ഉപാധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നെങ്കിലോ? പിജെ കുര്യനെ പ്രതിചേര്‍ക്കാനാവില്ല, ഒരേകേസില്‍ ഒരാള്‍ക്കെതിരെ ഒന്നിലേറെ തവണ വിചാരണ നടത്താനുമാവില്ലെന്ന് കോടതി
ഏറെ കോളിളക്കമുണ്ടായ സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന് അനുകൂലമായി കോടതിവിധി. സൂര്യനെല്ലി കേസില്‍ പി.ജെ. കുര്യനെ പ്രതിയാക്കാനാവില്ലെന്ന് തൊടുപുഴ സെഷന്‍സ് കോടതി വിധിച്ചു. ഒരിടവേളയ്‌ക്കു ശേഷം വീണ്ടും സൂര്യനെല്ലി കേസ് ഉയര്‍ന്നു വന്നപ്പോള്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട നേതാവാണ് പിജെ കുര്യന്‍. ഇതിനിടയ്‌ക്ക് കുര്യന്റെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം പോലും നഷ്‌ടപ്പെടുമെന്നു തോന്നിച്ചിരുന്നു. എന്നാല്‍ സോണിയാഗാന്ധിയുടെ പിന്തുണ കൊണ്ടാണ് കുര്യന്‍ രാജി വയ്‌ക്കാതിരുന്നത്.
കേസിലെ പ്രതിയായ ധര്‍മരാജന്‍ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കുര്യനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിന് ഇരയായ പെണ്‍കുട്ടി നല്‍കിയ റിവ്യൂഹര്‍ജി കോടതി തള്ളി. ഇതേ കേസു തന്നെ നേരത്തെ കോടതിയുടെ പരിഗണനയ്ക്ക് വന്നതാണെന്നും ഒരേ കേസില്‍ ഒരാള്‍ക്കെതിരെ ഒന്നിലേറെ തവണ വിചാരണ നടത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു. സുപ്രീം കോടതി വരെ കൈകാര്യം ചെയ്ത കേസാണിത്.
ഇപ്പോള്‍ കുര്യനെതിരായ ഹര്‍ജിയില്‍ പുതിയ തെളിവുകളൊന്നുംതന്നെയില്ല. മുഖവിലയ്‌ക്കെടുക്കാന്‍ കഴിയാത്ത ധര്‍മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കുര്യനെ പ്രതി ചേര്‍ക്കാനാവില്ല. ധര്‍മരാജന്‍ തന്റെ മൊഴി മാറ്റിപ്പറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കേസിലേയ്ക്ക് ഇപ്പോള്‍ കുര്യന്റെ പേര് വലിച്ചിഴയ്ക്കുന്നത് ദുരുദ്ദേശപരമാണ്. ധര്‍മരാജന്റെ വെളിപ്പെടുത്തല്‍ മുഖവിലയ്‌ക്കെടുക്കാനാവില്ലെന്ന് ജഡ്ജി എബ്രഹാം മാത്യു പറഞ്ഞു. കുര്യനെതിരെ പുതിയ എഫ്.ഐ.ആര്‍ . തയ്യാറാക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യവും കോടതി തള്ളി.
ജില്ലാ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ എം.ആര്‍ . രാജേന്ദ്രകുമാര്‍ പറഞ്ഞു. സമ്മര്‍ദത്തിന് വഴങ്ങിയാണ് ധര്‍മരാജന്‍ മൊഴി മാറ്റിയതെന്നും അഭിഭാഷകന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha