം നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha