ഉച്ചകള്ളന്‍മാര്‍ ജാഗ്രതൈ പിടിച്ചാല്‍ അടി
അധ്യാപകര്‍ സൂക്ഷിക്കുക; ഇല്ലെങ്കില്‍ പിടിവീഴും.
സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളിലെ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തില്‍ നിന്നും ‘കാശടിക്കുന്ന’ അധ്യാപകരെ ‘പിടിക്കാന്‍’ സര്‍ക്കാര്‍ തീരുമാനിച്ചു. കഞ്ഞിയും പുഴുക്കുമാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് കുറച്ചുകാലം മുമ്പ് വരെ നല്‍കി വന്നിരുന്നത്. പാലും മുട്ടയും ദിവസവും നല്‍കണമെന്ന വ്യവസ്ഥയുണ്ടായിരുന്നെങ്കിലും അത് കടലാസിലൊതുങ്ങി. തുടര്‍ന്ന് സമൃദ്ധമായ ഉച്ചഭക്ഷണം നിര്‍ബന്ധമായും നല്‍കിയിരിക്കണമെന്ന് വ്യവസ്ഥ കര്‍ശനമാക്കി. എന്നാല്‍ കേരളത്തിലെ പല സര്‍ക്കാര്‍ സ്‌കൂളുകളിലും ഇപ്പോള്‍ നല്‍കുന്നത് കഞ്ഞിയും പുഴുക്കും തന്നെ.
തോരന്‍, അച്ചാര്‍, സാമ്പാര്‍ തുടങ്ങിയ കറികള്‍ നിര്‍ബന്ധമാണെങ്കിലും ഇവ കുട്ടികള്‍ക്ക് നല്‍കാറില്ല. എന്നാല്‍ സര്‍ക്കാരില്‍ നിന്നും അധ്യാപകര്‍ കൃത്യമായി തുക എഴുതി വാങ്ങും. എല്ലാദിവസവും എല്ലാ കുട്ടികളും ഉച്ചഭക്ഷണം കഴിക്കാറില്ല. എന്നാല്‍ സ്‌കൂളുകളിലെ രജിസ്റ്ററില്‍ എല്ലാവരും എല്ലാ ദിവസവും ഉച്ചയ്‌ക്ക് കഴിക്കുന്നുണ്ട്. ഉച്ചഭക്ഷണത്തിനുള്ള സര്‍ക്കാര്‍ ധനസഹായം പ്രഥമാധ്യാപകര്‍ വകമാറ്റുന്നതായും പരാതിയുണ്ട്. ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ‘ഉച്ചക്കള്ളന്‍’മാരെ പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി ഉച്ചഭക്ഷണത്തിന്റെ മേല്‍നോട്ടം സി. ഇ. ഒ മാരെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. ഇവര്‍ സ്‌കൂളുകളില്‍ പരിശോധന നടത്തി മാസം തോറും വിദ്യാഭ്യാസഡയറക്‌ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. മാസം അന്‍പതു സ്‌കൂളുകളിലെങ്കിലും പരിശോധന നടത്തണമെന്നാണ് ചട്ടം. ഇതിന് വാഹനവും നല്‍കും. അരി ഒഴികെയുള്ള സാധനങ്ങള്‍ വാങ്ങുന്നതിന് ഒരു കുട്ടിക്ക് 1200 രൂപ അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുവരെ ഇത് 1000 രൂപയിലായിരുന്നു.
https://www.facebook.com/Malayalivartha