കേരളം പ്രളയക്കെടുതിയിലേക്ക്, മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും 12 പേര്‍ മരിച്ചു, നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു, റോഡുകള്‍ പലതും തകര്‍ന്നു, താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി
തെക്കന്‍ കേരളത്തില്‍ രണ്ടുദിവസമായി തുടരുന്ന കനത്ത മഴയില്‍ വന്‍നാശനഷ്ടം. മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും ഇടുക്കി ജില്ലയില്‍ 12 പേര്‍ മരിച്ചു, രണ്ടുപേരെ കാണാതായി. റോഡുകള്‍ തകര്‍ന്നതിനാല്‍ മൂന്നാര്‍, രാജാക്കാട് ഉള്‍പ്പടെ ഹൈറേഞ്ചിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്.
അടിമാലിയ്ക്കും നേര്യമംഗലത്തിനും മധ്യേ ചീയപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞാണ് അഞ്ച് പേര്‍ മരിച്ചത്. 30 ഓളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് സംശയിക്കുന്നു. ടൂറിസ്റ്റ് ബസ് അടക്കം മൂന്നുവാഹനങ്ങള്‍ കൊക്കയിലേക്ക് മറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഈപ്രദേശത്ത് തുടര്‍ച്ചയായി മണ്ണിടിഞ്ഞുകൊണ്ടിരിക്കുകയാണ്. കനത്തമഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്. മണ്ണിടിഞ്ഞ് നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.പുഴകള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ കോട്ടയം, എറണാകുളം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി.
കനത്ത മഴയെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചു. വിമാനം തിരുവനന്തപുരത്തേക്കും,കോഴിക്കോട്ടേക്കും തിരിച്ചു വിട്ടു. റണ്‍വേയില്‍ വെള്ളം കയറിയതിനാലാണ് റണ്‍വേ അടച്ചത്. മഴ വെള്ളം കെട്ടി നില്‍ക്കുന്ന റണ്‍വേയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും അപകടകരമാണ്.
വെള്ളം കയറിയതിനെ തുടര്‍ന്ന് കൊച്ചി-മധുര ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. നാലടിയോളം വെള്ളമാണ് ദേശീയ പാതയില്‍ കയറിയിരിക്കുന്നത്. ഇന്നലെ മുതലാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്പെട്ടത്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരും.
https://www.facebook.com/Malayalivartha