കാണിക്കവഞ്ചി പൊളിച്ച് മാറ്റണമെന്ന് അദാനി പോര്‍ട്ട് അധികൃതർ; പ്രതിഷേധവുമായി സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ രംഗത്ത്; പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹം
വിഴിഞ്ഞം അദാനി പോര്‍ട്ട് പദ്ധതി പ്രദേശമായ കരിമ്ബളിക്കരയില്‍ കാണിക്കവഞ്ചി പൊളിച്ച് മാറ്റുന്നതിനെച്ചൊല്ലി പ്രതിഷേധം. അദാനി തുറമുഖ പദ്ധതി പ്രദേശത്തുള്ള കരിമ്ബള്ളിക്കര കുരിശടി-കാണിക്കവഞ്ചി മാറ്റി സ്ഥാപിക്കുന്നതിനെതിരെയാണ് ഒരു വിഭാഗം നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പദ്ധതി നിര്‍മാണത്തിനായി കുരിശടി പൊളിച്ചുമാറ്റാന്‍ അദാനി ഗ്രൂപ്പിന് അനുമതി ലഭിച്ചിരുന്നു.
കുരിശടിക്കൊപ്പമുള്ള കാണിക്കവഞ്ചിയുടെ അറ്റകുറ്റപ്പണിക്കായി ഇന്നലെ ഇടവക വികാരിയെത്തിയപ്പോള്‍ പോര്‍ട്ട് പദ്ധതി ചൂണ്ടിക്കാട്ടി അധികൃതര്‍ ഇത് തടഞ്ഞത്. തുടര്‍ന്ന് ഇന്ന് രാവിലെ നടന്ന ചര്‍ച്ചയിലാണ് കുരിശടി പൊളിച്ചുമാറ്റേണ്ടി വരുമെന്ന് സബ് കലക്ടര്‍ മാധവിക്കുട്ടി പ്രദേശവാസികളെ അറിയിച്ചത്. ഇതാണ് പ്രതിഷേധത്തിലേക്ക് വഴി വച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം.
ചര്‍ച്ച പരാജയപ്പെട്ടതോടെ സ്ത്രീകളും കുട്ടികളുമടക്കം നിരവധി വിശ്വാസികള്‍ പ്രദേശത്തേക്ക് എത്തി കൂട്ടപ്രാര്‍ത്ഥന നടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് പോലിസ് ബാരിക്കേഡ് വച്ച് തടഞ്ഞതോടെ പോലിസിനെ മറികടന്ന് കുരിശടിയിലേക്ക് നാട്ടുകാര്‍ കൂട്ടമായി കയറി. തുടര്‍ന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും പ്രദേശവാസികള്‍ സമവായത്തിന് തയാറായിട്ടില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലിസ് സന്നാഹമാണ് സ്ഥലത്തുള്ളത്.
അതേസമയം, ജില്ലാ കലക്ടര്‍ നവ്‌ജ്യോത് ഖോസയുടെയും, വിന്‍സെന്റ് എംഎല്‍എയുടെയും നേതൃത്വത്തില്‍ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ ഇടവക വികാരിയും, വിശ്വാസികളും ചര്‍ച്ച നടത്തുകയാണ്. കാണിക്കവഞ്ചിയുടെ പണി കൂടെ പൂര്‍ത്തികരിക്കണമെന്ന നിലപാടിലാണ് ഇപ്പോള്‍ പ്രദേശവാസികള്‍.
പോര്‍ട്ടിന് പ്രദേശത്തുകാരാണ് ഭൂമി വിട്ടുകൊടുത്തത്. ഇപ്പോള്‍ പോര്‍ട്ടിന്റെ പേര് പറഞ്ഞ് തങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യം ലംഘിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha