പേഴ്സില്‍ നിന്നും 1000 രൂപ നീട്ടി നൽകി ആഹാരം കഴിക്കാൻ പറഞ്ഞുവിട്ട അധ്യാപകന്റെ കത്തിയമർന്ന ശരീരം കണ്ട് സ്തംഭിച്ചു; പാഠഭാഗം പകർന്നു നൽകി വിദ്യാർത്ഥികൾക്കൊപ്പം, ചിത്രങ്ങൾ എടുത്തും, പാട്ടുപാടിയും കൂടെ നിന്ന പ്രിയ അധ്യാപകന്റെ വേർപാട് താങ്ങാനാകാതെ വിദ്യാർത്ഥികൾ:- ആത്മഹത്യയ്‌ക്കെതിരായ ചിത്രത്തിൽ അഭിനയിച്ച അദ്ധ്യാപകൻ ജീവനൊടുക്കിയത് 10 വർഷത്തോളം പഠിപ്പിച്ച സ്വന്തം ക്യാമ്പസിലെ ഗ്രൗണ്ടിൽ
പേഴ്സില്‍ നിന്നും 1000 രൂപ നീട്ടി നൽകി ആഹാരം കഴിക്കാൻ പറഞ്ഞുവിട്ട അധ്യാപകന്റെ ചിരിച്ച മുഖം ഇപ്പോഴും മായാതെ നിൽക്കുകയാണ് പ്രിയപ്പെട്ട വിദ്യാർത്ഥികൾക്ക്.
ആത്മഹത്യയ്‌ക്കെതിരെ വിദ്യാർത്ഥിയൊരുക്കിയ ഹ്രസ്വചിത്രത്തിൽ അഭിനയിച്ച അദ്ധ്യാപകൻ തന്നെ കോളേജ് ക്യാമ്പസിൽ ജീവനൊടുക്കിയ ഞെട്ടലിലാണ് സഹ അധ്യാപകരും, വിദ്യാർത്ഥികളും.
കോളേജിലെ എല്ലാ പരിപാടികള്‍ക്കും മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയ സുനിൽ കുമാർ ലോ അക്കാദമി ലോ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട അധ്യാപക സുഹൃത്തായിരുന്നു.
ക്ലാസിൽ സ്ട്രിക്റ്റ് ആണെങ്കിലും, തോളോട് തോൾ ചേർന്ന് സംസാരിക്കാന്‍ വരെ സ്വാതന്ത്ര്യം നല്‍കുന്ന അദ്ധ്യാപകനായിരുന്നു അദ്ദേഹമെന്ന് വിദ്യാർത്ഥികൾ പറയുന്നു.
മിതഭാഷിയായിരുന്ന സുനിൽ കുമാർ എല്ലാ വിദ്യാര്‍ത്ഥികളികള്‍ക്കും രാഷ്ട്രീയഭേദമന്യേ പ്രിയപ്പെട്ട അധ്യാപകനായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പലപ്പോഴും മധ്യസ്ഥനായി മാനേജ്മെന്റ് നിയോഗിച്ചിരുന്നത് സുനില്‍കുമാറിനെയായിരുന്നു.
ഇത്രയേറെ അടുപ്പം കാത്തുസൂക്ഷിച്ച അധ്യാപകന്റെ വേർപാട് ഉൾക്കൊള്ളാൻ ഇതുവരെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടില്ല.
10 വർഷമായി അക്കാഡമിയിലെ അസിസ്റ്റന്റ് പ്രൊഫസറായ, വഴയില എൻ.വി നഗറിൽ ഹൗസ് നമ്പർ 65, ബഥായേലിൽ വാടകയ്‌ക്ക് താമസിക്കുന്ന കോട്ടയം പേരൂർ സ്വദേശി എസ്. സുനിൽ കുമാറാണ് ക്യാമ്പസ് ഗ്രൗണ്ടിൽ ജീവനൊടുക്കിയത്.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് ദേഹത്ത് തീ പടർന്ന് പിടയുന്ന നിലയിൽ സുനിൽകുമാറിനെ കോളേജിൽ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ കണ്ടത്.
തുടർന്ന് വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആര്‍ട്ട് ഫെസ്റ്റ്, യൂണിയന്‍ ഉത്ഘാടനം, ഓണാഘോഷം എല്ലാ പരിപാടികള്‍ക്കും മുന്നില്‍ തന്നെ സുനില്‍ സാറുണ്ടാകുമായിരുന്നു.
മികച്ച ഗായകന്‍ കൂടിയായ സുനില്‍ ഒട്ടുമിക്ക സംഗീതോപകരണങ്ങളും വായിക്കും, എവിടെയെങ്കിലും വിദ്യാർത്ഥികൾ കൂടിനിന്ന് പാട്ടുപാടുന്നുണ്ടെങ്കില്‍ ആ വട്ടത്തിനുള്ളില്‍ സുനില്‍ സാറുമുണ്ടാകുമെന്ന് ഉറപ്പാണെന്ന് വിദ്യാർത്ഥികൾ പറയുന്നു.
ബികോം വിദ്യാര്‍ത്ഥികളുടെ സ്പെഷ്യല്‍ ക്ലാസിനായാണ് സുനിൽ കുമാർ കോളേജിൽ എത്തിയത്. ഒരു മണിക്കൂര്‍ ക്ലാസ് കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും കുട്ടികള്‍ക്ക് ഫോട്ടോ എടുത്തുകൊടുക്കുകയും ചെയ്തിരുന്നു.
പേഴ്സില്‍ നിന്നും 1000 രൂപ നല്‍കുകയും പോയി ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഈ സമയം മുഴുവൻ ബാഗിലുണ്ടായിരുന്നത് പെട്രോളാണെന്ന് തിരിച്ചറിയാൻ കഴിയാതെ പോയ നിരാശയിലാണ് വിദ്യാർത്ഥികൾ.
മരിക്കും മുമ്പ് മണിക്കൂറുകളോളം തങ്ങൾക്കൊപ്പം സന്തോഷത്തോടെ എങ്ങനെ അധ്യാപകന് നില്ക്കാൻ സാധിച്ചുവെന്ന് വിദ്യാർത്ഥികൾ പരസ്പ്പരം ചോദിക്കുന്നു. ഇതര സംസ്ഥാന തൊഴിലാളിയാണ് ഗ്രൗണ്ടില്‍ തീ കത്തുന്നത് കണ്ടത്.
അദ്ദേഹത്തിന്റെ നിലവിളി കേട്ട് തൊട്ടപ്പുറത്ത് രക്ഷാബന്ധന്‍ ആചരിക്കുകയായിരുന്ന എബിവിപി പ്രവര്‍ത്തകരും സ്പെഷ്യല്‍ ക്ലാസിനെത്തിയ ബികോം വിദ്യാര്‍ത്ഥികളും ഓടിയെത്തുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. വിദ്യാർത്ഥിയായ വിനുഭായ് സംവിധാനം ചെയ്ത 'ആട് ജീവിതമേ നന്ദി" എന്ന ഹ്രസ്വചിത്രത്തിലാണ് സുനിൽകുമാർ അഭിനയിച്ചത്.
ചൊവാഴ്‌ച ചിത്രം കാമ്പസിൽ പ്രദർശിപ്പിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ സുനിൽകുമാർ മരണത്തെ സൂചിപ്പിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു. ഇക്കാര്യമടക്കം അന്വേഷിക്കുമെന്ന് പേരൂർക്കട പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha