കേരളത്തിന്റെ സങ്കടം സുപ്രീം കോടതി കേട്ടു, മുല്ലപ്പെരിയാര്‍ ഡാം ഒലിച്ചു പോയാല്‍ എല്ലാവിധിയും ഒലിച്ചുപോകും, ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം
മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതിയില്‍ അന്തിമവാദം ആരംഭിച്ച ശേഷം തുടര്‍ച്ചയായി രണ്ടാം ദിവസവും കേരളത്തിന്റെ വാദങ്ങള്‍ക്ക് ശക്തിപകരുന്ന നിരീക്ഷണമാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ 2006 ലെ വിധിയടക്കം എല്ലാം ഒലിച്ചുപോകുമെന്ന് സുപ്രീംകോടതി. ഡാമിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കേരളത്തിന് അവകാശമുണ്ട്. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. അതിനായി നിയമം പാസാക്കാനും കേരളത്തിന് അവകാശമുണ്ട്. ജസ്റ്റിസ് ആര്‍.എം ലോധ, എച്ച്.എല്‍ ദത്തു, സി.കെ പ്രസാദ്, മദന്‍ബി ലോക്കൂര്‍, എം.വൈ ഇക്ബാല്‍ എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
2006 ലെ വിധി എല്ലാകാലത്തേക്കും നിലനില്‍ക്കണമെന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിച്ചുകൊണ്ട് സുപ്രീംകോടതി 2006 ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വിധി എപ്പോഴും നിലനില്‍ക്കണമെന്നില്ലെന്നാണ് കോടതി ഇന്ന് പറഞ്ഞത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
അണക്കെട്ട് ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ കേരള തടസ്സപ്പെടുത്തുന്നുവെന്ന് തമിഴ്‌നാട് കുറ്റപ്പെടുത്തി. ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തിയാലും തമിഴ്‌നാടിന് വെള്ളം നല്‍കുമെന്ന് കേരളം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇക്കാര്യം ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha