സരിത നായരുടെ ഫോണ്‍ രേഖകള്‍ ചോര്‍ത്തിയ ഐ.ജി ടി.ജെ ജോസിന്റെ പേരില്‍ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍
സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത നായരുടെ ഫോണ്‍ രേഖകള്‍ ചോര്‍ത്തിയ ഐ.ജി ടി.ജെ ജോസിന്റെ പേരില്‍ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍. ജോസിനെതിരെ നടപടി വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
നടപടി വേണമെന്ന ഇന്റലിജന്‍സ് മേധാവി സെന്‍കുമാറിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നാണ് ആഭ്യന്തമന്ത്രിയുടെ നിലപാട്. എന്നാല്‍ മുഖ്യമന്ത്രി ഇതുവരെയും മനസ് തുറന്നിട്ടില്ല. മുഖ്യമന്ത്രിയുമായി ആഭ്യന്തരമന്ത്രി ആശയവിനിമയം നടത്തിയതായി അറിയുന്നു.
ജോസിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ആഭ്യന്തരമന്ത്രിയുടെ ആവശ്യം. ആഭ്യന്തരമന്ത്രിയെയും മറ്റ് മന്ത്രിമാരെയും സരിത വിളിച്ചെന്നും തിരിച്ചുവിളിച്ചെന്നുമുള്ള രേഖകള്‍ ജോസ് ചോര്‍ത്തി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന് കൈമാറിയെന്നാണ് ആരോപണം.
അതേസമയം ഫോണ്‍ രേഖകള്‍ ആദ്യം ചോര്‍ന്ന തലശ്ശേരി പോലീസ്‌സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വന്നേക്കും. മുഖ്യമന്ത്രിയുടെ സ്റ്റാഫിലുണ്ടായിരുന്ന ടെനിജോപ്പന്റെയും ജിക്കുമോന്റെയും സരിതാസംഭാഷണ സമ്പര്‍ക്കങ്ങളാണ് കൈരളിചാനല്‍ ആദ്യം സംപ്രേക്ഷണം ചെയ്‌തത്. ഇവ ചോര്‍ന്നത് തലശ്ശേരി പോലീസ് സ്റ്റേഷനില്‍ നിന്നുമാണെന്നാണ് ഇന്റലിജന്‍സ് മേധാവിയുടെ നിഗമനം.
ജോപ്പനെതിരെ ആഭ്യന്തരവകുപ്പ് സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രകോപിച്ചതിനെ തുടര്‍ന്നാണ് ഐ.ജി. ജോസില്‍ നിന്നും ആഭ്യന്തരമന്ത്രിയുമായുള്ള സരിതയുടെ ഫോണ്‍ സമ്പര്‍ക്കം മുഖ്യമന്ത്രിയുടെ ഓഫീസ് ചോര്‍ത്തിയത്. ഫോണ്‍ നമ്പര്‍ രേഖകള്‍ അന്വേഷണത്തിന് ആവശ്യമില്ലെന്ന് കണ്ട് താന്‍ നശിപ്പിച്ചതായാണ് ടി.ജെ. ജോസ് നല്‍കിയിരിക്കുന്ന വിശദീകരണം. ഇത് ശരിയാണെന്നാണ് പോലീസിലെ ഉന്നതരുടെ പക്ഷം.
മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ ഓഫീസുമായും ഐ.ജി ടി.ജെ ജോസിന് അടുത്ത ബന്ധമുണ്ട്. ഐ ജി ക്കെതിരെ ആഭ്യന്തരമന്ത്രിക്ക് മാത്രം നടപടിയെടുക്കാനാവില്ല. ഐ പി എസ് ഉദ്യോഗസ്ഥനായ ജോസിനെതിരെ നടപടിയെടുക്കണമെങ്കില്‍ പൊതുഭരണ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയറിയണം. തന്റെ ഓഫീസിന് ചില വിവരങ്ങള്‍ കൈമാറിയതിന്റെ പേരില്‍ ജോസിനെതിരെ നടപടിയെടുക്കുവാന്‍ മുഖ്യമന്ത്രി തയ്യാറാവുകയില്ല. എന്നാല്‍ ഡി.ജി.പി കെ എസ് ബാലസുബ്രഹ്മണ്യം ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ജോസ് അച്ചടക്കം ലംഘിച്ചെന്നും അതിനാല്‍ നടപടി വേണമെന്നുമുള്ള അഭിപ്രായക്കാരാണ്. ജോസിനെതിരെ നടപടി വേണമെന്ന അഭിപ്രായക്കാരാണ് ആഭ്യന്തമന്ത്രിയും.
https://www.facebook.com/Malayalivartha