ഇടഞ്ഞു നിന്നവര്‍ സോളാര്‍ വിഷയത്തില്‍ ഒന്നായി; പ്രതിപക്ഷത്തിന്റെ ആവശ്യം ബാലിശം; മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ലെന്ന് ചെന്നിത്തല
ഒരു കാര്യത്തില്‍ കോണ്‍ഗ്രസിന് ആശ്വസിക്കാം. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചേരിതിരിഞ്ഞു നിന്ന രണ്ടു ഗ്രൂപ്പുകളും സോളാര്‍ വിഷയത്തില്‍ ഒന്നായിരിക്കുന്നു. സോളാര്‍ വിവാദത്തില്‍ പ്രതിരോധത്തിലായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ്ണ പിന്തുണയുമായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല രംഗത്തെത്തി. മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ബാലിശമാണെന്നും, മുഖ്യമന്ത്രിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കളയുകയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
പെഴ്‌സണല്‍ സ്റ്റാഫ് കുറ്റം ചെയ്‌താല്‍ ആ കുറ്റം ചുമത്തേണ്ടത് മുഖ്യമന്ത്രിയുടെ ചുമലിലാണോയെന്നും. അങ്ങനെയെങ്കില്‍ വി.എസ് അച്ച്യുതാനന്ദന്റെ സ്‌റ്റാഫുകള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം വി.എസ് ഏറ്റെടുക്കുമോയെന്നും ചെന്നിത്തല ചോദിച്ചു. കേരളത്തില്‍ നേതൃമാറ്റത്തിനു സാധ്യതയില്ല. അത്തരമൊരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ല. പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി മുഖ്യമന്ത്രിക്കു പിന്നിലുണ്ടെന്നും രമേശ് വ്യക്തമാക്കി.
സോളാര്‍ തട്ടിപ്പ് കേസില്‍ ജുഡീഷല്‍ അന്വേഷണമാകാമെന്ന് കെ.സി. ജോസഫ് പറഞ്ഞിട്ടില്ല. പോലീസ് അന്വേഷണം പൂര്‍ത്തിയായതിനു ശേഷം മറ്റ് അന്വേഷണങ്ങളെക്കുറിച്ച് ചിന്തിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. അത്തരത്തിലൊരു ചര്‍ച്ചയും പാര്‍ട്ടിക്കുള്ളില്‍ നടന്നിട്ടില്ലെന്നും രമേശ് വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രതിപക്ഷം സോളാര്‍ തട്ടിപ്പിന്റെ പേരില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇത് വിലപ്പോകില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha