സോളാര്‍ അന്വേഷണത്തില്‍ ഇടപെടേണ്ടതില്ലെന്ന് ഹൈക്കോടതി, സിബിഐ അന്വേഷണം ആവശ്യപ്പെട്ടയാളോട് പൊതു താല്‍പര്യമെന്തെന്ന് കോടതി
സോളാര്‍ തട്ടിപ്പ് കേസിന്റെ അന്വേഷണത്തില്‍ ഇപ്പോള്‍ ഇടപെടേണ്ട ആവശ്യമില്ലന്ന് ഹൈക്കോടതി. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശി കിഴക്കനേല സുധാകരന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജിയില്‍ എന്താണ് പൊതുതാല്‍പര്യമെന്ന് ഹൈക്കോടതി ആരാഞ്ഞു. ഏതു സാഹചര്യത്തിലാണ് അന്വേഷണം സിബി.ഐയെ ഏല്‍പ്പിക്കേണ്ടതെന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകന് കഴിഞ്ഞില്ല.
കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും തെളിവുകള്‍ ഉണ്ടോയെന്ന ചോദ്യത്തിനും മറുപടി നല്‍കാന്‍ അഭിഭാഷകനായില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരോപണവിധേയരായ ജോലിക്കാര്‍ക്കെതിരെ നടപടി ഉണ്ടായല്ലോ എന്നും ചൂണ്ടിക്കാട്ടി.
ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും സംശയത്തിന്റെ നിഴലിലാണന്നും ഇതു സംബന്ധിച്ച പത്രവാര്‍ത്തകളുണ്ടന്നും അറിയിച്ചുവെങ്കിലും പത്രവാര്‍ത്തകള്‍ തെളിവായി സ്വീകരിക്കാനാവില്ലന്ന് കോടതി വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കിയത്. അന്വേഷണവുമായി പോലീസിന് മുന്നോട്ടുപോകാം. ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha