സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ പുതിയ വിവാദം, അഭിഭാഷകനെ അനുകൂലിച്ചും മജിസ്‌ട്രേറ്റിനെ വിമര്‍ശിച്ചും വിഎസ്, പിണറായി, കെ. സുരേന്ദ്രന്‍, നിയമ വിദഗ്‌ദ്ധര്‍
സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ നിന്ന് അഭിഭാഷകനെ വിലക്കിയ മജിസ്‌ട്രേറ്റിന്റെ നടപടിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികളും നിയമ വിദഗ്ദ്ധരും രംഗത്ത്. സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരുടെ രഹസ്യമൊഴി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും ഇക്കാര്യം ഹൈക്കോടതി അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. തങ്ങളെയും സംശയിച്ചോളൂ എന്നുപറയുന്ന തരത്തിലുള്ളതാണ് കോടതിയുടെ നിലപാട്. ജുഡീഷ്യറിയുടെ അന്തസ് നിലനിര്‍ത്തുന്നതിനും ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള സംശയം ദൂരീകരിക്കുന്നതിനും ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
രഹസ്യമൊഴി തിരുത്താന്‍ പണച്ചാക്കുകളുമായി പലരും ഇറങ്ങിയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ബെന്നി ബഹനാന്‍, ആന്റോ ആന്റണി, ആര്‍ ബാലകൃഷ്ണപിള്ള എന്നിവരുടെ പങ്ക് അന്വേഷിക്കണം. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം തിരികെ നല്‍കണമെന്ന് ആര്‍ ബാലകൃഷ്ണപിള്ള പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രിസ്ഥാനം നല്‍കുന്നതിന് ഗണേഷ് കുമാറിനുള്ള അയോഗ്യത മറ്റുള്ളവര്‍ക്കും ബാധകമാക്കണമെന്നും പിള്ള പറഞ്ഞു. ഇതേക്കുറിച്ചും വിശദമായ അന്വേഷണം വേണം.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് കോടതി നടപടികളെ വിമര്‍ശിച്ച് സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സരിത എസ്.നായരുടെ അഭിഭാഷകനെ അയോഗ്യനാക്കാന്‍ കോടതിക്ക് അധികാരമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ആരാണ് കേസ് വാദിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് കക്ഷിയല്ലേ എന്നും പിണറായി ചോദിച്ചു. സരിതയുടെ മൊഴിയെഴുതി വാങ്ങുന്നത് വൈകിപ്പിച്ചതില്‍ ദുരൂഹതയുള്ളതായി ആരെങ്കിലും സംശയിച്ചാല്‍ അതിനെ കുറ്റപ്പെടുത്താനാകില്ലെന്ന് പിണറായി പറഞ്ഞു. സാധാരണയായി മൊഴിനല്‍കുമ്പോള്‍ തന്നെ അത് രേഖപ്പെടുത്താറാണ് പതിവ്.
മൊഴി രേഖപ്പെടുത്താത്ത മജിസ്‌ട്രേറ്റിന്റെ നടപടി അപക്വവും തെറ്റുമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. മജിസ്‌ട്രേറ്റിന്റെ നടപടികള്‍ ഹൈക്കോടതി വിജിലന്‍സ് അന്വേഷിക്കണം. മജിസ്‌ട്രേറ്റിന്റെ പൂര്‍വ്വകാല നടപടികളും പക്ഷപാതപരമാണെന്ന് ബിജെപി നേതാവ് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
നടപടി നിലനില്‍ക്കുന്നതല്ലെന്ന് നിയമ വിദഗ്ദ്ധരും പ്രതികരിച്ചു.
https://www.facebook.com/Malayalivartha