സല്യൂട്ടടിക്കാന്‍ വിധിക്കപ്പെട്ട സാദാ പോലീസുകാര്‍ മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യുമോ? ടെനി ജോപ്പന്‍ അറസ്റ്റില്‍, 40 ലക്ഷം നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച്, മുഖ്യമന്ത്രിയെ കാണാന്‍ സമ്മതിക്കാതെ എല്ലാം മുഖ്യമന്ത്രിയുടെ അഭിപ്രായമാ!
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്‌റ്റാഫ് അംഗം ടിനി ജോപ്പന്‍ അറസ്‌റ്റില്‍ . പാലക്കാട് കിന്‍ഫ്ര സോളാര്‍ തട്ടിപ്പ് കേസിലാണ് അറസ്‌റ്റ്. ചെങ്ങന്നൂര്‍ ഡിവൈഎസ്‌പി ഓഫീസില്‍ ചോദ്യം ചെയ്‌തതിന് ശേഷമായിരുന്നു അറസ്‌റ്റ്. വഞ്ചനാ കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കോന്നി സ്വദേശി ശ്രീധരന്‍നായര്‍ എന്നയാളുടെ 40 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ കോന്നി പോലീസാണ് കേസെടുത്തത്. സോളാര്‍ പാനല്‍ വെയ്‌ക്കാന്‍ ജോപ്പന്‍ പ്രേരിപ്പിച്ചെന്നായിരുന്നു പരാതി. സോളാര്‍ കരാറിന്റെ വിശ്വാസ്യത ഉറപ്പിക്കാന്‍ സരിത എസ് നായര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശ്രീധരന്‍ നായരെ വിളിച്ചു വരുത്തുകയുമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയതോടെ മുഖ്യമന്ത്രി തിരക്കിലാണ് എന്ന് പറഞ്ഞു കൊണ്ട് ടെനി ജോപ്പനെ കാണിച്ചു. ജോപ്പനാകട്ടെ നേരത്തെ പ്ലാന്‍ ചെയ്‌തതനുസരിച്ച്, ഇക്കാര്യമെല്ലാം മുഖ്യമന്ത്രി സമ്മതിച്ചതാണെന്നും ഇതെല്ലാം മുഖ്യമന്ത്രിയുടെ അഭിപ്രായമാണെന്നും ഉറപ്പിച്ചു പറയുകയായിരുന്നു. പറയുന്നത് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പിഎ. ഇതിനപ്പുറം വേറെന്തുവേണം. അങ്ങനെ ശ്രീധരന്‍ നായര്‍ സോളാര്‍ കരാര്‍ സരിതയുമായി ഉറപ്പിച്ചു. 40 ലക്ഷം മറ്റൊന്നും ചിന്തിക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചുതന്നെ നല്‍കുകയും ചെയ്‌തു.
പാലക്കാട് കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കിലെ യൂണിറ്റില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് ഒന്നരക്കോടി രൂപയാണ് സരിതയും ബിജു രാധാകൃഷ്ണനും ആവശ്യപ്പെട്ടത്. ഇതിന്റെ ആദ്യ ഗഡുവായി 40 ലക്ഷം രൂപ നല്‍കിയെന്ന് ശ്രീധരന്‍നായര്‍ പരാതിയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ടെനി ജോപ്പന്റെ മുറിയില്‍ വെച്ചാണ് ഈ കരാര്‍ ഉറപ്പിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. വഞ്ചനാക്കുറ്റമാണ് ജോപ്പനെതിരെ ചുമത്തിയിരിക്കുന്നത്. വ്യക്‌തമായ തെളിവോടെയാണ് അറസ്‌റ്റെന്ന് എഡിജിപി ഹേമചന്ദ്രന്‍ വ്യക്‌തമാക്കി. ചെങ്ങന്നൂരിലുള്ള ഓഫീസില്‍ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്‌ത ശേഷമാണ് അറസ്‌റ്റ് ചെയ്‌തത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു ഇടപാട്. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്‌തു. ശ്രീധരന്‍ നായരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ജോപ്പനും സരിതയും ഇടപാട് ഉറപ്പിച്ചത്. സോളാര്‍ തട്ടിപ്പിലെ മുഖ്യകണ്ണിയായ സരിത.എസ് നായരും ടെനി ജോപ്പനും തമ്മില്‍ നടന്ന എഴുപതോളം ഫോണ്‍കോളുകളുടെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു.
ടെനി ജോപ്പനെ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കി. രാവിലെ ഒന്‍പത് മണിയോടെ പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുഹമ്മദ് ഹനീഫിന്റെ വസതിയില്‍ ഹാജരാക്കുകയായിരുന്നു. ജോപ്പനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പത്തനംതിട്ട സബ് ജയിലിലേക്ക് അയക്കാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കി നടന്ന ഈ വന്‍ ഗൂഡാലോചനയിലെ ഇടപാടുകള്‍ നിരവധിയാണ്. ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാര്‍ സരിതയുടേയും ബിജുവിന്റേയും ക്രിമിനല്‍ പശ്ചാത്തലത്തെപ്പറ്റി വ്യക്തമായ വിവരം ജോപ്പനു നല്‍കിയിരുന്നു. എന്നാല്‍ അവയൊക്കെ ജോപ്പന്‍ അവഗണിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അഭിപ്രായമായാണ് ജോപ്പന്‍ പലതും പറഞ്ഞിരുന്നത്. പക്ഷേ ഇതൊക്കെ മുഖ്യമന്ത്രിയുടെ വാക്കുകളാണോ എന്നറിയാന്‍ മുഖ്യമന്ത്രിയെ തീര്‍ച്ചയായും ചോദ്യം ചെയ്യണം. പക്ഷേ സല്യൂട്ടടിക്കാന്‍ വിധിക്കപ്പെട്ട സാധാ പോലീസുകാര്‍ എന്തോന്ന് ചോദ്യം ചെയ്യാന്‍.
https://www.facebook.com/Malayalivartha