മാലിന്യ സംസ്‌കരണം വീട്ടില്‍ തന്നെ, സോളാറിനോളം കിടപിടിക്കുന്ന മറ്റൊരു തട്ടിപ്പു സംഘം കേരളത്തില്‍, മാലിന്യം ബയോഗ്യാസാകാതെ ചീഞ്ഞു നാറിയപ്പോള്‍ നഷ്‌ടപ്പെട്ടത് കോടികള്‍
കേരളം മാലിന്യത്തിന്റെ വന്‍ കൂമ്പാരമായപ്പോഴാണ് മറ്റു പോം വഴികളെ കുറിച്ച് സര്‍ക്കാരും സ്വകാര്യ സ്ഥാപനങ്ങളും ആലോചിക്കാന്‍ തുടങ്ങിയത്. അങ്ങനെയാണ് മാലിന്യം വീട്ടില്‍തന്നെ സംസ്‌കരിക്കാന്‍ പറ്റുന്ന ബയോഗ്യാസ് പ്ലാന്റുകളെ കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയത്. അധികം സാങ്കേതിക വിദ്യകളൊന്നുമില്ലാതെ മാലിന്യത്തില്‍ നിന്നും പാചക ഗ്യാസ് ഉത്‌പാദിപ്പിക്കാന്‍ കഴിഞ്ഞതോടെ അതിന് ആവശ്യക്കാരും കൂടി. അങ്ങനെയാണ് സര്‍ക്കാരിന്റെ അംഗീകാരത്തോടും അല്ലാതെയും കേരളത്തില്‍ ബയോഗ്യാസ് സ്ഥാപനങ്ങള്‍ പൊങ്ങി വന്നത്. ഇപ്പോള്‍ ബയോഗ്യാസ് പ്ലാന്റിന്റെ മറവിലും കോടികള്‍ തട്ടിപ്പു നടക്കുത്തുന്നുണ്ടെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. സൗത്ത് കളമശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ ബിസിനസ് ഗ്രൂപ്പ് എന്ന സ്‌ഥാപനത്തിനെതിരെയാണു പരാതി. സ്‌ഥാപനം നല്‍കിയ പ്‌ളാന്റ് പ്രവര്‍ത്തിക്കാതായതോടെയാണു പരാതിയുയര്‍ന്നത്. നൂറുകണക്കിനാളുകളില്‍നിന്ന് കോടികള്‍ സ്‌ഥാപനം തട്ടിയെടുത്തതായാണ് വിവരം.
സര്‍ക്കാര്‍ സബ്‌സിഡിയോടെ കുറഞ്ഞ നിരക്കില്‍ ഗുണമേന്മകൂടിയ ബയോഗ്യാസ് പ്ലാന്റ് സ്‌ഥാപിച്ചു നല്‍കുമെന്നായിരുന്നു വാഗ്‌ദാനം. ഒരു യൂണിറ്റിനു സബ്‌സിഡി കിഴിച്ച് ഇരുപത്തിനാലായിരത്തി അഞ്ഞൂറ് രൂപയാണ് സ്‌ഥാപനം വാങ്ങിയിരുന്നത്. പ്ലാസ്‌റ്റിക് നിര്‍മിത ടാങ്കുകളാണ് പ്ലാന്റ് എന്ന പേരില്‍ വിതരണം ചെയ്‌തത്. പ്ലാന്റ് സ്‌ഥാപിച്ചു മൂന്നു മാസത്തിനു ശേഷമേ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകൂവെന്നും അറിയിച്ചിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തിക്കാതെ വന്നതോടെയാണു പരാതിയുയര്‍ന്നത്. ഇതോടെ കളമശേരിയിലെ ഓഫീസിന്റെ പ്രവര്‍ത്തനം പേരിനു മാത്രമാക്കി. ഓഫീസ് ഫോണില്‍ വിളിച്ചാല്‍ നമ്പര്‍ നിലവിലില്ല എന്ന മറുപടിയാണ്. എം.ഡിയെ വിളിച്ചാല്‍ മറ്റൊരാളാണ് എടുക്കുക. എം.ഡി. മീറ്റിംഗിലാണെന്ന മറുപടിയാണ് എപ്പോഴും. താലൂക്ക് കേന്ദ്രങ്ങളില്‍ തുറന്ന വിതരണ ഏജന്‍സികള്‍ കഴിഞ്ഞ ഡിസംബറോടെ പൂട്ടി. തട്ടിപ്പിനിരയായ ചിലര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും ഉപഭോക്‌തൃ കോടതിയിലും പരാതി സമര്‍പ്പിച്ചതോടെയാണ് സംഭവം വെളിച്ചത്തായത്.
മാലിന്യം സമൂഹത്തിന്റെ സമ്പത്താക്കി മാറ്റാം എന്ന സന്ദേശവുമായാണു സ്‌ഥാപനം രംഗത്തു വന്നത്. ഇതിനായി കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ സീറോ വേയ്‌സ്‌റ്റ് പ്രോജക്‌ട് (ക്ലീന്‍ കേരള) എന്ന പദ്ധതിക്കും രൂപം നല്‍കി. ഇതിന്റെ മറവിലായിരുന്നു തട്ടിപ്പ്.
കുറഞ്ഞ മാലിന്യംകൊണ്ടു കൂടുതല്‍ ബയോഗ്യാസ് ഉല്‍പാദിപ്പിക്കാമെന്നായിരുന്നു വാഗ്‌ദാനം. പരിസര മലിനീകരണം ഉണ്ടാകില്ലെന്നും 95 ശതമാനം മാലിന്യവും ബയോഗ്യാസാക്കി മാറ്റുന്നതിനുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാണു പ്ലാന്റ് നിര്‍മിച്ചിരിക്കുന്നതെന്നും ഇങ്ങനെ ഉല്‍പാദിപ്പിക്കുന്ന ഗ്യാസ് എല്‍.പി.ജിക്കു സമാനമായിരിക്കുമെന്നും സ്‌ഥാപനം അവകാശപ്പെട്ടിരുന്നു. എന്നാല്‍ പ്ലാന്റില്‍ സംസ്‌കരിക്കാനായി നിക്ഷേപിച്ച മാലിന്യങ്ങള്‍ ചീഞ്ഞുനാറി ദുര്‍ഗന്ധം പരത്തുന്നു.
കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്താണ് സ്‌ഥാപനത്തിന്റെ പ്രവര്‍ത്തനം സജീവമായത്. മാലിന്യ സംസ്‌കരണ രംഗത്ത് നിരവധി പുരസ്‌കാരങ്ങള്‍ സ്‌ഥാപനത്തിനു ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha