സുനിതയുടെ മരണം കൊലപാതകം; കാമുകന് കുറ്റം സമ്മതിച്ചു
സുനിത (28)യുടെ മരണത്തില്‍ കാമുകന് കുറ്റം സമ്മതിച്ചു സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത രാജേഷ് (31) കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇയാളെ ഹരിപ്പാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കാര്‍ത്തികപ്പള്ളി വെട്ടുവേനി മതിലപ്പള്ളി തെക്കേതില്‍ പ്രമോദിന്റെ ഭാര്യ സുനിതയുടെ മൃതദേഹം കഴിഞ്ഞ 19നു പുലര്‍ച്ചെ ആറിനായിരുന്നു അയല്‍ക്കാരനായ ബഥന്യേല് ജെ. ഏബ്രഹാമിന്റെ സിറ്റൗട്ടില്‍ കാണപ്പെട്ടത്. സംഭവത്തേത്തുടര്‍ന്നു കാമുകനെ കൂടാതെ സുനിതയുടെ ഭര്‍ത്താവ് പ്രമോദിനെയും മറ്റു രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ കാമുകന് രാജേഷ് ഒഴികെയുള്ളവരെ പിന്നീട് വിട്ടയച്ചു. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.
ഭര്‍ത്താവുമായി അകന്നു കഴിയുന്ന സുനിത, രാജേഷുമായി പ്രണയത്തിലായിരുന്നു. പല ദിവസങ്ങളിലും രാത്രി രാജേഷിന്റെ വീട്ടിലാണ് സുനിത കഴിഞ്ഞിരുന്നത്. സുനിത കൊല്ലപ്പെടുന്നതിനു തലേദിവസം ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാനിരുന്നതാണ്. എന്നാല്‍ അന്ന് വളരെ വൈകിയാണ് രാജേഷ് വീട്ടിലെത്തിയത്. ഇതില്‍ ക്ഷുഭിതയായ സുനിതയുമായി രാജേഷ് വാക്കേറ്റമുണ്ടാകുകയും സുനിതയെ ഇയാള്‍ പിടിച്ചുതള്ളുകയും ചെയ്തു. തലയടിച്ചുവീണ സുനിത ബോധരഹിതയാകുകയും പിന്നീട് രാജേഷ് സുനിതയെ മര്‍ദിക്കുകയും ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കഴുത്തു വരിഞ്ഞുമുറുക്കുകയും ചെയ്തു. അതിനുശേഷം പിടിയിലാകുമെന്നു ഭയന്ന് മൃതദേഹം തോളിലേറ്റി സുനിതയുടെ ഭര്‍ത്താവ് പ്രമോദിന്റെ വീട്ടില്‍ കൊണ്ടിടാന്‍ ശ്രമിച്ചു. എന്നാല്‍ ഏബ്രഹാമിന്റെ വീടിനടുത്തെത്തിയപ്പോള്‍ മൃതദേഹം തോളില്‍ നിന്നു താഴെവീണു. അവിടെ നിന്നു മൃതദേഹം വലിച്ചിഴച്ച് ഏബ്രഹാമിന്റെ സിറ്റൗട്ടില്‍ കൊണ്ടിട്ടശേഷം വീട്ടില്പ്പോയിക്കിടന്നുറങ്ങി. രാജേഷുമായുള്ള ബന്ധത്തെ തുടര്‍ന്ന് ഭര്‍ത്താവ് പ്രമോദ് സുനിതയുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha