അന്ത്യശാസനം നല്‍കിയിട്ടും കീഴടങ്ങാതെ ഏക പ്രവിശ്യയായ പഞ്ച്ശീറില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചു; താലിബാന്‍ സമ്പൂര്‍ണ ആക്രമണം നടത്തിയാല്‍ പഞ്ച്ശീറും പിടിച്ചുനില്‍ക്കില്ല; പഞ്ച്ശീറില്‍ ഒത്തുതീര്‍പ്പിനു താലിബാന്‍ റഷ്യയുടെ മധ്യസ്ഥത തേടി
താലീബാന്‍ അഫ്ഗാന്‍ കീഴടക്കിയെങ്കിലും പിടികൊടുക്കാതെ പഞ്ച്ശീര്‍. താലിബാന്‍ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ തുടരവേ, കീഴടങ്ങാത്ത ഏക പ്രവിശ്യയായ പഞ്ച്ശീറില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചു.
ഉടന്‍ കീഴടങ്ങണമെന്ന താലിബാന്‍ അന്ത്യശാസനം വടക്കന്‍ സഖ്യം നേതാവ് അഹ്മദ് മസൂദ് തള്ളി. പഞ്ച്ശീര്‍ പ്രവിശ്യയോടു ചേര്‍ന്ന മൂന്നു ജില്ലകള്‍ പിടിച്ചതായും സഖ്യം അവകാശപ്പെട്ടു. എല്ലാവര്‍ക്കും പ്രാതിനിധ്യമുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറാകുന്നില്ലെങ്കില്‍ യുദ്ധം അനിവാര്യമായിത്തീരുമെന്ന് മസൂദ് പറഞ്ഞു.
അതിനിടെ, പഞ്ച്ശീറില്‍ ഒത്തുതീര്‍പ്പിനു താലിബാന്‍ റഷ്യയുടെ മധ്യസ്ഥത തേടി. രക്തച്ചൊരിച്ചില്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രശ്‌നത്തിനു രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാമെന്നും താലിബാന്‍ വാഗ്ദാനം ചെയ്തതായി കാബൂളിലെ റഷ്യന്‍ അംബാസഡര്‍ അറിയിച്ചു. കാബൂളിനു വടക്കുള്ള പഞ്ച്ശീറില്‍ സ്ഥാനഭ്രഷ്ടനായ വൈസ് പ്രസിഡന്റ് അമറുല്ല സാലിഹിന്റെയും അഹമ്മദ് മസൂദിന്റെയും നേതൃത്വത്തിലാണു ചെറുത്തുനില്‍പ് തുടരുന്നത്.
ശനിയാഴ്ച കാബൂളിലെത്തിയ താലിബാന്‍ സ്ഥാപക നേതാവ് മുല്ല അബ്ദുല്‍ ഗാനി ബറാദര്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി അടക്കം നേതാക്കളുമായി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടരുന്നു. അഷ്‌റഫ് ഗനി സര്‍ക്കാരില്‍ അംഗമായിരുന്ന മുതിര്‍ന്ന നേതാവ് ഡോ. അബ്ദുല്ല അബ്ദുല്ലയും ചര്‍ച്ചയിലുണ്ട്.
വരും ദിവസങ്ങളില്‍ അഫ്ഗാനിലെ ഇരുപതിലേറെ പ്രവിശ്യകളിലെ മുന്‍ഗവര്‍ണര്‍മാരും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും താലിബാന്‍ കമാന്‍ഡര്‍മാര്‍ ചര്‍ച്ച നടത്തും. രാജ്യത്ത് ആകെ 34 പ്രവിശ്യകളാണുള്ളത്. സുരക്ഷയും സഹകരണവും ഉറപ്പുവരുത്താനാണു കൂടിക്കാഴ്ച. സഹകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും താല്‍പര്യമില്ലാത്ത ഉദ്യോഗസ്ഥര്‍ക്കു രാജ്യം വിടാമെന്നും താലിബാന്‍ വ്യക്തമാക്കി.
ഹിറാത്ത് പ്രവിശ്യയില്‍ സര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശാലകളിലും കോളജുകളിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചുള്ള ക്ലാസുകള്‍ താലിബാന്‍ വിലക്കി. കഴിഞ്ഞയാഴ്ച അധികാരം പിടിച്ചശേഷം താലിബാന്‍ നല്‍കുന്ന ആദ്യ ഉത്തരവാണിത്. സര്‍വകലാശാല അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണു പ്രഖ്യാപനം. 'സമൂഹത്തിലെ എല്ലാ തിന്മകളുടെയും വേരാണ് മിശ്ര വിദ്യാഭ്യാസം' എന്നു താലിബാന്‍ പ്രതിനിധിയും ഉന്നത വിദ്യാഭ്യാസ തലവനുമായ മുല്ല ഫരീദ് പറഞ്ഞു. വനിതാ അധ്യാപകര്‍ക്ക് ഇനി പെണ്‍കുട്ടികളെ മാത്രം പഠിപ്പിക്കാനാണ് അനുമതി. ഹിറാത്ത് പ്രവിശ്യയില്‍ സര്‍ക്കാര്‍ സ്വകാര്യ കോളജുകളില്‍ ആകെ 40,000 വിദ്യാര്‍ഥികളുണ്ട്. 2,000 അധ്യാപകരും.
അതേസമയം അഫ്ഗാനിസ്ഥാനിലെ അവസാന താലിബാന്‍ വിമുക്ത പ്രദേശമായ പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാന്‍ സമ്പൂര്‍ണ ആക്രമണം നടത്തിയാല്‍ സുരക്ഷാ സേന ഏറെ ബുദ്ധിമുട്ടുമെന്നു വിദഗ്ധര്‍. താലിബാന്‍ എല്ലാ ഭാഗത്തുനിന്നും പഞ്ച്ശീറിനെ വളഞ്ഞുവെന്നും അവര്‍ക്ക് അധികകാലം പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്നും സ്വതന്ത്ര ഗവേഷകനായ അബ്ദുല്‍ സെയ്ദ് ഒരു രാജ്യാന്തര മാധ്യമത്തോട് പറഞ്ഞു.
സോവിയറ്റ് അഫ്ഗാന്‍ യുദ്ധം മുതല്‍ പഞ്ച്ശീര്‍ പ്രതിരോധത്തിന്റെ നാടായി തുടരുന്നു. പഞ്ച്ശീറിന്റെ സിംഹം എന്നറിയപ്പെടുന്ന അഹ്മദ് ഷാ മസൂദ് പ്രദേശത്തെ പ്രതിരോധിച്ചു നിര്‍ത്തുന്നു. അഹ്മദ് മസൂദ്, അഫ്ഗാനിസ്ഥാന്റെ താല്‍ക്കാലിക പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച അമറുല്ല സാലിഹ്, ബിസ്മില്ല ഖാന്‍ മുഹമ്മദി എന്നിവരാണ് പഞ്ച്ശീര്‍ പ്രതിരോധത്തിന്റെ നേതാക്കള്‍.
കാബൂള്‍ താലിബാന്‍ കീഴടക്കിയതിനു ശേഷം പഞ്ച്ശീര്‍ പ്രതിരോധം പ്രഖ്യാപിക്കുകയും വടക്കന്‍ സഖ്യത്തിന്റെ പതാക താഴ്‌വരയില്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. പുല്‍ഇഹെസര്‍, ദേഹ് സലാഹ്, ബാനു എന്നിവയുടെ നിയന്ത്രണം ഏറ്റെടുത്തതായി പാഞ്ച്ശീര്‍ പ്രതിരോധകര്‍ അവകാശപ്പെടുന്നു.
https://www.facebook.com/Malayalivartha