സരിതയുടെ മൊഴി പുറത്തുവരും മുമ്പേ ഒരു മന്ത്രിക്ക് പണികിട്ടി, അടൂര്‍ പ്രകാശിന്റെ ഫ്‌ളാറ്റില്‍ സരിത 3 മണിക്കൂര്‍ തങ്ങിയതിന്റെ രേഖകള്‍ പുറത്ത്... ഏതുകാര്യവും അന്വേഷിക്കാമെന്ന് മന്ത്രി
സരിതയുടെ മൊഴി ഏത് നിമിഷവും പുറത്തു വരുമെന്നിരിക്കേ പേരുപറയാതെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഒരു മന്ത്രിക്ക് പണി കിട്ടി. എറണാകുളത്ത് വൈറ്റിലയിലെ മൊബിലിറ്റി ഹബ്ബിന് സമീപത്ത് അടൂര്‍ പ്രകാശിന്റെ ഭാര്യയുടെ പേരിലുള്ള ഫ്ലാറ്റില്‍ സരിത എസ്. നായര്‍ മന്ത്രി അടൂര്‍ പ്രകാശിനെ സന്ദര്‍ശിച്ചതിന്റെ രേഖകള്‍ ചാനലുകള്‍ പുറത്തുവിട്ടു. ഫ്ലാറ്റിലെ സന്ദര്‍ശന രജിസ്റ്ററിലെ വിവരങ്ങളനുസരിച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 13ന് മന്ത്രിയുടെ ഫ്ലാറ്റില്‍ ലക്ഷ്മി എന്ന പേരിലാണ് സരിത സന്ദര്‍ശനം നടത്തിയത്. മൂന്നു മണിക്കൂറോളം സരിത അവിടെ ഉണ്ടായിരുന്നു.
ഫ്ലാറ്റിലെ സന്ദര്‍ശന രജിസ്റ്ററിലെ രേഖകള്‍ അനുസരിച്ച്, 2012 മാര്‍ച്ച് 13ന് കാലത്ത് എട്ട് മണിക്കാണ് സരിതയെത്തിയത്. 6 എ നമ്പര്‍ ഫ്ലാറ്റിലേയ്ക്ക് വന്ന സരിത രജിസ്റ്ററില്‍ കുറിച്ച പേര് ലക്ഷ്മി എന്നാണ്. ഇതിനിടെ ഷൈന്‍ എന്നൊരാള്‍ കൂടി അടൂര്‍ പ്രകാശിന്റെ മുറിയിലെത്തിയെങ്കിലും വൈകാതെ മടങ്ങി.
11.30 നാണ് അവര്‍ അവിടെ നിന്ന് മടങ്ങിയതെന്നും സന്ദര്‍ശക രജിസ്റ്ററിലുണ്ട്.
അതേസമയം, രേഖകള്‍ കെട്ടിച്ചമച്ചതാണെന്നും തന്നെ ഒരിക്കലും സരിത സന്ദര്‍ശിച്ചിട്ടില്ലെന്നും മന്ത്രി അടൂര്‍ പ്രകാശ് വിശദീകരിച്ചു. പോലീസിന് വേണമെങ്കില്‍ ഇതിനെക്കുറിച്ച് അന്വേഷണം നടത്താമെന്നും, വാര്‍ത്ത പുറത്തുവിട്ട ചാനലിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. നിരവധി കേസുകള്‍ നേരിടുന്ന ഫ്ലാറ്റുടമയാണ് കെട്ടിച്ചമച്ച ഈ രേഖകള്‍ക്ക് പിന്നിലെന്നും മന്ത്രി പറഞ്ഞു.
താന്‍ നാലോ അഞ്ചോ തവണ മാത്രമാണ് ആ ഫ്ലാറ്റില്‍ താമസിച്ചതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. അതും പിറവം ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനുവേണ്ടി എത്തിയപ്പോഴാണ്. ആ സമയങ്ങളിലെല്ലാം കുറച്ചു സമയം മാത്രമാണ് അവിടെ ചിലവഴിച്ചത്. ആ സമയത്തൊന്നും സരിത അവിടെ വന്നിട്ടില്ല. സരിതയുമായി ഫോണില്‍ സംസാരിച്ചകാര്യം താന്‍ നേരത്തെ സമ്മതിച്ചതാണ്. തെറ്റു ചെയ്യാത്തതിനാല്‍ ഭയമൊന്നുമില്ല. പോലീസിനു വേണമെങ്കില്‍ എന്തു കാര്യവും അന്വേഷിക്കാം അടൂര്‍ പ്രകാശ് പറഞ്ഞു.
https://www.facebook.com/Malayalivartha