വിശ്വസ്‌തര്‍ തമ്മിലിടഞ്ഞാല്‍, ആഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈകടത്തുന്നതില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന് അമര്‍ഷം
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ വകുപ്പില്‍ കൈകടത്തുന്നതില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന് അമര്‍ഷം. പക്ഷെ, അദ്ദേഹം ഇത് പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല. സരിതാ എസ്.നായരുടെ ഫോണ്‍ ലിസ്‌റ്റ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്ത സംഭവത്തില്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഐ.ജി ടി.ജെ ജോസിനെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഔദ്യോഗിക വസതിയില്‍ വിളിച്ചു വരുത്തി വിശദീകരണം തേടിയത് ആഭ്യന്ത്രരമന്ത്രിയെ അറിയിച്ചിരുന്നില്ല. തലസ്ഥാനത്തെ സ്‌റ്റേഷനുകളിലുള്ള സോളാര്‍ കേസുകള്‍ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതു മുതല്‍ തിരുവഞ്ചൂര്‍ മുറുമുറുപ്പ് തുടങ്ങിയിരുന്നതായി അദ്ദേഹവുമായി അടുപ്പമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഞാനാണ് ആഭ്യന്ത്രമന്ത്രി എന്ന് തിരുവഞ്ചൂര്‍ അന്വേഷണ സംഘത്തിലെ പല പോലീസ് ഉദ്യോഗസ്ഥരോട് നേരിട്ട് പറയുകയും ചെയ്‌തു.
മുഖ്യമന്ത്രി ദുബയില്‍ യു.എന്‍ അവാര്‍ഡ് വാങ്ങിയ ദിവസമാണ് അദ്ദേഹത്തിന്റെ പഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇത് തിരുവഞ്ചൂരിന്റെ നിര്‍ദ്ദേശപ്രകാരം ആയിരുന്നു. ഇതിനെതിരെ എ ഗ്രൂപ്പില്‍ തിരുവഞ്ചൂരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. അന്നു മുതലാണ് മുഖ്യമന്ത്രിയും ആഭ്യന്ത്രരമന്ത്രിയും തെറ്റിയത്. ഫോണ്‍വിളികളുടെ ലിസ്‌റ്റ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ആഭ്യന്തരമന്ത്രി തന്നെയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിവാദച്ചൂടില്‍ മുഖ്യമന്ത്രി രാജിവച്ചാല്‍ തിരുവഞ്ചൂരിനെ മുഖ്യമന്ത്രിയാക്കിയേക്കുമെന്ന് കോണ്‍ഗ്രസിലെ ചിലരും ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതായി ആക്ഷേപമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഫോണ്‍ ലിസ്‌റ്റ് ചോര്‍ത്തിക്കൊടുത്തതെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നു.
മുഖ്യമന്ത്രിയുടെ വിശ്വസ്ഥനായിരുന്ന തിരുവഞ്ചൂര്‍ റവന്യൂമന്ത്രിയായിരുന്നു മുമ്പ്. എന്നാല്‍ നായര്‍ സമുദായത്തിന് താക്കോല്‍ സ്ഥാനങ്ങളില്‍ ആളുകളില്ലെന്ന് എന്‍.എസ്.എസ് രൂക്ഷവിമര്‍ശനം നടത്തിയതോടെ ഒറ്റ രാത്രി കൊണ്ട് തിരുവഞ്ചൂരിന് ആഭ്യന്തരം കിട്ടി. രമേശ് ചെന്നിത്തലയെ ആഭ്യന്തരവകുപ്പിന്റെ അമരത്ത് എത്തിക്കുകയായിരുന്നു എന്‍.എസ്.എസിന്റെ ഉദ്ദേശം. പക്ഷെ, നായര്‍ സമുദായത്തില്‍പെട്ട തിരുവഞ്ചൂരിന് ആഭ്യന്തരം നല്‍കി ചെന്നിത്തലയ്‌ക്കും എന്‍.എസ്.എസിനും മാത്രമല്ല മന്ത്രി കെ.എം.മാണിക്കും മുഖ്യമന്ത്രി പണികൊടുത്തു. കോട്ടയത്ത് കെ.എം.മാണിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും പിന്നോട്ടടിക്കുകയായിരുന്നു ലക്ഷ്യം.
https://www.facebook.com/Malayalivartha