വീണ്ടും ഉപമുഖ്യമന്ത്രിയിലേക്ക് തന്നെ, ചെന്നിത്തലയോട് കളിച്ചാലുള്ള അനുഭവം ഓര്‍ത്ത് മുസ്ലീംലീഗിനും സമ്മതം, കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ചെറുകക്ഷികള്‍
രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ ചര്‍ച്ച വീണ്ടും ഉപ മുഖ്യമന്ത്രി പദത്തിലേക്കാണ് നീളുന്നത്. ഘടകകക്ഷികളുടെ എതിര്‍പ്പുകള്‍ ഇല്ലാതാക്കി രമേശിനെ ഉപമുഖ്യമന്ത്രി പദത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിന്റെ ആദ്യപടിയായി യുഡിഎഫിലെ പ്രമുഖ കക്ഷികളുടെ നേതാക്കളായ കുഞ്ഞാലിക്കുട്ടിയേയും കെഎം മാണിയേയും മുഖ്യമന്ത്രി കണ്ടിരുന്നു. ചെന്നിത്തലയെ ഉപമുഖ്യമന്ത്രി ആക്കുന്നതിനുള്ള എതിര്‍പ്പ് പഴയതുപോലെ മുസ്ലീംലീഗും കേരള കോണ്‍ഗ്രസും പ്രകടിപ്പിക്കുന്നുമില്ല. മുസ്ലീം ലീഗിലെ ഒരു വിഭാഗത്തിന് ഇപ്പോഴും ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുന്നതിന് എതിര്‍പ്പുണ്ട്. എങ്കിലും ചെന്നിത്തലയെ പിണക്കിയാല്‍ പഴയ അനുഭവങ്ങള്‍ ആവര്‍ത്തിക്കും എന്നറിയാവുന്നതിനാല്‍ അവരും എതിക്കാന്‍ മടിക്കുകയാണ്.
ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ചചെയ്യാനായി കെ.എം മാണിയും കുഞ്ഞാലിക്കുട്ടിയും വെള്ളിയാഴ്‌ചയോടെ ഡല്‍ഹിക്ക് പോകും.
ഇതിനിടെരമേശ് ചെന്നിത്തല എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ എ.കെ ആന്റണിയെ അറിയിച്ചതായി രമേശിന് ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റിന്റെ മാന്യമായ സ്ഥാനങ്ങളോടെ മന്ത്രിസഭയിലെടുക്കണമെന്ന അഭിപ്രായമാണ് എ.കെ.ആന്റണിക്കുള്ളത്. റവന്യു വകുപ്പോട് കൂടിയ ഉപമുഖ്യമന്ത്രി പദം രമേശ് ചെന്നിത്തലക്ക് നല്‍കി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമം.
മാണിയേയും കുഞ്ഞാലിക്കുട്ടിയേയും ഒരുവിധത്തില്‍ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചു കൊണ്ടിരുന്നപ്പോഴാണ് യുഡിഎഫില്‍ പുതിയ പ്രതിസന്ധി ഉണ്ടായത്. മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകളില്‍ അതൃപ്തിയുമായി യുഡിഎഫിലെ ചെറുകക്ഷികള്‍ രംഗത്തെത്തി. ചര്‍ച്ചകളില്‍ തങ്ങളെ ഉള്‍പ്പെടുത്തിയില്ലെന്നാണ് പരാതി. കേരളാ കോണ്‍ഗ്രസ് ജേക്കബ്, സിഎംപി, ജെഎസ്എസ് കക്ഷികള്‍ ഇതുസംബന്ധിച്ച് യുഡിഎഫ് നേതൃത്വത്തിന് പരാതി നല്‍കും.
യുഡിഎഫില്‍ നിന്ന് തങ്ങളെ ഒഴിവാക്കിയെന്ന തോന്നലാണ് ഇപ്പോള്‍ ഉള്ളതെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പറഞ്ഞു. തങ്ങളെ ഒഴിവാക്കി പുനസംഘടിപ്പിച്ച മട്ടാണിപ്പോള്‍. യുഡിഎഫ് എന്നാല്‍ കുഞ്ഞാലിക്കുട്ടിയും മാണിയും മാത്രമാണോ എന്നും ജോണി നെല്ലൂര്‍ പറഞ്ഞു. കൂടുതല്‍ പറയാത്തത് മുന്നണിക്ക് കോട്ടം തട്ടാതിരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലെ തീരുമാനങ്ങള്‍ കണ്‍വീനര്‍ പിപി തങ്കച്ചന്‍ പോലും അറിയുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപ്പിള്ള പറഞ്ഞു. യുഡിഎഫില്‍ തങ്ങള്‍ക്ക് ഇല പുറത്തെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിലെ ഘടകക്ഷികള്‍ എന്നത് പത്രത്തില്‍ മാത്രമാണെന്ന് സിഎംപിയും പ്രതികരിച്ചു.
https://www.facebook.com/Malayalivartha