സി.ബി.ഐ പ്രതികൂട്ടില്‍; കവിയൂര്‍ കേസിലും, ശശീന്ദ്രന്റേയും മക്കളുടേയും ദുരൂഹ മരണത്തിലും കോടതിയുടെ രൂക്ഷ വിമര്‍ശനം
സ്വതന്ത്ര അന്വേഷണ ഏജന്‍സിയെന്ന് പേരെടുത്ത സി.ബി.ഐ തുടര്‍ച്ചയായി പ്രതികൂട്ടിലാകുന്നു. കവിയൂരിലെ അനഘയുടെ ആത്മഹത്യയിലും മലബാര്‍ സിമന്റസ് സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും ആത്മഹത്യയിലുമാണ് കോടതി വിമര്‍ശനങ്ങള്‍ നേരിട്ട് സി.ബി.ഐയുടെ തല കുനിയുന്നത്.
അനഘയെ അച്ഛന്‍ പീഡിപ്പിച്ചെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. മൂന്നാംവട്ടവും പഴയ നിലപാടില്‍ സിബിഐ ഉറച്ചുനിന്നതോടെ കോടതിയുടെ മട്ടുമാറി. സി.ബി.ഐ ഉദ്യോഗസ്ഥര്‍ ആള് ചമയരുതെന്നും അമിതാവേശം വേണ്ടെന്നും തിരുവനന്തപുരം സി.ബി.ഐ കോടതി ശാസിച്ചു. അനഘയുടെ ആത്മഹത്യ കുറിപ്പില്‍ എന്തുകൊണ്ടാണ് അച്ഛന്റെ പീഡനവിവരം രേഖപ്പെടുത്താത്തതെന്നും കോടതി ചോദിച്ചു. മരിക്കാന്‍ പോകുന്ന ഒരാള്‍ എല്ലാം തുറന്നു പറയും. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച അനഘ അച്ഛന്റെ മോശം പെരുമാറ്റം ആത്മഹത്യാകുറിപ്പെഴുതാത്തത് അത്ഭുതകരമാണെന്നും സി.ബി.ഐ കോടതി പറഞ്ഞു. പിതാവിന്റെ മാനഭംഗശ്രമം നുണക്കഥയാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഇതിന്റെ തൊട്ടുപിന്നാലെയാണ് ശശീന്ദ്രന്റെ ഫയലും കോടതി മടക്കിയത്. ഹൈക്കോടതി നല്‍കിയ ഉത്തരവിന്റെ അന്തസത്തക്ക് നിരക്കാത്തപക്ഷം കേസ് അന്വേഷിച്ചതിന് സി.ബി.ഐയെ കോടതി ശാസിക്കുകയും ചെയ്‌തു. കുറ്റപത്രത്തിലെ വിവരങ്ങള്‍ അപൂര്‍ണമാണെന്നും കോടതി പറഞ്ഞു. ഒട്ടേറെ കാര്യങ്ങളെ കുറിച്ച് സി.ബി.ഐ അന്വേഷിച്ചിട്ടില്ല.
ശശീന്ദ്രന്റെയും മക്കളുടെയും മരണം കൊലപാതകമാണോ എന്ന കാര്യം സി.ബി.ഐ അന്വേഷിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. മരണം കൊലപാതകമാണോ എന്ന് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട ഹൈക്കോടതി ഉത്തരവിനോട് നീതി പുലര്‍ത്താന്‍ സി.ബി.ഐക്ക് കഴിയാത്തതിനെയും കോടതി വിമര്‍ശിച്ചു. മലബാര്‍ സിമന്റ്‌സിലെ കരാറുകാരനായ ചാക്ക് രാധാകൃഷ്‌ണനെ മാത്രം പ്രതിയാക്കിയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിക്കെതിരെ ചുമത്തിയത് ആത്മഹത്യാ പ്രേരണാകുറ്റം മാത്രമാണ്. 2011 ജനുവരി 24 നാണ് ശശീന്ദ്രനും മക്കളും പാലക്കാട്ടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മലബാര്‍ സിമന്റ്‌സിലെ അഴിമതി വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. അഴിമതി പുറത്തു കൊണ്ടു വരുന്നതില്‍ ഓഫീസ് സെക്രട്ടറിയായിരുന്ന ശശീന്ദ്രന്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. രണ്ടു കേസുകളും സി.ബി.ഐയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവയാണ്. രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സി പ്രതികൂട്ടിലായതോടെ തകരുന്നത് സി.ബി.ഐയുടെ വിശ്വാസ്യതയാണ്.
https://www.facebook.com/Malayalivartha