ശ്രീധരന്‍ നായരില്‍ തട്ടി മുഖ്യമന്ത്രി കുടുങ്ങുമോ? രണ്ടു തവണ കണ്ടിരുന്നെന്ന് ഉമ്മന്‍ ചാണ്ടി, മുഖ്യമന്ത്രിയുടെ കുടുംബത്തിന് തട്ടിപ്പുകമ്പനിയുമായി ബന്ധമുണ്ടെന്ന് വിഎസ്
അങ്ങനെ അവസാനം ശ്രീധരന്‍ നായരെ മുഖ്യമന്ത്രി കണ്ടുവെന്ന കാര്യം ഉറപ്പിച്ചു. ഒന്നല്ല രണ്ടു തവണ കണ്ടിരുന്നു. സോളാര്‍ കേസില്‍ മുഖ്യമന്ത്രി രക്ഷപ്പെട്ടത് സ്വന്തമായി ഫോണ്‍ ഇല്ലാത്തതിന്റെ പേരിലായിരുന്നു. സരിത മുഖ്യമന്ത്രിയെയായിരുന്നു വിളിച്ചതെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചപ്പോള്‍ സഹായികളുടെ ഫോണില്‍ വിളിച്ചതിന് താനെങ്ങനെ രാജിവയ്‌ക്കുമെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. അങ്ങനെ സ്വന്തമായി ഫോണുള്ള സകല മന്ത്രിമാരും കുടുങ്ങി.
എന്നാല്‍ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു എന്നു വന്നപ്പോഴാണ് സോളാറിന് ഒരു പുതിയ മുഖം വന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ അതിന് സാക്ഷിയാണെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. അത്‌കൊണ്ടു തന്നെ മുഖ്യമന്ത്രിക്ക് ശ്രീധരന്‍ നായരെ കണ്ടു എന്നത് നിക്ഷേധിക്കാനും കഴിഞ്ഞില്ല. അങ്ങനെയാണ് മുഖ്യമന്ത്രി ഇക്കാര്യം നിയമസഭയില്‍ സമ്മതിച്ചത്.
എന്നാല്‍ സോളാര്‍ വിഷയത്തിലല്ല ശ്രീധരന്‍ നായര്‍ തന്നെ കണ്ടതെന്നും ക്വാറി അസോസിയേഷന്റെ ആവശ്യവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്‌ചയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.നിവേദനം നല്‍കുന്നതിനാണ് ക്വാറി അസോസിയേഷന്‍ ഭാരവാഹികളോടൊപ്പം ശ്രീധരന്‍നായര്‍ വന്നത്. അടൂര്‍ പ്രകാശും ഞാനും ക്വാറി അസോസിയേഷനുവേണ്ടി ഉത്തരവിറക്കുകയും ചെയ്തു. ക്വാറി ആവശ്യത്തിനല്ലാതെ ശ്രീധരന്‍നായര്‍ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും ബന്ധമുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്തെത്തി. ജൂണ്‍ 24ന് താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തതും നിയമസഭ നിര്‍ത്തിവച്ചതും ശരിയായില്ല. അതിനാല്‍ വിഷയം തനിക്ക് സഭയ്ക്ക് പുറത്ത് ഉന്നയിക്കേണ്ടിവന്നത്. അത് ശരിയാണെന്ന് പിന്നീടുള്ള ദിവസങ്ങളില്‍ വ്യക്തമായി. മുഖ്യമന്ത്രിയുടെ കുടംബത്തിന് തട്ടിപ്പു കമ്പിനിയുമായി ബന്ധമുണ്ട്. മുഖ്യമന്തിയുടെ കുടുംബത്തിന് സോളാര്‍ കമ്പനിയിലുള്ള ഷെയര്‍ വ്യക്തമാക്കണമെന്നും സഭയില്‍ വി. എസ് ചോദിച്ചു.
ആരോപണം ഉയര്‍ന്നപ്പോള്‍ രാജിവച്ച കെ. കരുണാകരന്റെ പാരമ്പര്യം തുടരാന്‍ മുഖ്യമന്ത്രി തയ്യാറാണോ എന്നും വി.എസ് ആരാഞ്ഞു. സോളാര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത് കേസ് അട്ടിമറിക്കാനാണെന്നും വി.എസ് ആരോപിച്ചു.
ശ്രീധരന്‍ നായരില്‍ നിന്ന് 40 ലക്ഷംരൂപ തട്ടിച്ച കേസിലായിരുന്നു മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ടെന്നി ജോപ്പനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ജോപ്പന്റെ നിര്‍ദേശപ്രകാരം താന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയെന്നാണ് ശ്രീധരന്‍ നായരുടെ മൊഴി.ശ്രീധരന്‍ നായരുടെ പരാതിയില്‍ പറഞ്ഞ 2012 ജൂലൈ ഒന്‍പതിനാണോ മുഖ്യമന്ത്രി ശ്രീധരന്‍ നായരെ കണ്ടതെന്ന് തോമസ് ഐസക്ക് ചോദിച്ചു. എന്നാല്‍ തീയതി വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പുറത്തുവിടണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
സോളാര്‍ വിഷയത്തില്‍ സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ബഹളം വച്ചു. ഇതേതുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ചു.
https://www.facebook.com/Malayalivartha