ഇരുട്ടില്‍ തപ്പിത്തടഞ്ഞ് ജനം... വാട്‌സാപ്പും ഫേസ്ബുക്കും ഇല്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയാത്ത കാലത്ത് എല്ലാം ഉപേക്ഷിക്കാനൊരുങ്ങി അഫ്ഗാന്‍ ജനത; താലിബാന്‍ പിടികൂടിയാല്‍ പിന്നെ ജീവന്‍ പോലും കാണില്ല; സമൂഹമാധ്യമ പോസ്റ്റുകള്‍ നീക്കി അഫ്ഗാന്‍ പൗരന്‍മാര്‍
വാട്‌സാപ്പും ഫേസ്ബുക്കും ഇല്ലാത്ത ലോകത്തെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ കഴിയില്ല. എന്നാല്‍ അഫ്ഗാന്‍ ജനത അതുള്‍ക്കൊണ്ട് കഴിഞ്ഞു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ പഴയകാല സമൂഹമാധ്യമ ഇടപെടലുകളും പോസ്റ്റുകളും മായ്ക്കാനുള്ള തത്രപ്പാടിലാണ് അഫ്ഗാന്‍ പൗരന്‍മാര്‍. താലീബാന്‍ വാട്‌സാപ്പും ഫേസ്ബുക്കുമെല്ലാം നിരോധിക്കുമോ എന്ന ആശങ്കയുമുണ്ട്.
ഈ പേരില്‍ താലിബാന്റെ നോട്ടപ്പുള്ളിയാകുമോ എന്ന ഭയത്തിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും. യുഎസ് ഏജന്‍സികളുമായി മുന്‍പ് സഹകരിച്ചവരെ താലിബാന്‍ നിരീക്ഷിച്ചേക്കാമെന്ന അഭ്യൂഹത്തിനു പിന്നാലെ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ ഫെയ്‌സ്ബുക്, ലിങ്ക്ഡ്ഇന്‍, ട്വിറ്റര്‍ അടക്കമുള്ള കമ്പനികള്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു
യുഎസ് ഏജന്‍സിയായ യുഎസ്എയ്ഡ് വെബ്‌സൈറ്റുകള്‍, സമൂഹമാധ്യമ അക്കൗണ്ടുകള്‍ എന്നിവയില്‍ നിന്ന് അഫ്ഗാന്‍ പൗരന്മാരുടെ വിവരങ്ങള്‍ നീക്കിത്തുടങ്ങി. യുഎസുമായി സഹകരിച്ച ചിത്രങ്ങളും രേഖകളും അഫ്ഗാനികളും നശിപ്പിക്കുന്നുണ്ട്.
അതേസമയം അഫ്ഗാനിലെ ഇന്ത്യന്‍ എംബസി അടച്ചുപൂട്ടി ഉദ്യോഗസ്ഥര്‍ രാജ്യം വിട്ടതു മൂലമാണ് അവിടെയുള്ള ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ വൈകുന്നതെന്ന ആക്ഷേപം ശക്തമായി. യുഎസ് ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങള്‍ ഏതാനും ഉദ്യോഗസ്ഥരെ എംബസിയില്‍ നിലനിര്‍ത്തി അവരുടെ പൗരന്‍മാരുടെ മടക്കയാത്ര ഏകോപിപ്പിച്ചപ്പോള്‍, ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ആദ്യമെത്തിയ വിമാനങ്ങളില്‍ രാജ്യം വിട്ടതിനെച്ചൊല്ലിയാണ് പരാതി.
ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ താലിബാന്റെ ആക്രമണത്തിനിരയാകാന്‍ സാധ്യതയുണ്ടെന്നു വിലയിരുത്തിയായിരുന്നു ദ്രുതഗതിയിലുള്ള ഒഴിപ്പിക്കല്‍. പാക്കിസ്ഥാന്റെ പിന്തുണയുള്ള താലിബാന്‍ നിയന്ത്രിക്കുന്ന അഫ്ഗാനില്‍ ഇന്ത്യാ വിരുദ്ധ വികാരം ശക്തമാണെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ നിഗമനം. 2008 ല്‍ ഇന്ത്യന്‍ എംബസിക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 58 പേര്‍ കൊല്ലപ്പെട്ടിരുന്നു.
താലിബാന്‍ സംഘം കാബൂള്‍ പിടിച്ചടക്കിയതിനു പിന്നാലെ കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ കാബൂളിലെത്തിയിരുന്നു. എംബസി ഉദ്യോഗസ്ഥര്‍, എംബസിയുടെ സുരക്ഷാ ചുമതലയുള്ള ഐടിബിപി സേനാംഗങ്ങള്‍, സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 4 മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടക്കം 150 പേരെയാണ് ഇന്ത്യയിലെത്തിച്ചത്.
എംബസി അടച്ചുപൂട്ടി അംബാസഡര്‍ ഉള്‍പ്പെടെ രാജ്യം വിട്ടതോടെ രക്ഷയ്ക്കായി ആരെ സമീപിക്കണമെന്നു പോലുമറിയാതെ അവിടെയുള്ള ഇന്ത്യക്കാര്‍ ആശങ്കയിലായി.
അഫ്ഗാനില്‍ എത്ര ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കണക്ക് പോലും എംബസിയുടെ പക്കലില്ലെന്നും പരാതിയുയര്‍ന്നു. ഇന്ത്യക്കാര്‍ വാട്‌സാപ് ഗ്രൂപ്പ് തുടങ്ങിയതോടെയാണ് 290 പേര്‍ അവിടെയുണ്ടെന്നു വ്യക്തമായത്. പിന്നാലെ, ഗ്രൂപ്പിലേക്ക് എംബസിയിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ഉ്യോഗസ്ഥരെ ചേര്‍ത്തു.
ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലിരുന്നാണ് ഇന്ത്യക്കാരുടെ മടക്കയാത്രയ്ക്കുള്ള നടപടികള്‍ ഏകോപിപ്പിച്ചത്. വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിലേക്ക് ഇവരെ എത്തിക്കാന്‍ അഫ്ഗാന്‍ സ്വദേശിയായ ആളെ നിയോഗിച്ചു. എന്നാല്‍, ഹോട്ടലില്‍ ഒരു ദിവസത്തിലധികം കാത്തിരുന്നിട്ടും ഇന്നലെ രാത്രി വരെ യാത്രയ്ക്കു വഴിയൊരുങ്ങാത്തത് ഏകോപനത്തിലെ വീഴ്ച മൂലമാണെന്ന ആക്ഷേപം ശക്തമാക്കി. ഇന്നു രാവിലെയോടെ നാട്ടിലെത്തിക്കാമെന്നാണ് ഇന്ത്യന്‍ സംഘത്തെ ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha