താലിബാന്‍ വന്നതോടെ... നാടുവിടുന്ന അഫ്ഗാന്‍ ജനതയുടെ കഷ്ടപ്പാടുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നു; താലിബാന്റെ വരവില്‍ ജീവിതം ദുസഹമാകുമെന്ന് വ്യക്തമായതോടെ കുഞ്ഞുങ്ങളെയെങ്കിലും രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ അമ്മമാര്‍
മനുഷ്യ മനസാക്ഷിയെ വേദനിപ്പിക്കുന്ന സംഭവമാണ് അഫ്ഗാനില്‍ നടക്കുന്നത്. താലിബാന്‍ ഭരണം പിടിച്ചതോടെ ഭയചകിതരായി നാടുവിടുന്ന അഫ്ഗാന്‍ ജനതയുടെ ദൈന്യതയുടെ നേര്‍സാക്ഷ്യമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ.
താലിബാന്റെ വരവില്‍ ജീവിതം ദുസഹമാകുമെന്ന് വ്യക്തമായതോടെ കുഞ്ഞുങ്ങളെയെങ്കിലും രക്ഷപ്പെടുത്താനുള്ള ഒരുകൂട്ടം അമ്മമാരുടെ ശ്രമമാണ് വിഡിയോയിലുള്ളത്. കാബൂള്‍ വിമാനത്താവളത്തിനു കാവല്‍ നില്‍ക്കുന്ന യുഎസ്, ബ്രിട്ടിഷ് സംയുക്ത സൈന്യത്തെ സുരക്ഷാ മതിലിന് ഇപ്പുറത്തുനിന്ന് ഒരു കുടുംബം കൈക്കുഞ്ഞിനെ ഏല്‍പ്പിക്കുന്നതാണ് വിഡിയോ ദൃശ്യം.
താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയതോടെ രാജ്യം വിടാനുള്ള തത്രപ്പാടില്‍ കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തിലെത്തിയ കുടുംബമാണ് തങ്ങളുടെ കൈക്കുഞ്ഞിനെ മതിലിനു മുകളില്‍ നില്‍ക്കുന്ന യുഎസ് പട്ടാളക്കാരെ ഏല്‍പ്പിച്ചത്. വിമാനത്താവളത്തിന്റെ കവാടങ്ങള്‍ അടച്ചതോടെ ഒട്ടേറെ അമ്മമാരാണ് പരിഭ്രാന്തരായി കുട്ടികളെ യുഎസ്, ബ്രിട്ടിഷ് സൈനികരെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചത്. കുഞ്ഞുങ്ങളെയെങ്കിലും രക്ഷിക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ചായിരുന്നു ഇത്.
താലിബാന്റെ വരവില്‍ ഭയചകിതരായ അഫ്ഗാന്‍ ജനത കൂട്ടത്തോടെ വിമാനത്താവളത്തിലെത്തി നാടുവിടാന്‍ നടത്തുന്ന ശ്രമങ്ങളുടെ ദൃശ്യങ്ങള്‍ ലോക മനഃസാക്ഷിയെ നോവിക്കുന്നതിനിടെയാണ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താനുള്ള അമ്മമാരുടെ ശ്രമം വിഡിയോ ദൃശ്യങ്ങളായി പുറത്തുവരുന്നത്. അതേസമയം, ആരോഗ്യസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം ആ കുഞ്ഞിനെ യുഎസ് സൈനികരെ ഏല്‍പ്പിച്ചതെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി.
'നിങ്ങള്‍ സൂചിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ കണ്ടു. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കള്‍ സൈനികരെ ഏല്‍പ്പിച്ചത്. തുടര്‍ന്ന് സൈനികര്‍ മതിലിനു മുകളില്‍ കയറിനിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി വിമാനത്താവളത്തിനുള്ളിലെ നോര്‍വീജിയന്‍ ആശുപത്രിയിലാക്കി. ചികിത്സ ഉറപ്പാക്കിയശേഷം കുഞ്ഞിനെ മാതാപിതാക്കളെ തിരികെ ഏല്‍പ്പിക്കുകയും ചെയ്തു' എന്നാണ് ജോണ്‍ കിര്‍ബി പറഞ്ഞത്.
താലിബാന്‍ ഭരണം പിടിച്ചതോടെ അഫ്ഗാനിസ്ഥാനില്‍നിന്ന് പൗരന്‍മാരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍. രക്ഷാദൗത്യം തടസ്സപ്പെടുത്താന്‍ ശ്രമിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ താലിബാന് മുന്നറിയിപ്പു നല്‍കിയിരുന്നു. കാബൂള്‍ വിമാനത്താവളം ഇപ്പോഴും യുഎസ് നിയന്ത്രണത്തിലാണ്.
അതേസമയം അഫ്ഗാനിസ്ഥാനിലെ കാബൂളില്‍വച്ചു താലിബാന്‍ സംഘം പിടിച്ചുകൊണ്ടുപോയ 150 ഇന്ത്യക്കാരെ വിട്ടയച്ചു. ഇവര്‍ കാബൂള്‍ വിമാനത്താവളത്തിനു സമീപത്തെ ഗാരേജില്‍ എത്തിയെന്നും ഇവരുടെ പാസ്‌പോര്‍ട്ട്, ടിക്കറ്റ് ഉള്‍പ്പെടെയുള്ളവ പരിശോധിക്കുകയാണ്. ഉടന്‍ ഇന്ത്യയിലേക്ക് പുറപ്പെടുമെന്നാണ് വിവരം. നേരത്തെ, താലിബാന്‍ സംഘം ട്രക്കുകളിലാണ് ഇവരെ ചോദ്യം ചെയ്യാനായി സമീപമുള്ള പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് ഉന്നത സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.
വ്യോമസേനയുടെ സി130ജെ വിമാനം കാബൂളില്‍നിന്ന് 85 ഇന്ത്യക്കാരുമായി കാബൂള്‍ വിമാനത്താവളത്തില്‍നിന്നു പുറപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇന്ത്യക്കാരെ താലിബാന്‍ സംഘം പിടിച്ചുകൊണ്ടുപോയതായി വാര്‍ത്ത പുറത്തുവന്നത്. വിമാനം തജിക്കിസ്ഥാനിലെ ദുഷാന്‍ബെയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ രക്ഷാദൗത്യത്തിനായി മറ്റൊരു വിമാനം കാബൂള്‍ വിമാനത്താവളത്തിലുണ്ടെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha