ഉമ്മന്‍ചാണ്ടി: രാഷ്‌ട്രീയചാണക്യന്റെ പതനം
ഉമ്മന്‍ചാണ്ടിയുടെ ചാണക്യതന്ത്രങ്ങള്‍ രാഷ്‌ട്രീയ കേരളത്തില്‍ പ്രസിദ്ധമാണ്. അമരക്കാരനായി ആന്റണി നിന്നപ്പോഴും കരുത്ത് ഈ കൗശലങ്ങളായിരുന്നു. ഏതു പത്മവ്യൂഹത്തിലകപ്പെട്ടാലും നിമിഷാര്‍ദ്ധത്തില്‍ എതിരാളിയെ രാഷ്‌ട്രീയഗോദായില്‍ മലര്‍ത്തിയടിക്കുന്ന ഉമ്മന്‍ചാണ്ടി, ഇന്ന് അമ്പുകളേറ്റ് പിടയുന്നു.
യുദ്ധത്തില്‍ കള്ളവുമാകാമെന്ന കൃഷ്‌ണസൂക്തവും ഇവിടെ ഫലിക്കുന്നില്ല. മുമ്പ് ഗ്രൂപ്പ് പോരുകള്‍ക്ക് ഒരു ആണത്തമുണ്ടായിരുന്നു. നേര്‍ക്കു നേര്‍ നിന്ന് വെല്ലുവിളിക്കുന്ന കരുണാകരശൈലി, പൊരുതി നേടിയ കരുത്തുമായി കോണ്‍ഗ്രസ് രാഷ്‌ട്രീയത്തില്‍ ഉമ്മന്‍ചാണ്ടി വേറിട്ടുനിന്നു. പിന്നീട് ഗ്രൂപ്പ് പോരുകള്‍ പാരവയ്‌പുകളായി. നുണക്കഥകള്‍ പ്രചരിപ്പിച്ചും, പിന്നില്‍ നിന്നുകുത്തിയും, ചാക്കിട്ടു പിടിച്ചും കുട്ടിക്കളിയായി മാറി.
ഉമ്മന്‍ചാണ്ടിയുടെ നേര്‍ക്ക് നേര്‍ വരാന്‍ ഐ ഗ്രൂപ്പ് പോലും മടിച്ചു, ഭയപ്പെട്ടു. മര്‍മ്മം കിട്ടിയാലും ഒന്നുകൊടുക്കാന്‍ കൈ വിറച്ചു. എന്തെങ്കിലും ജീവന്‍ ബാക്കിയുണ്ടെങ്കില്‍ കത്തികൂടി ഉഗ്രവിഷം ചീറ്റി എതിരാളിയെ ഭസ്‌മമാക്കുന്ന ചാണ്ടി, ജനപക്ഷത്ത് മറ്റൊരു മുഖം കാത്തു സൂക്ഷിച്ചു ജനകീയ നേതാവാണ്.
ശരിക്കും ജനകീയനായിരുന്നു ഉമ്മന്‍ചാണ്ടി. ജനപക്ഷ നിലപാടുകളില്‍ നിന്ന് ഒരിക്കലും വഴുതി മാറിയില്ല. ആര്‍ക്കും അഭയം തേടാവുന്ന ആശ്രയസ്ഥാനം. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് പ്രീയപ്പെട്ടവന്‍. വികസനകാര്യങ്ങളിലും, ക്ഷേമപ്രവര്‍ത്തനങ്ങളിലും തത്‌പരന്‍, കഠിനാധ്വാനി.
പ്രവാസികള്‍ക്ക് പ്രീയപ്പെട്ടവന്‍. ഉമ്മന്‍ചാണ്ടിയുടെ വീഴ്‌ചയില്‍ കേരളം നൊമ്പരപ്പെടുന്നു. സ്വന്തം ഓഫീസ് ചതിച്ച മുഖ്യമന്ത്രി. എല്ലാവരെയും കണ്ണടച്ചു വിശ്വസിക്കുന്നു അദ്ദേഹം. സോളാര്‍ ടീമിന്റെ കെണിയില്‍പ്പെട്ടതും, രക്ഷപ്പെടാന്‍ കള്ളം പറഞ്ഞതും ജനം സഹിക്കും. എന്നാല്‍ വീണിടത്ത് തളയ്‌ക്കാന്‍ ശ്രമിച്ച ആഭ്യന്തരമന്ത്രിയെയും, ഐ ഗ്രൂപ്പിന്റെയും കുടിലതന്ത്രങ്ങളില്‍ മുഖ്യന്‍ തളര്‍ന്നു.
ഓടിക്കിതച്ചെത്തിയ ഇന്നലെകള്‍ ജനം മറന്നു. ഇന്ന് ചതിച്ചതാര്, ചതിക്കാത്തവരാരെന്നു തിരിച്ചറിയാന്‍ പാടുപെടുന്ന മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രിക്കസേര നഷ്‌ടമാകുന്ന ഘട്ടത്തിലേക്ക്.
പ്രസക്തമായ ചോദ്യങ്ങള്‍
കെ.പി.സി.സി പ്രസിഡന്റിന്റെ ഉറ്റ അനുയായിയുടെ അടുത്ത ബന്ധുവും ഐ ഗ്രൂപ്പ് നേതാവുമായ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ തള്ളിപ്പറയാന്‍ കാരണം അദ്ദേഹം പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതുമാത്രമോ ? അതോ ഒരു ഐ ഗ്രൂപ്പ് തന്ത്രമോ ?
എന്‍. എസ്.എസ് നേതാവായ ശ്രീധരന്‍നായര്‍ക്ക് ഉമ്മന്‍ചാണ്ടിയോടുള്ള സമുദായ നേതൃത്വത്തിന്റെ ഇഷ്‌ടത്തോട് ഈ തള്ളിപ്പറച്ചിലില്‍ കാരണമായോ ?
എവിടെയൊക്കെയോ ചില കെണികളുണ്ട്, ഒരുപാട് കാണാച്ചരടുകളും.
https://www.facebook.com/Malayalivartha