ഭയാനകം റിപ്പോര്‍ട്ട്... മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച് തൂങ്ങിക്കിടന്നവരേയും കൊണ്ട് വിമാനം പറന്നുയര്‍ന്നപ്പോള്‍ ചിതറിവീണ് മനുഷ്യ കൂട്ടങ്ങള്‍; അമേരിക്കന്‍ സൈനിക വിമാനത്തിന്റെ ചക്രപ്പഴുതിനുള്ളില്‍ പോലും മനുഷ്യ ശരീരഭാഗങ്ങള്‍; യുഎസ് വ്യോമസേന അന്വേഷണം ആരംഭിച്ചു
മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവമാണ് അഫ്ഗാനിസ്ഥാനില്‍ കണ്ടത്. സ്വന്തം ജീവന്‍ രക്ഷിക്കാനായി ബസില്‍ തൂങ്ങിക്കിടക്കും പോലെയാണ് വിമാനത്തില്‍ തൂങ്ങിക്കിടന്നത്. വിമാനം ഉയരുമ്പോള്‍ പിടിവിടുമെന്ന് അവര്‍ക്ക് അറിയില്ലേയെന്തോ. വിമാന ജീവനക്കാരോ സൈനികരോ അവരെ താഴെയിറക്കാന്‍ ശ്രമിക്കാതെ വിമാനം പറന്നുയര്‍ന്നപ്പോള്‍ പിടിവിട്ട് താഴേക്ക് പതിച്ചവര്‍ നിരവധിയാണ്. എന്തിന് വിമാനത്തിന്റെ ചക്രപ്പഴുതിലും പ്രൊപ്പല്ലറിലും വരെ കയറിയിരുന്നു.
രാജ്യാന്തര വിമാനത്താവളത്തിലെ അമേരിക്കന്‍ സൈനിക വിമാനത്തിന്റെ ചക്രപ്പഴുതിനുള്ളില്‍ മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ യുഎസ് വ്യോമസേന അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച വിമാനത്തില്‍ തൂങ്ങിക്കയറാന്‍ ശ്രമിക്കുന്നതിനിടെ എത്രപേര്‍ കൊല്ലപ്പെട്ടുവെന്നത് അന്വേഷിക്കും.
തിങ്കളാഴ്ച രാവിലെ യുഎസ് വ്യോമസേന വിമാനം (റീച്ച്885) റണ്‍വേ തൊട്ടതും നൂറുകണക്കിനാളുകളാണു വിമാനം വളഞ്ഞ് അതിലേക്കു തൂങ്ങിക്കയറിയത്. ജനക്കൂട്ടം നിയന്ത്രാതീതമെന്നു കണ്ടു വിമാന ജീവനക്കാര്‍ വാതില്‍ അടച്ചു വിമാനത്തിലേക്കു തിരിച്ചുകയറി. ഇതിനിടെയാണു ചിലര്‍ വിമാനച്ചിറകിലും ചക്രപ്പഴുതിലും കയറിയത്. വിമാനം വളഞ്ഞ ആളുകളെ സുരക്ഷാസേന നീക്കം ചെയ്ത് വിമാനം പറന്നുയരാന്‍ ശ്രമിക്കുമ്പോഴാണ് ലാന്‍ഡിങ് ഗീയറില്‍ തടസ്സം കണ്ടത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു അടിഭാഗത്തു വീല്‍വെല്ലിനുള്ളില്‍ മനുഷ്യശരീര ഭാഗങ്ങള്‍ കണ്ടത്.
ആയിരക്കണക്കിനു അഫ്ഗാന്‍ പൗരന്മാരാണു ഞായറാഴ്ച മുതല്‍ വിമാനത്താവളത്തിലേക്കു പ്രവഹിച്ചത്. പല സൈനിക വിമാനങ്ങളും ഇരട്ടിയോളം ആളുകളെ കയറ്റിയാണു പറന്നത്. തിങ്കളാഴ്ച നിര്‍ത്തിവച്ച ഒഴിപ്പിക്കല്‍ നടപടികള്‍ വിവിധ രാജ്യങ്ങള്‍ ചൊവ്വാഴ്ച പുനരാരംഭിച്ചിരുന്നു.
ഇന്നലെയും വിമാനത്താവളത്തിനു പുറത്ത് ആയിരങ്ങളാണു രാജ്യം വിടാനെത്തിയത്. താലിബാന്‍ പരിശോധനയ്ക്കു ശേഷമാണ് ആളുകളെ അകത്തേക്കു കയറ്റിവിട്ടത്. പാസ്‌പോര്‍ട്ടും വീസയും ഇല്ലാത്തവരെ പിരിച്ചയയക്കാന്‍ പലവട്ടം ആകാശത്തേക്കു വെടിയുതിര്‍ത്തു. ഇതിനിടെയാണു തിക്കിലും തിരക്കിലും ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റത്. വിമാനത്താവള കവാടങ്ങളില്‍ രാവു പകലും ആളുകള്‍ തമ്പടിച്ചിരിക്കുകയാണ്. കാബൂളില്‍നിന്നു വിവിധ രാജ്യങ്ങളുടെ സൈനികവിമാനങ്ങള്‍ മാത്രമേ യാത്ര നടത്തുന്നുള്ളു.
അതേസമയം 24 മണിക്കൂറിനിടെ 18 വിമാനങ്ങളിലായി രണ്ടായിരത്തോളം പേരെ ഒഴിപ്പിച്ചെന്ന് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ വക്താവ് ജോണ്‍ കെര്‍ബി ഇന്നലെ അറിയിച്ചു. ഇവരില്‍ 325 പേര്‍ യുഎസ് പൗരന്മാരാണ്.
ദിവസം 9000 പേരെ വരെ ഒഴിപ്പിക്കുകയാണ് യുഎസ് ലക്ഷ്യം. കാബൂള്‍ വിമാനത്താവളത്തിലേക്ക് അഫ്ഗാന്‍കാരുടെ യാത്ര തടയാതിരിക്കാന്‍ താലിബാനുമായി യുഎസ് സേന നിരന്തരം സമ്പര്‍ക്കത്തിലാണെന്നും അറിയിച്ചു. വിമാനത്താവളത്തില്‍ ഇപ്പോഴുള്ളത് 4500 സൈനികരാണ്. ഇനിയും സൈനികര്‍ എത്തും.
സ്‌പെഷല്‍ ഇമിഗ്രന്റ് വീസയ്ക്ക് അപേക്ഷിച്ച അഫ്ഗാന്‍കാരുടെ രേഖകള്‍ പൂര്‍ത്തീകരിക്കുന്ന നടപടിയും പുരോഗമിക്കുകയാണ്. ഇതിനിടെ, അഫ്ഗാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ മാനിക്കണമെന്നാവശ്യപ്പെട്ട് യുഎസും ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും 18 മറ്റു രാജ്യങ്ങളും ഒപ്പിട്ട സംയുക്തത പ്രസ്താവനയും പുറത്തിറക്കി.
"
https://www.facebook.com/Malayalivartha