ദൈവത്തിന് നന്ദി മാത്രം... അഞ്ചാം നിലയിലെ ഫ്‌ലാറ്റില്‍ കുടുങ്ങിയ രണ്ട് വയസുകാരനെ ഫയര്‍ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി; തുടക്കത്തില്‍ നിലവിളിച്ച കുഞ്ഞിന്റെ ശബ്ദം കേള്‍ക്കാതായതോടെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി; അവസാനം രക്ഷപ്പെടുത്തിയതോടെ എല്ലാവര്‍ക്കും ആശ്വാസം
വീട്ടുകാരുടെ അശ്രദ്ധ മൂലം കുട്ടികള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ നിരവധിയാണ്. കുട്ടികള്‍ പല വേലത്തരങ്ങള്‍ കാട്ടുമെന്നതിനാല്‍ ഒരു കണ്ണും കാതും എപ്പോഴും അവര്‍ക്കൊപ്പമുണ്ടാകണം. ഇന്നലെ കാസര്‍ഗോഡും ഉണ്ടായത് ഇത്തരത്തിലുള്ള ഒരു സംഭവമാണ്.
പത്തുനില ഫ്‌ളാറ്റ് സമുച്ചയത്തിലെ അഞ്ചാംനിലയിലെ മുറിയില്‍ കുടുങ്ങിയ രണ്ടുവയസ്സുകാരനെ ആറാംനിലയില്‍നിന്ന് കയര്‍ വഴി തൂങ്ങിയിറങ്ങി അഗ്‌നിരക്ഷാസേന സാഹസികമായി രക്ഷിച്ചു. വിദ്യാനഗറിലെ ഫ്‌ളാറ്റിലാണ് സംഭവം.
സഹോദരിയുടെ ഫ്‌ളാറ്റിലേക്ക് ഓണത്തിന് വിരുന്നെത്തിയതായിരുന്നു കളനാട്ടെ അമ്മയും മകനും. ഞായറാഴ്ച ഫ്‌ളാറ്റിലെ ഓണാഘോഷത്തിന് വീട്ടുകാര്‍ തയ്യാറെടുക്കുമ്പോഴാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് രണ്ടിന് മുറിയില്‍ കയറിയ കുഞ്ഞ് ഉള്ളില്‍നിന്ന് താഴ് അമര്‍ത്തുകയായിരുന്നു. ഇരട്ടത്താഴ് വീണ വാതില്‍ പുറത്തുനിന്ന് തുറക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മുറിയിലേക്കുള്ള പ്രധാന വാതിലാണ് അടഞ്ഞത്. ബാല്‍ക്കണിയിലുള്ള മറ്റൊരു വാതിലിലേക്ക് എത്താന്‍ മറ്റ് മാര്‍ഗവുമുണ്ടായിരുന്നില്ല.
തുടക്കത്തില്‍ നിലവിളിച്ച കുഞ്ഞിന്റെ ശബ്ദം കേള്‍ക്കാതായതോടെ പരിഭ്രാന്തിയിലായ വീട്ടുകാര്‍ കാസര്‍കോട് അഗ്‌നിരക്ഷാസേനയില്‍ വിവരം അറിയിച്ചു. ഉടനെത്തിയ സേനാസംഘം വാതില്‍ തുറക്കാന്‍ കഴിയില്ലെന്ന് മനസിലായതോടെ ആറാം നിലയിലെ ഫ്‌ളാറ്റിലെത്തി. കുഞ്ഞിരിക്കുന്ന മുറിയുടെ നേരെ മുകളിലുള്ള മുറിയുടെ ബാല്‍ക്കണിയിലൂടെ ഫയര്‍മാനായ എം. ഉമ്മര്‍ കയറിട്ട് തൂങ്ങിയിറങ്ങി.
ബാല്‍ക്കണിയില്‍നിന്ന് മുറിയിലേക്കുള്ള വാതില്‍ തുറന്നിരുന്നതിനാല്‍ ഉമ്മറിന് കുട്ടിക്കരികിലേക്ക് പെട്ടെന്ന് എത്താനായി. അപ്പോഴേക്കും കുഞ്ഞ് കരഞ്ഞുതളര്‍ന്ന് ഉറങ്ങിപ്പോയിരുന്നു. കുട്ടിയുടെ പിതാവ് വിദേശത്താണ്. അഗ്‌നിരക്ഷാസേന സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി. പ്രകാശ് കുമാര്‍, അസി. സ്‌റ്റേഷന്‍ ഓഫീസര്‍ കെ.ബി. ജോസ്, പ്രവീണ്‍ കുമാര്‍, വി. ഗോപാലകൃഷ്ണന്‍, ഡി.എല്‍. നിഷാന്ത്, കെ. ഗോപാലകൃഷ്ണന്‍ എന്നിവരാണ് സംഘത്തിലുണ്ടായത്.
കഴിഞ്ഞ ഒരുമാസത്തിനിടെ കാസര്‍കോട് നഗരപരിധിയില്‍ താഴ്‌വീണ് കുടുങ്ങുന്ന മൂന്നാമത്തെ സംഭവമാണിത്. കുട്ടികളെ സംബന്ധിച്ച് ഇത് അപകടകരമാണ്. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സമയം വേണ്ടിവന്നാല്‍ കുട്ടികളെ അത് ബാധിക്കും. വലിയവരും ഇതുപോലെ കുടുങ്ങാറുണ്ട്. ചെറിയ കുട്ടികളുടെ കൈയെത്തും ദൂരത്ത് വാതിലിന്റെ താഴ് വെക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണം. മിക്ക ഫ്‌ളാറ്റുകളിലും പ്രവേശിക്കാന്‍ ഒരു വാതില്‍ മാത്രമാണ് ഉണ്ടാവുക.
മുറിക്കകത്തുനിന്ന് താഴ് വീഴുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നത് നല്ലതല്ല. പ്രായമായവര്‍ക്കുപോലും എതെങ്കിലും സംഭവിച്ചാല്‍ മുറിക്കുള്ളില്‍ പെട്ടുപോകും. മുറിക്കുള്ളില്‍ കുടുങ്ങുന്നതുപോലെ ബാല്‍ക്കണിയില്‍ കുടുങ്ങുന്ന സംഭവങ്ങളും നിരവധിയുണ്ട്. മുറിയില്‍നിന്ന് പുറത്തേക്ക് ചില്ലിന്റെ വാതില്‍ വയ്ക്കുന്നതാണ് ഇതിന് കാരണം. ഇരുവശത്തേക്കും നീക്കാവുന്ന വാതില്‍ ആയതിനാല്‍ പെട്ടെന്ന് താഴ് വീഴും. വീടൊരുക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അപ്രതീക്ഷിത അപകടങ്ങള്‍ ഒഴിവാക്കാനാകും. അത് തന്നെയാണ് രക്ഷാ സേനയ്ക്കും ജനങ്ങളോട് പറയാനുള്ളത്.
https://www.facebook.com/Malayalivartha