ലോറി ഡ്രൈവറുടെ കാല് തല്ലിയൊടിച്ച കേസിൽ രണ്ട് യുവാക്കള്‍ അറസ്റ്റില്‍; പൂര്‍വ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ്
ലോറി ഡ്രൈവറെ ആക്രമിച്ച് കാല് തല്ലിയൊടിച്ച സംഘത്തിലെ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. കുളത്തൂപ്പുഴ സ്വദേശിയായ ലോറി ഡ്രൈവറെയാണ് സംഘം ആക്രമിച്ചത്. സംഭവത്തില്‍ കുളത്തൂപ്പുഴ വില്ലുമല കുന്നും പുറത്ത് വീട്ടില്‍ ഷംനാദ്, ചോഴിയക്കോട് ഫറൂക്ക് മന്‍സിലില്‍ മുഹമ്മദ് സിദ്ദിഖ് എന്നിവരെയാണ് ചാത്തന്നൂർ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ മാസം 29 നു പുലര്‍ച്ചെയാണ് ഇത്തിക്കര പാലത്തിനു സമീപം ലോറി നിര്‍ത്തി വിശ്രമിക്കുകയായിരുന്ന കുളത്തൂപ്പുഴ സ്വദേശിയായ ഷിബിനെ സംഘം ആക്രമിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള പൂര്‍വ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.
കണ്ണൂരില്‍ നിന്ന് ലോഡുമായി വന്ന ഷിബിനെ അക്രമി സംഘം പിന് തുടരുകയായിരുന്നു. കേസില്‍ നേരത്തെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആയൂരില്‍ ലോറി ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം തുടരുമ്പോഴാണ് ഷിബിന്‍ നേരെയുളള ആക്രമണവും ഉണ്ടായത്. ഒരേ സംഘം തന്നെയാണോ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് ആദ്യം സംശയിച്ചിരുന്നു. ആയൂര്‍ കേസില്‍ നേരത്തെ അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു.
https://www.facebook.com/Malayalivartha