എല്ലാം സോളാറിനു പിന്നാലെ; സംസ്ഥാനത്ത് ക്രമസമാധാനം ഉള്‍പ്പെടെ കാര്യക്ഷമമല്ല
സംസ്ഥാനത്തെ ഭരണ-രാഷ്‌ട്രീയ നേതൃത്വങ്ങളും പൊലീസും സോളാര്‍ വിവാദത്തിനു പിന്നാലെ പായുന്നതിനാല്‍ ക്രമസമാധാനവും ദുരുതാശ്വാസ പ്രവര്‍ത്തനവും ഉള്‍പ്പെടെ താറുമാറിലായി. ലോക്കല്‍ പോലീസിനെ ജില്ലകളിലെ പ്രതിഷേധങ്ങള്‍ക്കും മന്ത്രിമാരുടെ പരിപാടികളുടെ സുരക്ഷയ്‌ക്കും വിന്യസിച്ചിരിക്കുകയാണ്. തലസ്ഥാന ജില്ലയിലാണ് ഇത് കൂടുതല്‍. സെക്രട്ടേറിയറ്റിലും നിയമസഭയ്‌ക്ക് മുന്നിലും നടന്ന സമരങ്ങള്‍ക്കിടെ അക്രമം നടത്തിയവരെ കണ്ടെത്തുകയാണ് ഇവിടങ്ങളിലെ പൊലീസിന്റെ പ്രധാന പണി.
അക്രമം നടത്തിയവരുടെ ചിത്രങ്ങള്‍ എല്ലാ ലോക്കല്‍ സ്‌റ്റേഷനുകളിലേക്കും അയച്ചു കൊടുത്തിട്ടുണ്ട്. അതില്‍ നിന്ന് പ്രതികളെ പിടികൂടാനാണ് നിര്‍ദ്ദേശം. സമരം നേരിടാനും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാനും സമയം തികയാത്തതിനാല്‍ നൈറ്റ് പട്രോളിംഗ് പലയിടങ്ങളിലും നടക്കുന്നില്ല. വിവിധ ജില്ലകളിലായി സമരത്തിനിടെ നൂറോളം പൊലീസുകാര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്.
ജയില്‍ ചാടിയ റിപ്പര്‍ ജയാനന്ദനെ അടക്കം പിടികൂടാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മറ്റ് ചുമതലകള്‍ നല്‍കി. ആഭ്യന്തരസുരക്ഷയ്‌ക്കായി ഇന്റലിജന്‍സില്‍ നിന്നും നിയോഗിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരോട് പ്രതിപക്ഷസമരങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡി.വൈ.എഫ്.ഐയുടെ വനിതാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് വീഴ്‌ച പറ്റിയെന്നാണ് വിലയിരുത്തല്‍. മഫ്‌തിയിലും മറ്റും ധാരാളം പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. കാലവര്‍ഷക്കെടുതിയുടെ കണക്കെടുപ്പുകള്‍ പൂര്‍ത്തിയായെങ്കിലും ഇത് സംബന്ധിച്ച ഫയലുകള്‍ പൂര്‍ത്തിയായില്ല. ജില്ലാതല ചുമതലയുള്ള മന്ത്രിമാര്‍ ഇത്സംബന്ധിച്ച് യോഗങ്ങള്‍ പോലും വിളിച്ചിട്ടില്ല. അതിനാല്‍ കേന്ദ്രസഹായം വൈകുമെന്ന് ഉറപ്പായി. വിലക്കയറ്റം രൂക്ഷമായിട്ടും പൊതുവിപണിയില്‍ ഇടപെടാന്‍ സിവില്‍ സപ്‌ളൈസ് വകുപ്പും സഹകരണവകുപ്പും തയ്യാറായിട്ടില്ല. സാധാരണ മന്ത്രിമാര്‍ ഇക്കാര്യങ്ങളില്‍ പെട്ടെന്ന് ഇടപെടുന്നതാണ്. എന്നാല്‍ ഒരു മാസമായി സോളാര്‍ ചുഴിയിലാണ് എല്ലാവരും. മുല്ലപ്പെരിയാര്‍ അടക്കമുള്ള ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. ഇതിനനുസരിച്ചുള്ള സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാനോ, കാര്യങ്ങള്‍ വിലയിരുത്താനോ ഇതുവരെ കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha