ശ്രീധരന്‍ നായരുടെ രഹസ്യമൊഴി കോടതി പുറത്തുവിടും മുമ്പ് മുഖ്യമന്ത്രി രാജിവയ്ക്കും
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ശ്രീധരന്‍ നായര്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴി ഔദ്യോഗികമായി പുറത്തുവരും മുമ്പ് അദ്ദേഹം രാജിവയ്ക്കുമെന്നറിയുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് പറയുകയോ, മുഖ്യമന്ത്രിക്കെതിരെ കോടതി പരാമര്‍ശം നടത്തുകയോ ചെയ്യും മുമ്പ് സ്ഥാനം ഒഴിയുന്നതാണ് ഉചിതമെന്ന് യു.ഡി.എഫ് നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച നടന്നു. മുഖ്യമന്ത്രി തിങ്കളാഴ്ച രാത്രി രാജിക്ക് ഒരുങ്ങിയെങ്കിലും ഘടകക്ഷിനേതാക്കള്‍ ഇടപെട്ട് അദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു.
ഇന്നലെ കൊച്ചിയിലെത്തിയ എ.കെ ആന്റണി കേരളത്തില്‍ ഭരണമാറ്റം ഉണ്ടാവില്ലെന്നാണ് പറഞ്ഞത്. നേതൃമാറ്റം ഇല്ലെന്ന് പറഞ്ഞില്ല. ഇതോടെയാണ് ഉമ്മന്‍ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ഉന്നതതല തീരുമാനം ഉണ്ടായെന്ന് വ്യക്തമായത്. സമ്മര്‍ദ്ദം ചെലുത്തി ന്യൂനപക്ഷങ്ങള്‍ അവകാശങ്ങള്‍ നേടിയെടുക്കുന്നു എന്ന് പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് 2004ല്‍ ആന്റണിയെ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് ഇറക്കിവിടാന്‍ കളിച്ചവരില്‍ പ്രധാനി ഉമ്മന്‍ചാണ്ടിയായിരുന്നു. സോണിയാ ഗാന്ധിയുടെ വിശ്വസ്തനായ എ.കെ ആന്റണി അതിന്റെ മധുര പ്രതികാരം ഇതിലൂടെ വീട്ടുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സോളാര്‍ തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത് ഇതിന്റെ ഭാഗമായാണെന്നറിയുന്നു.
വിവാദങ്ങളുണ്ടാകുമ്പോഴെല്ലാം രാജിവച്ച് ഒഴിയുന്നതാണ് കോണ്‍ഗ്രസിന്റെ പാരമ്പര്യമെന്ന് മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. കാറില്‍ ഒരു സ്ത്രീയോടൊപ്പം സഞ്ചരിച്ചതിന്റെ പേരിലാണ് പി.ടി ചാക്കോ പണ്ട് രാജിവച്ചത്. പാമോലിന്‍ കേസിലും ചാരക്കേസിലും കെ.കരുണാകരന്‍ രാജിവച്ചു. ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയുടെ പേരില്‍ എ.കെ ആന്റണിയും.
https://www.facebook.com/Malayalivartha