കേരളത്തിന് പ്രതീക്ഷ വേണ്ട, ഗാഡ്‌കില്‍ സമിതിയ്‌ക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണലില്‍ കേരളം നല്‍കിയ ഹര്‍ജി തള്ളി
കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു കൊണ്ട് പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്‌കില്‍ സമിതി ശുപാര്‍ശക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണലില്‍ കേരളം നല്‍കിയ ഹര്‍ജി തള്ളിക്കളഞ്ഞു. ഗാഡ്ഗില്‍ സമിതി ശുപാര്‍ശകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന്‍ ഹര്‍ജി നല്‍കിയിരുന്നു. അത് തള്ളണമെന്ന കേരളത്തിന്റെ ആവശ്യമാണ് ഹരിത ട്രിബ്യൂണല്‍ നിരസിച്ചത്.
കേരളത്തിന്റെ ആവശ്യം നിരസിച്ചുകൊണ്ട് ഗോവ ഫൗണ്ടേഷന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ തീരുമാനിച്ചു. പശ്ചിമഘട്ട മലനിരകളുടെ പരിസ്ഥിതിയും അവിടുത്തെ ജൈവവൈവിധ്യവും സംരക്ഷിക്കപ്പെടേണ്ടതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല എന്നും ട്രിബ്യൂണല്‍ അഭിപ്രായപ്പെട്ടു. ഫൗണ്ടേഷന്റെ ഹര്‍ജി ട്രൈബ്യൂണലില്‍ നിലനില്‍ക്കുന്നതല്ലെന്ന് കേരളത്തിനുവേണ്ടി ഹാജരായ പ്രസിദ്ധ അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാലും സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജോജി സ്‌കറിയയും വാദിച്ചു. മാധവ് ഗാഡ്ഗില്‍ സമിതിയുടെ റിപ്പോര്‍ട്ടിന് ഉപദേശക സ്വഭാവം മാത്രമാണുള്ളതെന്നും കേരളം വ്യക്തമാക്കി.
ഉപദേശക സ്വഭാവമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കാന്‍ ട്രൈബ്യൂണലിന് അധികാരമില്ലെന്നും കേരളം ചൂണ്ടിക്കാട്ടി. നിര്‍ദേശം നല്‍കാന്‍ അത് നിയമമാകണമെന്നും കേരളം വാദിച്ചു.
കേരളത്തിന്റെ ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ്, ഗോവ ഫൗണ്ടേഷന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha