മുഖ്യമന്ത്രിക്കെതിരായ കുരുക്കുകള്‍ മുറുകുന്നു; മുഖ്യമന്ത്രിയെ സരിത കണ്ടിട്ടുണ്ടെന്ന് ഡ്രൈവര്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സരിതാ എസ്.നായര്‍ കണ്ടിട്ടുണ്ടെന്ന് സരിതയുടെ ഡ്രൈവര്‍ വെളിപ്പെടുത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ക്യാബിനിലെത്തിയാണ് രണ്ട് തവണ കണ്ടതെന്ന് ഡ്രൈവര്‍ ശ്രീജിത്ത് വ്യക്തമാക്കി. 45 മിനിറ്റോളം സരിത ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ ചിലവഴിച്ചു. സരിതയുടെ തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ വീട്ടില്‍ മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ അനൗദ്യോഗിക സെക്രട്ടറിയായ തോമസ് കുരുവിള പലപ്പോഴും വന്നിട്ടുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.
ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാനെന്ന് പറഞ്ഞ് രണ്ട് പേര്‍ക്കൊപ്പമാണ് തോമസ് കുരുവിള സരിതയുടെ വീട്ടിലെത്തിയത്. എന്നാല്‍ സോളാര്‍ വിവാദം ഉണ്ടായ ശേഷമാണ് തോമസ് കുരുവിളയെ തിരിച്ചറിഞ്ഞത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടാണ് വന്നതെന്നും സരിതയെ കാണണമെന്നുമാണ് അന്ന് കുരുവിള പറഞ്ഞതെന്നും ഡ്രൈവര്‍ പറഞ്ഞു. ഇതോടെ മുഖ്യമന്ത്രിക്കെതിരെയുള്ള കുരുക്കുകള്‍ മുറുകുകയാണ്.
കുരുവിളയുടെ ഫോണ്‍ സന്ദേശങ്ങള്‍ കൂടി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിന് സര്‍ക്കാര്‍ തയ്യാറാകുമോ എന്നറിയില്ല. തന്റെ ഓഫീസിലെ സി.സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിന്നീടത് തിരുത്തിപ്പറഞ്ഞു. ഇപ്പോള്‍ വിദഗ്‌ധ സമിതിയെ നിയോഗിക്കാമെന്ന് പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കത്തെഴുതിയിട്ടുണ്ട്.
https://www.facebook.com/Malayalivartha