മഴയ്‌ക്ക് ശമനമില്ല, അടുത്ത 24 മണിക്കൂറും കൂടി ശക്തമായ മഴയുണ്ടാകും, മഴക്കെടുതിയില്‍ 15 പേര്‍ മരിച്ചു, സൈന്യവും രക്ഷാപ്രവര്‍ത്തനത്തിന്
സംസ്ഥാനത്തുണ്ടായ ശക്തമായ മഴ പല സ്ഥലങ്ങളേയും കാര്യമായി ബാധിച്ചു. കനത്ത മഴയിലും ഉരുള്‍ പൊട്ടലിലും മരിച്ചവരുടെ എണ്ണം പതിനഞ്ച് ആയി. ഇടുക്കിയില്‍ പന്ത്രണ്ട് പേരും എറണാകുളത്ത് രണ്ട് പേരും മരിച്ചു. കായംകുളത്ത് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റോഡുകള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ സൈന്യവും ഏര്‍പ്പെട്ടിരിക്കുകയാണ്.
ചീയപ്പാറയില്‍ മൂന്ന് തവണ ഉരുള്‍ പൊട്ടി. അഞ്ച് പേര്‍ മരിച്ചു. ഇരുപത് പേരെ കാണാതായിട്ടുണ്ട്.
ഇടുക്കിയില്‍ മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ജില്ലയില്‍ വ്യാപകമായി റോഡ് ഗതാഗതം തടസ്സപ്പെട്ടു. കൊച്ചി- ധനുഷ്‌കൊടി ദേശീയപാതയില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. കൊല്ലം- തേനി ദേശീയപാതയില്‍ വണ്ടിപ്പെരിയാറില്‍ ഗതാഗതം തടസ്സപ്പെട്ടു.
കനത്ത മഴയില്‍ മൂന്നാര്‍ ഒറ്റപ്പെട്ടു. കല്ലാര്‍കുട്ടി, ലേവര്‍പെരിയാര്‍, മലങ്കര, പെന്‍മുടി, ചെങ്കുളം അണക്കെട്ടുകള്‍ തുറന്നു. നേര്യമംഗലം- ഇടുക്കി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളത്ത് കാലടി, കാഞ്ഞൂര്‍, കവളങ്ങാട് എന്നിവിടങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. രക്ഷാ പ്രവര്‍ത്തനം വിലയിരുത്താന്‍ അടിയന്തര മന്ത്രിസഭായോഗം 12 മണിക്ക് ചേരും. ഇടുക്കിയില്‍ പൊലീസിന്റെ കണ്‍ട്രോള്‍ റൂം തുറന്നു.
https://www.facebook.com/Malayalivartha