ആന്റണിയുടെ ഒളിപ്പോരില്‍ ഉമ്മന്‍ചാണ്ടി വീണു, പിജെ കുര്യന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ അഹമ്മദ് എന്നിവരുടെ സഹായവും ഉപകരിച്ചില്ല
തന്റെ ഡല്‍ഹി ദൗത്യം പരാജയപ്പെടുത്തിയതിന്റെ സൂത്രധാരന്‍ ആന്റണിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വൈകിയാണ് തിരിച്ചറിഞ്ഞത്. രാഷ്‌ട്രീയ തന്ത്രം തന്നോളം വശമില്ലാത്ത രമേശ് ചെന്നിത്തലയെ പലതവണ മുട്ടുകുത്തിച്ച ഉമ്മന്‍ചാണ്ടി ഇത്തവണ ഘടകക്ഷികളെ ഇളക്കിവിട്ടാണ് ആന്റണിയുടെ മുന്നില്‍ അഭയം തേടിയത്. എന്നാല്‍ സംസ്ഥാനത്തെ രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ അവിടെ പരിഹരിച്ചാല്‍ മതിയെന്ന നിലപാടിലായിരുന്നു പ്രതിരോധമന്ത്രി.
പണി പാളുമെന്ന് മനസ്സിലായ ഉമ്മന്‍ചാണ്ടി നേരെ പി.ജെ കുര്യന്റെ വസതിയിലേക്ക് വണ്ടി വിട്ടു. സൂര്യനെല്ലി കേസില്‍ അദ്ദേഹത്തെ സഹായിച്ചതിനാല്‍ രക്ഷപെടുത്തുമെന്ന് വിശ്വസിച്ചു. സോണിയാ ഗാന്ധിയുമായി ആന്റണിയോളം അടുപ്പമില്ലെങ്കിലും കുര്യന്‍ ഇടപെട്ടാല്‍ രമേശിനെ മന്ത്രിസഭയില്‍ അംഗമാക്കാമെന്നും കരുതി. പക്ഷെ, കാര്യങ്ങള്‍ കുര്യന്റെ കയ്യില്‍ നിന്നില്ല. ഉടനെ ഇ. അഹമ്മദിനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും കണ്ടു, ഗുണമുണ്ടായില്ല.
രമേശിനെ പോലെയല്ല ഉമ്മന്‍ചാണ്ടി, അദ്ദേഹം ശാന്തനായി നിന്ന് വെട്ടിനിരത്തുന്നയാളാണ്. 2004ല്‍ ആന്റണിയെ മുഖ്യമന്ത്രി കസേരയില്‍ നിന്ന് ഇറക്കിവിട്ടത് പോലും ഒരു നിശബ്ദ വിപ്‌ളവത്തിലൂടെയായിരുന്നു. വര്‍ഷങ്ങളായി ആന്റണിയുടെ നിഴലായി നടന്നതാണ് ഉമ്മന്‍ചാണ്ടി. കൂടെ നിന്നവര്‍ പോലും തിരിഞ്ഞ് കുത്തിയെന്ന് ആന്റണി അന്ന് പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തറപറ്റി. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആന്റണി രാജി ഡല്‍ഹിക്ക് വിമാനം കയറി. പിന്നീട് പ്രതിരോധമന്ത്രിയായത് ചരിത്രം. വീണ്ടും ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുന്നു. ആന്റണി കാത്തിരിക്കുകയായിരുന്നു. ഇതുപോലൊരു അവസരത്തിനായി, തന്നെ ചവിട്ടി പുറത്താക്കിയവരോട് കണക്ക് തീര്‍ക്കാന്‍. ഉമ്മന്‍ചാണ്ടിതന്നെ അതിന് വഴിയൊരുക്കി കൊടുത്തു. ഒരു പക്ഷെ, കാലത്തിന്റെ കാവ്യനീതിയായിരിക്കാം.
https://www.facebook.com/Malayalivartha