കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് പോലീസിലേക്കും; പോലീസില്‍ രണ്ട് ഗ്രൂപ്പ് യുദ്ധം മുറുകുന്നു
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആഭ്യന്തരമന്ത്രിയുടെ അറിവോടെ പോലീസിന്റെ ഉന്നതതലത്തില്‍ നീക്കം തുടങ്ങിയതായി അറിയുന്നു. ഭരണം അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നതായുള്ള കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്‌താവനയാണ് സംശയങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്നത്.
പോലീസിന്റെ ഉന്നതതലത്തില്‍ ഉദ്യോഗസ്ഥര്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞതായും അഭ്യൂഹമുണ്ട്. ക്രൈം റെക്കാര്‍ഡ് ബ്യൂറോ ഐ.ജി., ടി.ജെ. ജോസിനെതിരെ നടപടി എടുക്കണമെന്ന് ഒരു വിഭാഗം ശക്തിയായി ആവശ്യപ്പെടുമ്പോള്‍ മറുവിഭാഗം ഇതിനെ എതിര്‍ക്കുന്നു. സരിതാനായരുടെ ഫോണ്‍ റെക്കോര്‍ഡ് നേരത്തെ കരസ്ഥമാക്കിയത് ജോസിനെ വിവാദത്തിലാക്കിയിരിക്കുന്നു. സരിതാനായരുടെ ഫോണ്‍ ചോര്‍ത്തലിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരാണെന്ന് എഴുതി നല്‍കണമെന്ന് ഒരു പോലീസ് ഉന്നതന്‍ തന്നോട് ആവശ്യപ്പെട്ടതായി ടി.ജെ.ജോസ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്‌മയുടെ പുതിയ ഉദാഹരണമായി സംഭവം വ്യാഖ്യാനിക്കപ്പെടുന്നു. താനും തന്റെ പ്രൈവറ്റ് സെക്രട്ടറിയും സരിതയുമായി നടത്തിയ ഫോണ്‍ സംഭാഷണം ചോര്‍ന്നത് ജോസില്‍ നിന്നാണെന്ന് തിരുവഞ്ചൂര്‍ സംശയിക്കുന്നു. ചെന്നിത്തല ഉള്‍പ്പടെയുള്ളവരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നത് ഇതിന് പിന്നാലെയാണ്, ടി.ജെ. ജോസ് മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായാണ് അറിയപ്പെടുന്നത്. അദ്ദേഹത്തെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ്. എന്നാല്‍ തിരുവഞ്ചൂര്‍ ജോസിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.
ജോസിനെതിരെ നടപടിയെടുക്കണമെന്ന് ഡി.ജി.പി. കെ.എന്‍. ബാലസുബ്രഹ്മണ്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു ആവശ്യമുയര്‍ന്നത്, എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മൗനം പാലിച്ചു.
പോലീസിലെ ചില ഉന്നതര്‍ മുഖ്യമന്ത്രിയോട് കൂടുതല്‍ കൂറ് കാണിക്കുന്നുണ്ടോ എന്ന സംശയം തിരുവഞ്ചൂരിന് കുറച്ച് നാളായുണ്ട്. താന്‍ പിന്തുടരുന്ന നിഷ്‌പക്ഷ നിലപാടിന് മുഖ്യമന്ത്രിയില്‍ നിന്നും പിന്തുണ കിട്ടുന്നില്ലെന്ന പരാതിയും തിരുവഞ്ചൂരിനുണ്ട്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് കാരണം മെല്ലെപോക്ക് നയം സ്വീകരിക്കാനാണ് പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കുന്നതെന്നറിയുന്നു. ആഭ്യന്തരം തന്നില്‍ നിന്നും ഒഴിവാക്കാന്‍ മുഖ്യമന്ത്രി ശ്രമം നടത്തിയാല്‍ പ്രതിരോധിക്കാനാണ് തിരുവഞ്ചൂരിന്റെ നീക്കം-.
https://www.facebook.com/Malayalivartha