മലയാറ്റൂരിലും ഭീകരർ ? സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് അതിഥി തൊഴിലാളികൾ ;എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പരിസ്ഥിതി സമിതി
എറണാകുളം ജില്ലയിലെ മലയാറ്റൂരില്‍ പാറമടയില്‍ ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചത് ഇന്ന് പുലർച്ചെ ആയിരുന്നു.. പാറമടയില്‍ ജോലി ചെയ്തിരുന്ന രണ്ട് അതിഥി തൊഴിലാളികളാണ് മരിച്ചത്. പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നാണ് പൊട്ടിത്തെറിച്ചത്.
സംഭവത്തിൽ സ്ഫോടനത്തിനു പിന്നിൽ ഭീകര ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. എൻഐഎ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംരക്ഷണ സമിതി രംഗത്തെത്തിയിരിക്കുകയാണ്. അനുമതിയില്ലാത്ത പ്രവർത്തിച്ചിരുന്ന പാറമടയോട് ചേർന്നുള്ള വീട്ടിൽ താമസിച്ചിരുന്ന രണ്ടു അതിഥി തൊഴിലാളികളാണ് മരിച്ചത്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായിട്ടുള്ള സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ സ്ഫോടനത്തിന്റെ ദുരൂഹത നീക്കണമെന്നാണ് ആവശ്യം.
മരിച്ചവർക്ക് ഭീകരവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണം. സ്ഫോടകവസ്തുക്കൾ ശേഖരിച്ചു വയ്ക്കാൻ അനുമതിയില്ലാത്ത പാറമടയിൽ ഇത്രയധികം സ്ഫോടക വസ്തുക്കൾ എങ്ങനെ എത്തി എന്നതും അന്വേഷിക്കണമെന്നും പരിസ്ഥിതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. തമിഴ്നാട് സേലം സ്വദേശി പെരിയണ്ണൻ, കർണാടക ചാമരാജ് നഗർ സ്വദേശി ഡി.നാഗ എന്നിവരാണ് മരിച്ചത്. പാറമടയിൽ ജോലിക്കെത്തി ക്വാറന്റീനിൽ കഴിയുന്നതിനിടെയായിരുന്നു സഫോടനം.
സ്ഫോടനമുണ്ടായ പാറമട പ്രവർത്തിക്കുന്നത് വനഭൂമിയിലാണെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. വനം വകുപ്പ് ഇതു പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. ഇല്ലിത്തോട് കൂട്ടുകൃഷി ഫാമിന് വനം വകുപ്പ് നൽകിയ ഭൂമിയിൽ ബാക്കി വന്ന ഭൂമി വനം വകുപ്പിന് തിരിച്ചു നൽകുകയായിരുന്നു. ആ ഭൂമി കയ്യേറിയാണ് രാഷ്ട്രീയ സ്വാധീനമുള്ള ചിലർ അനധികൃതമായി പാറ പൊട്ടിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ പറയുന്നു. ഇതു സംബന്ധിച്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കു പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പാറമടകൾ അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നു കണ്ടെത്തിയതെന്നും അദ്ദേഹം പറയുന്നു.
അല്‍ഖായിദ സംഘത്തിലെ കൂടുതല്‍ പേരെ പിടികൂടാനുണ്ടെന്ന് എന്‍.ഐ.എ വ്യക്തമാക്കിയിരുന്നു. കൊച്ചിയില്‍ നിന്നുള്‍പ്പടെ ഒമ്പത് ഭീകരരെയാണ് കഴിഞ്ഞദിവസം എന്‍.ഐ.എ. പിടികൂടിയത്. കൊച്ചിയില്‍ നിന്ന് പിടികൂടിയ മൂന്നുപേരെ കസ്റ്റഡിയില്‍ വാങ്ങാന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കൂടുതല്‍ പേരെ പിടികൂടാനുണ്ടെന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സംഘത്തിലെ പത്തിലേറെ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത്. ബംഗാള്‍ ഭാഷ സംസാരിക്കുന്നവരാണ് സംഘാംഗങ്ങള്‍. ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ധനസമാഹരണത്തിനുമായി രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ വലിയ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നു. സംഘത്തില്‍ ഇനിയും തിരിച്ചറിയാത്ത ചിലരുണ്ടെന്നും എന്‍.ഐ.എ. വ്യക്തമാക്കുന്നു.
രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളില്‍ പാകിസ്താന്‍ സ്‌പോണ്‍സേര്‍ഡ് അല്‍ഖായിദ സ്‌ഫോടന പരമ്പരയ്ക്ക് ലക്ഷ്യമിടുന്നെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 11ന് എന്‍.ഐ.എ. കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലും ബംഗാളിലും പതിനൊന്നിടങ്ങളില്‍ ഒരേസമയം റെയ്ഡ് നടത്തിയത്. കേസിലെ ഒന്നാംപ്രതി മുര്‍ഷിദ് ഹസന്‍, രണ്ടാംപ്രതി മൊസറഫ് ഹൊസൈന്‍, ആറാംപ്രതി യാക്കൂബ് ബിശ്വാസ് എന്നിവരെ കൊച്ചിയില്‍ നടത്തിയ റെയ്ഡില്‍ പിടികൂടി. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് സംഘത്തിലെ മറ്റ് ആറുപേരും പിടിയിലായി.
കൊച്ചിയില്‍ പിടിയിലായ മൂന്നുപേരില്‍ രണ്ടു പ്രതികളെ ഞായറാഴ്ച ഉച്ചയ്ക്കുള്ള വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെ 11 വരെയാണ് എന്‍.ഐ.എ.ക്ക് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ഡല്‍ഹി പാട്യാല ഹൗസ് കോടതിയിലാകും ഇവരെ ഹാജരാക്കുക. അൽഖായിദ ബന്ധത്തിന്റെ പേരിൽ കേരളത്തിൽ കൂടുതൽ അറസ്റ്റിനു സാധ്യത കാണുകയാണ്. ഭോപാൽ, മുംബൈ എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ചിലർ എൻഐഎയുടെ വലയിലായിട്ടുണ്ടെന്നും ഇതിൽ മലയാളികളുമുണ്ടെന്നുമാണു വിവരം. എൻഐഎ സംഘം രണ്ടാഴ്ച മുൻപു കേരളത്തിൽ പലയിടത്തും തങ്ങിയിരുന്നു എന്നാണ് വിവരം.
https://www.facebook.com/Malayalivartha