സോളാറിനെ നേരിടാന്‍ സോഷ്യല്‍ മീഡിയ
സോളാര്‍ വിവാദം ദിവസം തോറും മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കുന്നതിന് മറുമരുന്നായി സോഷ്യല്‍ മീഡിയിലൂടെ ക്യാമ്പയിന്‍ നടത്താന്‍ എ ഗ്രൂപ്പ് തീരുമാനിച്ചു. പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും തങ്ങളുടെ ഭാഗം മുഖ്യമന്ത്രിയും മറ്റ് നേതാക്കന്‍മാരും വിശദീകരിക്കുന്നുണ്ടെങ്കിലും അതിന് ശക്തി പോരാ എന്നാണ് വിലയിരുത്തല്‍. ന്യൂസ് ചാനലുകള്‍ ഒന്നടങ്കം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ തിരിഞ്ഞതിനാല്‍ ചാനലുകള്‍ക്കെതിരെ ഫെയ്‌സ് ബുക്കിലും ട്വിറ്ററിലും പോറ്റുകള്‍ ഇടണമെന്ന് എം.എല്‍.എമാര്‍ക്കടക്കം നിര്‍ദ്ദേശം നല്‍കി.
റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ഫെയ്‌സ് ബുക്കില്‍ പ്രത്യേക പേജ് തന്നെ തുറന്നു. സരിത നികേഷ് കുമാറിനെയും വിളിച്ചെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പത്രസമ്മേളനങ്ങളില്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. തുടര്‍ന്ന് നികേഷ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അതിനു ശേഷമാണ് ശ്രീധരന്‍ നായര്‍ മൊഴിയില്‍ നല്‍കിയ കാര്യങ്ങളടക്കമുള്ള അഭിമുഖം നികേഷ് നേരിട്ട് സംപ്രേക്ഷണം ചെയ്‌തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെയും സര്‍ക്കാരിനെയും ശക്തമാക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ടെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു. പക്ഷെ, മാധ്യമങ്ങളെ ചീത്ത പറയാനല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
യുവ എം.എല്‍.എമാരായ പി.സി വിഷ്‌ണുനാഥ്, ഹൈബി ഈഡന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍ നടക്കുന്നത്. പാര്‍ട്ടി രഹസ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്ക് വയ്‌ക്കരുതെന്ന് ഹൈക്കമാന്‍ഡ് ശക്തമായ നിലപാട് എടുത്തിട്ടുണ്ടെങ്കിലും സോളാര്‍ അടക്കമുള്ള വിഷയങ്ങളിലെ വാര്‍ത്തകള്‍ ഐ ഗ്രൂപ്പും ഘടകകഷി നേതാക്കളുമാണ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത്. ഇതിനെതിരെ യു.ഡി.എഫ് യോഗത്തില്‍ രൂക്ഷമായ വിമര്‍ശനം ഉണ്ടായി.
https://www.facebook.com/Malayalivartha