പി.സി ജോര്‍ജ് ചെന്നിത്തലയ്‌ക്കൊപ്പം
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്‌തനായിരുന്ന ചീഫ് വിപ്പ് പി.സി ജോര്‍ജ് മറുകണ്ടം ചാടി. സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പരുങ്ങലിലായതോടെയാണ് പി.സി ജോര്‍ജ് ചെന്നിത്തലയുടെ കൂടാരത്തിലേക്ക് ചേക്കേറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും എതിരെ കടുത്ത വിമര്‍ശനങ്ങള്‍ തൊടുത്തുവിട്ടത് ഇതിന്റെ ഭാഗമായാണ്. ഉടനെയല്ലെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഉമ്മന്‍ചാണ്ടി സ്ഥാനം ഒഴിയും. അതു കൂടി മുന്നല്‍ കണ്ടാണ് ജോര്‍ജ് പുതിയ ലാവണം തേടിയത്. സരിതയുടെ തട്ടിപ്പിനിരയായ 54 പേരുടെ പട്ടിക തന്റെ പക്കലുണ്ടെന്ന് ജോര്‍ജ് ഇന്നലെ പറഞ്ഞതും ശ്രദ്ധേയമായി.
പാമോലിന്‍ കേസില്‍ വിജിലന്‍സ് കോടതി ഉമ്മന്‍ചാണ്ടിക്കെതിരെ പരാമര്‍ശം നടത്തിയപ്പോഴാണ് ജോര്‍ജ് ആദ്യം അദ്ദേഹത്തിന്റെ രക്ഷകനായി അവതരിച്ചത്. കോടതിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ജോര്‍ജ് രാഷ്‌ട്രപതിക്ക് കത്തയച്ചത് വലിയ വിവാദമായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഔദ്യോഗിക ലെറ്റര്‍പാഡില്‍ കത്തെഴുതിയതെന്ന് ആരോപണവും ഉണ്ടായി. മന്ത്രിലായിരുന്ന ടി.എം.ജേക്കബ് അന്തരിച്ചപ്പോള്‍ സര്‍ക്കാര്‍ ഏത് സമയവും വീഴാമെന്ന സ്ഥിതിയിലായി. ആ സമയത്താണ് നെയ്യാറ്റിന്‍കര എം.എല്‍.എ ശെല്‍വരാജിനെ ജോര്‍ജ് ചാക്കിട്ട് രാജിവപ്പിച്ചു. എന്നിട്ട് യു.ഡി.എഫ് ടിക്കറ്റ് നല്‍കി മല്‍സരിപ്പിച്ച് വിജയിപ്പിച്ചു. ടി.എം ജേക്കബിന്റെ മണ്ഡലത്തില്‍ നിന്ന് മകന്‍ അനൂപും ജയിച്ചു. അതോടെ സര്‍ക്കാര്‍ സുസ്ഥിരമായി. ജോര്‍ജും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായി.
ജോര്‍ജ് പ്രതിപക്ഷനേതാക്കളെ കുറിച്ചും മന്ത്രിയായിരുന്ന കെ.ബി ഗണേഷ്‌കുമാറിനെയും കോണ്‍ഗ്രസ് എം.എല്‍.എമാരെ കുറിച്ചും മോശമായ പരാമര്‍ശങ്ങള്‍ നടത്തിയതോടെ യു.ഡി.എഫിലെ പലരും അദ്ദേഹത്തിനെതിരെ തിരിഞ്ഞും. മന്ത്രി ഗണേഷ്‌കുമാറിനെ കാമുകിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന് ആദ്യം വെളിപ്പെടുത്തിയത് ജോര്‍ജായിരുന്നു. അന്ന് ജോര്‍ജിനെ ചെന്നിത്തല വിമര്‍ശിച്ചപ്പോഴും ഉമ്മന്‍ചാണ്ടി മൗനംപാലിച്ചു. സോളാര്‍ തട്ടിപ്പിന്റെ വിശദാംശങ്ങള്‍ തുടക്കം മുതല്‍ ജോര്‍ജിന് അറിയാമായിരുന്നു. പക്ഷെ, അദ്ദേഹം യാതൊരു പ്രസ്‌താവനകളും നടത്തിയില്ല. എന്നാല്‍ പ്രശ്‌നം രൂക്ഷമായതോടെ അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ നീങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha