നിയമം നിയമത്തിന്റെ വഴിക്ക്... മുഖ്യമന്ത്രിയുടെ രക്തത്തിനായി ദാഹിച്ചവര്‍ക്ക് തിരുവഞ്ചൂരായാലും മതി, ആഭ്യന്തരമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷവും എ, ഐ, ഗ്രൂപ്പുകളുമെല്ലാം അണിയറ നീക്കങ്ങള്‍ ശക്തമാക്കുന്നു
സംസ്ഥാനം കണ്ട നല്ല ആഭ്യന്തരമന്ത്രികളിലൊരാളായി കേരളം വാഴ്‌ത്തിയ ആളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ തിരുവഞ്ചൂര്‍ കൈയ്യടി നേടിയ അവസരങ്ങള്‍ നിരവധിയായിരുന്നു. രാഷ്‌ട്രീയത്തിനതീതമായി മുഖം നോക്കാതെ നടപടി എന്നായിരുന്നു തിരുവഞ്ചൂരിന്റെ നയം. നയമൊക്കെ നല്ലതാണെങ്കിലും പാര്‍ട്ടിയിലെ വേണ്ടപ്പെട്ട ആള്‍ക്കാര്‍ക്ക് തിരുവഞ്ചൂരിന്റെ പോലീസ് ചില വിട്ടുവീഴ്‌ചകള്‍ ചെയ്യാത്തതിന്റെ പേരില്‍ കേണ്‍ഗ്രസുകാര്‍ക്കു തന്നെ തിരുവഞ്ചൂരിനോട് അമര്‍ഷമായി. എ ഗ്രൂപ്പിലെ തന്നെ പ്രമുഖ നേതാക്കള്‍ ഇതിനെപ്പറ്റി തിരുവഞ്ചൂരിനോട് പരാതിയും പറഞ്ഞിരുന്നു. അവരോടും തിരുവഞ്ചൂര്‍ പറഞ്ഞത് നിയമം നിയമത്തിന്റെ വഴിക്ക് നടക്കുമെന്നാണ്. അതോടെ എ ഗ്രൂപ്പിലെ പ്രമുഖര്‍ തിരുവഞ്ചൂരിനെ ആഭ്യന്തര വകുപ്പില്‍ നിന്നും മാറ്റാനായി ഇറങ്ങിത്തിരിച്ചു. അങ്ങനെയാണ് രമേശ് ചെന്നിത്തലയെ മന്ത്രിയാക്കാനായി അവര്‍ മുന്നിട്ടിറങ്ങിയത്.
എന്നാല്‍ ആഭ്യന്തര വകുപ്പ് തിരുവഞ്ചൂരില്‍ നിന്നും മാറ്റാന്‍ മുഖ്യമന്ത്രി ഒരുക്കമായിരുന്നില്ല. നന്നായി കൈകാര്യം ചെയ്യുന്ന വകുപ്പ് ചെന്നിത്തലയ്‌ക്ക് നല്‍കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടെടുത്തു.
ഇതോടെ ചെന്നിത്തലയ്‌ക്ക് മുഖ്യമന്ത്രിയോട് നീരസവുമായി. ചെന്നിത്തലയ്‌ക്ക് ആഭ്യന്തരം നല്‍കാത്തതിന്റെ പ്രശ്‌നങ്ങള്‍ യുഡിഎഫിന്റെ കെട്ടുറപ്പിനെപ്പോലും ബാധിക്കുന്നുണ്ട്. എക്കാലവും കൂടെ നിന്ന മുസ്ലീം ലീഗിനെപ്പോലും ചെന്നിത്തല തള്ളിപ്പറഞ്ഞു.
സോളാര്‍ തട്ടിപ്പു കേസിലും ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാവാന്‍ തിരുവഞ്ചൂര്‍ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പില്‍ പങ്കാളിയാണെന്നറിഞ്ഞ് കേസ് തകിടം മറിയുമെന്നു തോന്നിച്ചെങ്കിലും തിരുവഞ്ചൂര്‍ ശക്തമായ നടപടികളിലേക്കു നീങ്ങി. മുഖ്യമന്ത്രി ഐക്യരാഷ്‌ട്ര സഭയുടെ പുരസ്‌കാരം വാങ്ങാന്‍ ബഹറിനില്‍ പോയ സമയത്ത് മുഖ്യമന്ത്രിയുടെ പിഎ ആയിരുന്ന ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്‌തത് ജനങ്ങളുടെ കൈയ്യടി നേടി.
അങ്ങനെ തിരുവഞ്ചൂര്‍ കൈയ്യടി നേടിക്കൊണ്ടിരുന്ന സമയത്താണ് ഒരു പാലുകാച്ചല്‍ വിവാദം പുറത്തുവന്നത്. അവസാനം സിനിമാ താരം ശാലുമേനോന്റെ വീട്ടില്‍ പോയിരുന്നു എന്ന തിരുവഞ്ചൂരിന് സമ്മതിക്കേണ്ടി വന്നു. ഒരു സെലിബ്രിറ്റിയുടെ വീട്ടില്‍ പോയതിന് ആരും കുറ്റം പറയുന്നില്ല. പക്ഷേ ശാലുവിന്റെ വീട്ടില്‍ പോയിരുന്നു എന്നും അത് പാലുകാച്ചലിനല്ലന്നും പ്രവര്‍ത്തകര്‍ കൈയ്യാട്ടി വിളിച്ചിട്ടാണ് ഇറങ്ങിയതുമെന്നുള്ള വെളിപ്പെടുത്തലാണ് വിവാദമായത്. അവസാനം ശാലുവിന്റെ അമ്മതന്നെ പറഞ്ഞു പാലുകാച്ച് വിളിച്ചിട്ടാണ് തിരുവഞ്ചൂര്‍ വന്നതെന്നും ഒരുപാടു സമയം ചെലവഴിച്ചെന്നും.
അടുത്ത ദിവസം തന്നെ തിരുവഞ്ചൂരിനെ പറ്റിയുള്ള മറ്റൊരു ആരോപണവും പുറത്തു വന്നു. സരിത തിരുവഞ്ചൂരിനെ 4 തവണ വിളിച്ചിരുന്നു എന്ന്. എന്നാല്‍ അക്കാര്യം ഓര്‍ക്കുന്നില്ല എന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞത്.
ഈ രണ്ടു വിഷയങ്ങളും നന്നായി കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം. തിരുവഞ്ചൂരിനെതിരെ കിട്ടുന്ന ഒരു കച്ചിത്തുരുമ്പു പോലും സിപിഎം കളയില്ല. കാരണം തിരുവഞ്ചൂരിന്റെ പോലീസാണ് ടിപി വധത്തിന്റെ പേരില്‍ പാര്‍ട്ടിയുടെ പേര് കളഞ്ഞു കുളിച്ചത്.
സരിതയുടെ ഫോണ്‍ വിളി അന്വേഷിക്കുമെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്. ശാലുവുമായി മന്ത്രിക്കുള്ള ബന്ധം കൊണ്ടാണ് ശാലുവിനെ അറസ്റ്റ് ചെയ്യാത്തതെന്ന ആരോപണവും നിലനില്‍ക്കുന്നു. ആഭ്യന്തരം ഭരിക്കുന്ന മന്ത്രിക്കെതിരായാണ് ആരോപണം വന്നത്. പോലീസുകാര്‍ സല്യൂട്ടടിക്കുന്ന മന്ത്രിയ്‌ക്ക് എതിരായെങ്ങനെ അന്വേഷണം നടത്താനാകും. അതുകൊണ്ട് മന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും പ്രതിപക്ഷത്തിനാവശ്യമില്ല.
പ്രതിപക്ഷം ഇങ്ങനെ തിരുവഞ്ചൂരിന്റെ രാജിക്കായി മുറവിളി കൂട്ടുമ്പോള്‍ എ ഗ്രൂപ്പിലെ പഴയ നേതാക്കള്‍ വീണ്ടും രംഗത്തെത്തുകയാണ്. സോളാറില്‍ ആഭ്യന്തരം കൈകാര്യം ചെയ്‌ത രീതിയാണ് സര്‍ക്കാരിന്റെ പ്രതിഛായപോലും നശിക്കാന്‍ കാരണമെന്നും അവര്‍ വിലയിരുത്തുന്നു. ഒപ്പം ചെന്നിത്തലയ്‌ക്ക് ആഭ്യന്തരം കിട്ടാനായി ഐ ഗ്രൂപ്പും മുന്നിട്ടിറങ്ങിയിട്ടുണ്ട്. തിരുവഞ്ചൂരിനെ ഒഴിവാക്കിയാല്‍ മാത്രമേ ആഭ്യന്തരം ചെന്നിത്തലക്ക് കിട്ടുകയുള്ളൂ. മുസ്ലീം ലീഗിനെ കുത്തിപ്പൊക്കി ഹൈക്കമാന്‍ഡിന്റെ ഇടപെടലും ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ വിവാദങ്ങലില്‍ നിന്നും തലയൂരാനായി മുഖ്യമന്ത്രി തിരവഞ്ചൂരിനെ കൈവെടിയുമോ എന്നാണ് ഇനി അറിയേണ്ടത്. അങ്ങനെ എല്ലാ കേന്ദ്രങ്ങളും തിരുവഞ്ചൂരിനെതിരെ ഒന്നിക്കുകയാണ്.എന്തായാലും സരിതയില്‍ തട്ടി തിരുവഞ്ചൂര്‍ വീഴാതിരുന്നാല്‍ ഭാഗ്യം.
https://www.facebook.com/Malayalivartha