കോണ്‍ഗ്രസിന് ജംബോവക്താക്കള്; വാദങ്ങള്‍ക്കായി ഇരുട്ടില്‍തപ്പുന്നു
സര്‍ക്കാറിനെതിരെ ജനവികാരം ശക്തമാകുമ്പോള്‍ ഭാരവാഹി പട്ടികയുടെ മാതൃകയില്‍ കോണ്‍ഗ്രസ് വക്താക്കളുടെ ജംബോ പട്ടികക്ക് രൂപം നല്കി. അഞ്ച് വാര്‍ത്താചാനലുകള്‍ മാത്രമുള്ള കേരളത്തില്‍ ആറ് വക്താക്കളെയണ് കോണ്‍ഗ്രസ് നിയമിച്ചിട്ടുള്ളത്. ഇവരുടെ പരിശീലനം ഡല്‍ഹിയില്‍ തുടങ്ങി.
എം.എം. ഹസ്സന്, ജോസഫ് വാഴയ്ക്കല്‍, പന്തളം സുധാകരന്, അജയ് തറയില്‍, പി.സി. വിഷ്ണുനാഥ് , രാജ്മോഹന്ഉണ്ണിത്താന് എന്നിവരെയാണ് കോണ്‍ഗ്രസിന്റെ വക്താക്കളായി അധ്യക്ഷന്‍ രമേശ് ചെന്നിത്തല നിയോഗിച്ചിട്ടുള്ളത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാര്‍ട്ടിയുടെ നയപരിപാടികള്‍ വിശദീകരിക്കുകയാണ് ഇവരുടെ പ്രധാന ജോലി. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ മേല്‍നോട്ടവും ഇവര്‍ക്കായിരിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വക്താക്കളുടെ പരിശീലനം 21 മുതല്‍ 23 വരെ ഡല്‍ഹിയില്‍ നടക്കും. സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഇവരെ അഭിസംബോധന ചെയ്യും.
എന്നാല്‍ സോളാര്‍ വിഷയത്തില്‍ കത്തിയമര്‍ന്ന കോണ്‍ഗ്രസിന്റെ ഇമേജ് എങ്ങനെ നന്നാക്കുമെന്ന കാര്യത്തില്‍ വക്താക്കള്‍ക്ക് യാതൊരു രൂപവുമില്ല. അപമാനവും അപകീര്‍ത്തിയും സഹിച്ച് താന്‍ അധികാരത്തില്‍ തുടരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെകുറിച്ച് ഒരു വക്താവ് പ്രതികരിച്ചത്;എന്തിന് ഇങ്ങനെ തുടരണം എന്നാണ്.
എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ സോളാര്‍ വിഷയം തനിയെ കത്തിയമരുമെന്നും വക്താക്കള്‍ വിശ്വസിക്കുന്നു. സോളാര്‍ വിഷയം ചാനലുകള്‍ വിട്ടാല്‍ തത്കാലം രക്ഷപ്പെട്ടെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ഓരോ ദിവസവുമായി പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ വക്താക്കളെ ശരിക്കും ഭയപ്പെടുത്തുന്നുണ്ട്.
വക്താക്കള്‍ക്കിടയില്‍ ഗ്രൂപ്പ് യുദധവും അലയടിക്കാനിടയുണ്ടെന്ന് കരുതുന്നു. എ ഐ ഗ്രൂപ്പുകള്‍ക്ക് തുല്യപ്രാധാന്യമുള്ള പാനലില്‍ സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വക്താക്കള്‍ ശ്രമിച്ചാല്‍ അത് കൂടുതല്‍ വിനയാകും. ഉമ്മന്‍ചാണ്ടിയെ അനാവശ്യമായി സംരക്ഷിക്കേണ്ടെന്ന് ചില ഐ ഗ്രൂപ്പ് വക്താക്കള്‍ക്കുണ്ട്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നതാണ് കോണ്‍ഗ്രസിന് നല്ലതെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഉമ്മന്‍ചാണ്ടി ഉന്നതസ്ഥാനത്തിരിക്കുമ്പോള്‍ തങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന വാദങ്ങള്‍ക്ക് വേണ്ടത്ര ശക്തി കിട്ടില്ലെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.
https://www.facebook.com/Malayalivartha