തനിക്കെതിരെ ശക്തമായ തെളിവുകള്‍ പുറത്തു വരുന്ന പശ്ചാത്തലത്തില്‍ എല്ലാം സമ്മതിച്ച് ആഭ്യന്തരമന്ത്രി; സരിതയെ വിളിച്ചു; ശാലുവിന്റെ വീട്ടില്‍ പോയകാര്യം മറച്ചുവെച്ചത് പ്രതിച്ഛായക്ക് ഇളക്കം തട്ടുമെന്ന പേടിയില്‍
ശാലുമേനോന്‍ വിവാദത്തിനുശേഷം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ തലയില്‍ സരിതാ വിവാദവും. സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്.നായരെ താന്‍ വിളിച്ചതായി തിരുവഞ്ചൂര്‍ തന്നെ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തിരുവഞ്ചൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ മിസ്‌ഡ് കോള്‍ കണ്ടാണ് അവരെ വിളിച്ചതെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്. വെറും 19 സെക്കന്റുമാത്രമാണ് അവരുമായി സംസാരിച്ചതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. തിരുവഞ്ചൂര്‍ സരിതയെ ഫോണില്‍ ബന്ധപ്പെട്ടതായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 168 സെക്കന്റ് സരിതയുമായി അദ്ദേഹം സംസാരിച്ചതായും സുരേന്ദ്രന്‍ ആരോപിച്ചു.
ശാലൂമേനോന്റെ വീട്ടില്‍ പോയതിനും തിരുവഞ്ചൂര്‍ വിശദീകരണം നല്‍കി. മുന്‍ നിശ്ചയ പ്രകാരമായിരുന്നില്ല ശാലുമേനോന്റെ വീട്ടില്‍ പോയതെന്ന മുന്‍ നിലപാടില്‍ ആഭ്യന്തരമന്ത്രി ഉറച്ചു നിന്നു. തന്റെ പ്രതിച്ഛായക്ക് ദോഷമുണ്ടാകുമെന്നു കരുതിയാണ് ശാലു മേനോന്റെ വീട്ടില്‍ പോയ കാര്യം മറച്ചുവെച്ചത്. ശാലു മേനോനുമായുള്ള വിവാദം വന്നതോടെ താന്‍ പകച്ചുപോയതായും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. മെയ് 23ന് രാവിലെയാണ് തിരുവഞ്ചൂര്‍ സരിതയെ വിളിച്ചത്. സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുള്ളതായുള്ള വ്യക്തമായ തെളിവുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് തിരുവഞ്ചൂരുമായി സരിതക്കുള്ള ബന്ധത്തിന്റെ തെളിവുകളും പുറത്തു വന്നുക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ശാലൂമേനോന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ തിരുവഞ്ചൂര്‍ പങ്കെടുത്തതിന്റ ചിത്രങ്ങള്‍ മറ്റൊരു സ്വകാര്യ ചാനല്‍ പുറത്തു വിട്ടിരുന്നു. അതോടെ പ്രവര്‍ത്തകര്‍ തന്നെ കൈകാട്ടി വിളിച്ചതാണെന്നും വെറും രണ്ടുമിനിറ്റ് മാത്രമാണ് താന്‍ അവിടെ ചെലവഴിച്ചതെന്നുമുള്ള തിരുവഞ്ചൂരിന്റെ വാദം പൊളിഞ്ഞു. തനിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് കുറ്റസമ്മതവുമായി തിരുവഞ്ചൂര്‍ രംഗത്തെത്തിയത് എന്നു വേണം കരുതാന്‍.
സരിത ആഭ്യന്തരമന്ത്രിയെ ഫോണില്‍ബന്ധപ്പെട്ട കാര്യം പ്രത്യേകമായി അന്വേഷിക്കാന്‍ സോളാര്‍ കേസ് അന്വേഷിക്കുന്ന പോലീസ് സംഘം തീരുമാനിച്ചിരുന്നു. ജനുവരിയില്‍ നിരവധി തവണ തിരുവഞ്ചൂരിനെ സരിത വിളിച്ചതിനുള്ള തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. അറസ്റ്റിലായ ടെന്നി ജോപ്പനുമായി സംസാരിച്ചതിനു ശേഷമാണ് സരിതയുടെ നമ്പറില്‍ നിന്ന് തിരുവഞ്ചൂരിന്റെ ഫോണിലേക്ക് കോള്‍ പോയത് എന്നും രേഖകളില്‍ നിന്നും വ്യക്തമാണ്. മന്ത്രിമാരായ അടൂര്‍ പ്രകാശും,എ.പി അനില്‍കുമാറും സരിതയെ ഫോണില്‍ വിളിച്ചതിന്റെ തെളിവുകളും പുറത്തു വന്നിട്ടുണ്ട്.
അതേസമയം ആഭ്യന്തരമന്ത്രിക്കെതിരെ വിമര്‍ശനവുമായി ചീഫ് വിപ്പ് പി.സി.ജോര്‍ജ് രംഗത്തെത്തി. തിരുവഞ്ചൂര്‍, പോലീസിനെ ഉപയോഗിച്ച് പൊതുപ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിക്കുകയാണ്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായര്‍ എല്ലാവരെയും വിളിച്ചു എന്ന് തിരുവഞ്ചൂര്‍ സാമാന്യവത്‌കരിക്കേണ്ടെന്നും സരിതയെ തിരുവഞ്ചൂര്‍ വിളിച്ചിട്ടുണ്ടെങ്കില്‍ അത് എന്തിനാണെന്ന് വ്യക്തമാക്കാന്‍ തയാറാകണമെന്നുമാണ് പി.സി.ജോര്‍ജ് പറഞ്ഞത്. തട്ടിപ്പുകാരിയായ സരിതയെ എല്ലാവരും വിളിച്ചിട്ടുണ്ടെന്നാണ് തിരുവഞ്ചൂര്‍ രാവിലെ ഒരു പൊതുപരിപാടിയില്‍ പറഞ്ഞത്. കോള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ അതില്‍ എല്ലാ പാര്‍ട്ടിക്കാരും ചില മാധ്യമപ്രവര്‍ത്തകരും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha