ലീഗിനും സിപിഎം ക്ഷണം
കേരള കോണ്‍ഗ്രസിനു പിന്നാലെ മുസ്ലീംലീഗിനും സിപിഎം ക്ഷണം. ഉമ്മന്‍ ചാണ്ടിക്ക് പകരം കെഎം മാണിയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട കോടിയേരിക്ക് പിന്നാലെ സിപിഎം നേതാവ് ഇപി ജയരാജനാണ് ലീഗിന് പച്ചക്കൊടി കാണിച്ചിരിക്കുന്നത്.
കേരളത്തില്‍ ഉരുത്തിരിഞ്ഞു വരുന്ന പുതിയ രാഷ്‌ട്രീയ ധ്രുവീകരണത്തിന്റെ പശ്ചാത്തലത്തില്‍ ലീഗും കേരള കോണ്‍ഗ്രസും യുഡിഎഫ് വിട്ട് ജനപക്ഷത്തെത്തണമെന്നാണ് ഇപി ജയരാജന്‍ കണ്ണൂരില്‍ ആവശ്യപ്പെട്ടത്. ജനപക്ഷം എന്ന് ജയരാജന്‍ ഉദ്ദേശിച്ചത് ഇടതുപക്ഷം തന്നെയാണ്.
മന്ത്രിസ്ഥാന മോഹം ലീഗ് ഉപേക്ഷിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. കര്‍ഷക താല്‌പര്യമാണ് ലക്ഷ്യമെങ്കില്‍ മാണി യുഡിഎഫ് വിടണമെന്നും ജയരാജന്‍ ആവര്‍ത്തിച്ചു. ഒരു കേന്ദ്രമന്ത്രി സ്ഥാനത്തേക്കാള്‍ വലുത് മാനാഭിമാനമാണെന്ന് ജയരാജന്‍ പറയാനും മറന്നില്ല.
പണ്ട് ഇഎംസ് ലീഗിന് പിന്തുണ നല്‍കിയത് സിപിഎമ്മില്‍ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കിയിരുന്നു. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ലീഗിനോട് പിണറായി കാണിച്ച മൃദു സമീപനം വിവാദമായിരുന്നു. ഇത്തരം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ലീഗ് ബന്ധം വേണ്ടെന്ന് സിപിഎം തീരുമാനിച്ചിരുന്നതാണ്.
തങ്ങള്‍ക്ക് പോകാന്‍ വേറെ ഇടമുണ്ടെന്ന ലീഗ് നേതാക്കളുടെ പ്രസ്ഥാവന പുറത്തുവന്നിട്ട് അധികം നാളുകളായില്ല. ഇ.പി. ജയരാജന്റെ ക്ഷണംകൂടിയാകുമ്പോള്‍ ലീഗ് നേതാക്കളുടെ പ്രസ്ഥാവന എഴുതിതള്ളാനാവില്ല.
ടി.പി. ചന്ദ്രശേഖരന്‍ വധം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യുഡിഎഫ് സര്‍ക്കാരും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും അധികാരത്തില്‍ തുടര്‍ന്നാല്‍ സിപിഎമ്മിന് ക്ഷീണമുണ്ടാകുമെന്നും അതിനാല്‍ ഏതുവിധേനയും സര്‍ക്കാരിനെ താഴെയിറക്കണമെന്നുമാണ് സിപിഎം നേതാക്കളുടെ കണക്കുകൂട്ടല്‍.
ലീഗിനെ ആനയിക്കാന്‍ സിപിഎം നെട്ടോട്ടമോടുമ്പോള്‍ പതിവുപോലെ ലീഗിനെ പിണക്കാന്‍ ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു.
കോണ്‍ഗ്രസിലെ പ്രതിസന്ധി മുതലെടുക്കാന്‍ ലീഗ് ശ്രമിക്കുന്നതായാണ് കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നത്. അഞ്ചാം മന്ത്രിസ്ഥാനം എന്ന അവകാശം ഉയര്‍ത്തി മുന്നോക്ക സമുദായങ്ങളെ കോണ്‍ഗ്രസില്‍ നിന്നും അകറ്റിയ ശേഷം കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്ക് തീര്‍ക്കാന്‍ ലീഗ് നടക്കുന്നത് വിരോധാഭാസമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വെടക്കാക്കി തനിക്കാക്കുന്ന സ്വഭാവമാണ് ലീഗും കേരള കോണ്‍ഗ്രസും പിന്തുടരുന്നതെന്നും ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha