സോളാര്‍; തട്ടിയെടുത്ത പണത്തെക്കുറിച്ച് അന്വേഷിക്കുന്നില്ല
ടീം സോളാറിന്റെ പേരില്‍ സരിതാ എസ്.നായരും ബിജുരാധാകൃഷ്‌ണനും ശാലുമേനോനും ചേര്‍ന്ന് തട്ടിയെടുത്ത പണം എവിടെയാണെന്ന് പൊലീസ് അന്വേഷിക്കുന്നില്ല. തട്ടിപ്പിനിരയായവരുടെയെല്ലാം വിവരങ്ങളും അന്വേഷണ പരിധിയിലില്ല. കൂടുതല്‍ പേര്‍ പരാതിയുമായി വരാതിരിക്കാന്‍ പണം നിക്ഷേപിച്ചവരുടെ വരുമാന സ്രോതസിനെ കുറിച്ച് അന്വേഷിക്കാനും തുടങ്ങി. ഭരണനേതൃത്വത്തിലുള്ളവരുടെ ഇടപെടല്‍ കൊണ്ടാണ് അന്വേഷണം സ്വതന്ത്രമായി നടക്കാത്തതെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ് ആരോപിച്ചു.
പണം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ മുടക്കിയെന്ന് സരിതയുടെ അമ്മ പറഞ്ഞെങ്കിലും അതിന്റെ വിശദവിവരങ്ങള്‍ ലഭ്യമല്ല. അതേസമയം പൊലീസ് കസ്റ്റഡിയില്‍ ഇരുന്ന് സരിത പരാതിക്കാരായ പലരെയും ഫോണില്‍ വിളിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുന്നുമുണ്ട്. പണം വിദേശത്തേക്ക് കടത്തിയതായും അറിയുന്നു. എന്നാല്‍ പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിനടക്കം വലിയ തുക സംഭാവന നല്‍കിയ സരിതയെ രക്ഷിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
തട്ടിപ്പിന്റെ പ്രധാന ആസൂത്രകനായ ബിജു രാധാകൃഷ്‌ണന്‍ ആരെയൊക്കെ വിളിച്ചു, ഏതൊക്കെ മന്ത്രിമാരും ഉദ്യോഗസ്ഥരും നേതാക്കളുമായി ബിജുവിന് ബന്ധമുണ്ടായിരുന്നു തുടങ്ങിയവിവരങ്ങളും അന്വേഷിക്കുന്നില്ല. ഇക്കാര്യങ്ങള്‍ തല്‍ക്കാലും അന്വേഷിക്കണ്ടെന്നാണ് ഉന്നതതല നിര്‍ദ്ദേശം. അന്വേഷണത്തിന്റെ ഭാഗമായി ശാലുമേനോന്റെ വീട്ടില്‍ നിന്ന് എട്ട് പവന്റെ ആഭരണങ്ങളും ഒരു കാറും മാത്രമാണ് പൊലീസ് കണ്ടെടുത്തത്. 25 ലക്ഷത്തോളം രൂപ ബിജു തന്നതായി ശാലു പൊലീസിന് മൊഴിയും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ പണം നഷ്ടപ്പെട്ട ഭൂരിപക്ഷം പേര്‍ക്കും ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. ഇതും ആ സ്ഥിതിയിലെത്താണ് സാധ്യത.
https://www.facebook.com/Malayalivartha