എന്‍എസ്‌എസിനെ പാട്ടിലാക്കാന്‍ ചെന്നിത്തലയുടെ പടയൊരുക്കം, സരിതയില്‍ കുടുങ്ങി കാര്യങ്ങള്‍ വഷളാവുമ്പോള്‍ ചെന്നിത്തലയ്‌ക്ക് മുഖ്യമന്ത്രിയാവാന്‍ സുകുമാരന്‍ നായരുടെ പിന്തുണ കൂടിയേ കഴിയൂ
രമേശ് ചെന്നിത്തലയ്‌ക്ക് സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യ. തന്നെ ഉപമുഖ്യമന്ത്രിയോ എന്തിന് ഒരു സാധാ ആഭ്യന്തര മന്ത്രി പോലും ആക്കാതെ ഇറക്കിവിട്ടപ്പോള്‍ ചെന്നിത്തല ഒന്നേ മന്ത്രിച്ചുള്ളൂ. എട്ടുവര്‍ഷത്തെ അനുഭവ പാഠം. എട്ടുവര്‍ഷത്തെ പോയിട്ടു ഒരു വര്‍ഷത്തെ പോലും അനുഭവം ചെന്നിത്തലയ്‌ക്ക് പറയേണ്ടി വന്നില്ല. പാവം ചെന്നിത്തലയുടെ വിഷമം നേരിട്ടു കണ്ട ദൈവം സരിതുടെ രൂപത്തില്‍ അവതരിച്ചു. വളരെ പെട്ടെന്ന് കാര്യങ്ങളെല്ലാം സരിതയുടെ രൂപത്തില്‍ തിരിഞ്ഞു മറിഞ്ഞു. സാക്ഷാല്‍ മുഖ്യമന്ത്രി പദം തന്നെ മുന്നിലുള്ളപ്പോള്‍ എന്തിനൊരു ഒരു സാധാ മന്ത്രി.
മുഖ്യമന്ത്രിയുടെ മുന്‍ പിഎ ആയ ടെനി ജോപ്പന്‍ അറസ്റ്റിലായതോടെ കാര്യങ്ങള്‍ വളരെ ഗുരുതരമായി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചുതന്നെയാണ് തട്ടിപ്പിനുള്ള മിനുക്കുപണികള്‍ നടന്നതെന്ന വസ്‌തുതയും ഇതോടെ പുറത്തു വന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതുവരെ നടത്തിയ പ്രചരണങ്ങളെല്ലാം പൊളിയുന്നതായിരുന്നു ഈ വെളിപ്പെടല്‍. ടെനി ജോപ്പനെ തെളിവെടുപ്പിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുവരികയോ, എന്തിന് മുഖ്യമന്ത്രിയെപ്പോലുമോ ചോദ്യം ചെയ്യേണ്ടിയോ വരും. അപ്പോള്‍ സ്വാഭാവികമായും ഉമ്മന്‍ ചാണ്ടിയുടെ നില പരുങ്ങലിലാവുകയും ചെയ്യും.
ഈ ഒരു ബാഹ്യ പശ്ചാത്തലത്തിലാണ് ചെന്നിത്തല കോഴിക്കോട്ടേക്ക് വണ്ടികയറിയത്. മുഖ്യമന്ത്രി പദത്തിലേക്ക് ചെന്നിത്തലയ്‌ക്ക് എത്തണമെങ്കില്‍ തന്റെ തലതൊട്ടപ്പനായ എന്‍എന്‍എസിന്റെ ശക്തമായ പിന്തുണ കൂടിയേ കഴിയൂ. മന്ത്രിസ്ഥാനത്തെ ചൊല്ലി ഇടയ്‌ക്ക് സുകുമാരന്‍ നായരുമായി മുഷിഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ മനസില്‍ നല്ലപിള്ളയായേ പറ്റൂ. ഒപ്പം തന്റെ മുഖ്യമന്ത്രി പദത്തിന് ഏറെ വിലങ്ങുതടിയിട്ട മുസ്ലീം ലീഗിനെ ഒന്ന് ഒതുക്കിയില്ലെങ്കില്‍ ശരിയാവില്ല. മുസ്ലീം ലീഗിന്റെ എല്ലാകാര്യത്തിനും മുന്നില്‍ നിന്നും നടത്തി കൊടുത്ത തന്നെയാണ് അവര്‍ തള്ളി പറഞ്ഞത്. നാളെ മുഖ്യമന്ത്രിയ്‌ക്കായുള്ള അവസരം വരുമ്പോഴും അവര്‍ വീണ്ടും രംഗത്തു വരാം. അതു കൊണ്ട് ഇപ്പഴേ ഒരു ടെസ്റ്റ് ഡോസ് കൊടുത്തില്ലങ്കില്‍ ശരിയാവില്ല. മാത്രമല്ല ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം സീറ്റിനു വേണ്ടിയുള്ള വാദവും കൂടി ഇതോടെ അവസാനിപ്പിക്കണം. മുസ്ലീം ലീഗിനെ പണ്ടേ കണ്ടുകൂടാത്ത ആര്യാടന്‍ മുഹമ്മദിനേയും, കെ. മുരളീധരനേയും ഒപ്പം കൂട്ടി.
അങ്ങനെ ചെന്നിത്തല ചരിത്രപരമായ ആ പ്രസംഗം നടത്തി. കോണ്‍ഗ്രസിന് ബാധ്യതയാണ് മുസ്ലീം ലീഗെന്ന് ചെന്നിത്തല തുറന്നടിച്ചു. അതേസമയം സമുദായ ആചാര്യനായ മന്നത്തു പദ്‌മനാഭനെ കേട്ടുകേള്‍വിയില്ലാത്ത പ്രസ്‌താവനയുടെ പേരില്‍ പുകഴ്‌ത്താനും ചെന്നിത്തല മറന്നില്ല. ഇത്തരത്തിലുള്ള പുകഴ്‌ത്തലിലൂടെയെങ്കിലും സുകുമാരന്‍ നായരുടെ മനസിലുള്ള കറ കഴുകിക്കളഞ്ഞ് മുഖ്യമന്ത്രിയിലേക്കുള്ള പാത നേരെയാക്കാനുള്ള ശ്രമത്തിലാണ് ചെന്നിത്തല.
https://www.facebook.com/Malayalivartha