സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരില്ലെന്നത് ദുരൂഹമെന്ന് പിസി ജോര്‍ജ്, മൊഴി അട്ടിമറിച്ചെന്ന് പിണറായി, പണം നല്‍കി സ്വാധീനിച്ചെന്ന് കെ. സുരേന്ദ്രന്‍
സരിതയുടെ പരാതിയില്‍ ഉന്നതരാരും ഉള്‍പ്പെടാത്തതിനെ വിമര്‍ശിച്ച് പല നേതാക്കളും രംഗത്തെത്തി. സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരില്ലെന്ന വാര്‍ത്ത ദുരൂഹമാണെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു. മജിസ്‌ട്രേറ്റിനെയും നീതിന്യായ വ്യവസ്ഥയെ പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന വാര്‍ത്തയാണിത്. ഇക്കാര്യത്തില്‍ മജിസ്‌ട്രേറ്റ് എന്തോ ചെയ്തിട്ടുള്ളതായി സ്വാഭാവികമായും ജനങ്ങള്‍ക്ക് തോന്നുമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
ജനങ്ങളില്‍ സംശയം ഉളവാക്കുന്നതും സര്‍ക്കാരിന് അപമാനമുണ്ടാക്കുന്നതുമായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ജനങ്ങളുടെ ദുരൂഹത മാറ്റാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും ഹൈക്കമാന്‍ഡ് ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും പി സി ജോര്‍ജ് പ്രതികരിച്ചു.
സരിത എസ് നായരുടെ പരാതി അട്ടിമറിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സരിതയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്താത്തതിന് പിന്നില്‍ ദുരൂഹതയുണ്ട്. സരിതയുടെ അഭിഭാഷകനെ കേസ് വാദിക്കുന്നതില്‍ നിന്ന് വിലക്കിയ കോടതി നടപടിയില്‍ ദുരൂഹതയുണ്ട്. കക്ഷി ആവശ്യപ്പെട്ടാല്‍ മാത്രമെ അഭിഭാഷകനെ മാറ്റേണ്ടതുള്ളൂ. എന്നാല്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഉണ്ടാകാത്ത നടപടിയാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്.
മൊഴി അട്ടിമറിക്കാനുള്ള ചില ശക്തികളുടെ ഭാഗമായിട്ടാണ് സരിതയുടെ അമ്മ ജയിലില്‍ സരിതയെ സന്ദര്‍ശിച്ചത്. അമ്മയുടെ ജയില്‍ സന്ദര്‍ശനത്തോടെ പലര്‍ക്കും ആശ്വാസമായി. ഇതിന് പിന്നാലെ മുഖ്യമന്ത്രി പരസ്യമായി ആവേശപ്രകടനം നടത്തി. ശുഭവാര്‍ത്ത കേള്‍ക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത് മൊഴിയെക്കുറിച്ചാണ്. 22 പേജുള്ള പരാതി 4 പേജായി ചുരുങ്ങിയത് ഇതിന്റെ ഭാഗമായാണെന്നും പിണറായി ആരോപിച്ചു.
മൊഴി അട്ടിമറി കൂടി ജുഡീഷ്യല്‍ അന്വേഷണത്തില്‍ വേണം. ജുഡീഷ്യറി കൂടി ഉള്‍പ്പെട്ട വിഷയാണ് ഇതെന്നും പിണറായി പറഞ്ഞു.
സോളാര്‍ കേസില്‍ പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആരോപിച്ചു. സരിതയെ പണം നല്‍കി സ്വാധീനിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിഞ്ഞെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഒരാഴ്ച കൊണ്ടാണ് സരിതയെ സര്‍ക്കാര്‍ സ്വാധീനിച്ചത്.
https://www.facebook.com/Malayalivartha